സ്നേഹവീട് സൗജന്യമായി നിര്‍മിച്ചുനല്‍കും

കോഴിക്കോട് : ജില്ലയില്‍ 2017 ജൂണ്‍ അഞ്ചിനു മുമ്പ് രണ്ടു ലക്ഷം വ്യക്തികള്‍ വൃക്ഷത്തൈകള്‍ നട്ട് www.greencleanearth.org എന്ന വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ ഒരു സ്നേഹവീട് സൗജന്യമായി നിര്‍മിച്ചുകൊടുക്കുമെന്ന് ജിസം ഫൗണ്ടേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയെ ഹരിതാഭമാക്കുന്നതിനും മാലിന്യ മുക്തമാക്കുന്നതിനും കുടുംബശ്രീ ജില്ലാമിഷനും ജിസം ഫൗണ്ടേഷനും ചേര്‍ന്ന് നടപ്പാക്കുന്ന ഗ്രീന്‍ ക്ളീന്‍ കോഴിക്കോട് പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം. വൃക്ഷത്തൈ വീട് പദ്ധതിയുടെ വിശദീകരണവും ഹരിത പുരസ്കാരം ‘എന്‍െറ പൂന്തോട്ടം’ സമ്മാന പദ്ധതിയുടെ ഉദ്ഘാടനവും ശനിയാഴ്ച രാവിലെ 11ന് മറൈന്‍ ഗ്രൗണ്ടിലെ ബില്‍ഡ് എക്സ്പോ സെമിനാര്‍ ഹാളില്‍ നടക്കും. വൃക്ഷത്തൈ നട്ട് ഹരിതപുരസ്കാരം സമ്മാനപദ്ധതിയില്‍ അപ്ലോഡ് ചെയ്യുന്നവര്‍ക്ക് മാത്രമേ ‘എന്‍െറ പൂന്തോട്ടം’ പങ്കെടുക്കാന്‍ യോഗ്യതയുള്ളൂ. നിലവില്‍ നിര്‍മിച്ച പൂന്തോട്ട മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 2016 ഡിസംബര്‍ 31ന് മുമ്പ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ അപ്ലോഡ് ചെയ്യേണ്ടതാണ്. പുതിയ പൂന്തോട്ട മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പൂന്തോട്ടം നിര്‍മിക്കുന്നതിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. പൂച്ചെടി അലങ്കാരം, ഇലച്ചെടി അലങ്കാരം, പുല്‍ത്തകിടി അലങ്കാരം, ഹാഡ് സ്കേപ്പിങ്ങ് എന്നിങ്ങനെ നാല് കാറ്റഗറിയില്‍ മത്സരം നടക്കും. ഫൈനല്‍ റൗണ്ടില്‍ എത്തുന്ന മുഴുവന്‍ പേര്‍ക്കും ഹരിത പുരസ്കാരവും വിവിധ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന കെട്ടിട നിര്‍മാണ വസ്തുക്കളും സമ്മാനമായി നല്‍കും. വിശദ വിവരമടങ്ങിയ സമ്മാനക്കൂപ്പണ്‍ ബില്‍ഡ് എക്സ്പോ സ്റ്റാളില്‍നിന്ന് ലഭിക്കും. കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ സെയ്ദ് അക്ബര്‍ ബാദ്ഷാഖാന്‍, പ്രഫ. ശോഭീന്ദ്രന്‍ മാസ്റ്റര്‍, മുഹമ്മദ് ഇക്ബാല്‍, സുധര്‍മ, ഇ. രതില, അഷ്റഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.