വടകര ബ്ളോക് പഞ്ചായത്ത് ആര്‍ട്ട് ഗാലറി ഉദ്ഘാടനത്തിനൊരുങ്ങി

വടകര: കടത്തനാടിലെ കലാകാരന്മാരുടെ സ്വപ്നമായ ആര്‍ട്ട് ഗാലറി ചോമ്പാലിലെ വടകര ബ്ളോക് പഞ്ചായത്ത് അങ്കണത്തില്‍ ഉദ്ഘാടനത്തിനൊരുങ്ങി. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി കെ.ടി. ജലീല്‍ ആര്‍ട്ട് ഗാലറി നാടിന് സമര്‍പ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വടകര ബ്ളോക് പഞ്ചായത്തിന്‍െറ പഴയ കെട്ടിടത്തിലാണ് ഗാലറി ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ രചനകള്‍ പ്രദര്‍ശിപ്പിക്കാനുള്ള സങ്കേതങ്ങളില്ലാതെ, ഒത്തുചേരാനുള്ള വേദികളില്ലാതെ ഒറ്റപ്പെട്ടുപോയ കലാകാരന്മാരെ കോര്‍ത്തിണക്കുകയാണ് ആര്‍ട്ട് ഗാലറികൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനകംതന്നെ 20ഓളം പെയിന്‍റിങ്ങുകള്‍ കടത്തനാട് ചിത്രകലാ പരിഷത്തിലെ ചിത്രകാരന്മാരുടെ സംഭാവനകളായി ലഭിച്ചതായി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കോട്ടയില്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തുതന്നെ ആദ്യത്തെ ബ്ളോക് പഞ്ചായത്ത് ആര്‍ട്ട് ഗാലറിയാണ് ചോമ്പാലില്‍ ഒരുങ്ങിയിരിക്കുന്നത്. കുട്ടികള്‍ക്ക് ചിത്രകല പഠിപ്പിക്കാനുള്ള കേന്ദ്രമായും ഇതിനെ മാറ്റും. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ആസ്വാദകരെ സൃഷ്ടിച്ച കലാകാരന്മാര്‍ക്ക് നാട്ടില്‍ പ്രദര്‍ശനം നടത്താന്‍ ഗാലറി വഴിയൊരുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ഗാലറി ലളിതകലാ അക്കാദമിയുടെ ഭാഗമാക്കി മാറ്റുന്നതിനുള്ള ശ്രമവും നടക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി ഞായറാഴ്ച ചിത്രകാരന്മാരുടെ ക്യാമ്പ് നടക്കും. ചിത്രകാരന്‍ സധു അഴിയൂര്‍ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച ഉദ്ഘാടന ചടങ്ങില്‍ എം.എല്‍.എമാരായ സി.കെ. നാണു, പാറക്കല്‍ അബ്ദുല്ല, കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. വടകര ബ്ളോക് പഞ്ചായത്ത് മെംബര്‍മാരായ ആയിശ ആലോള്ളതില്‍, എന്‍. നിധിന്‍, സംഘാടക സമിതി ഭാരവാഹികളായ ജഗദീഷ് ഏറാമല, പി. രമേശന്‍ മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.