സ്വാശ്രയ പ്രശ്നം വഷളാക്കിയത് ആന്‍റണി –പിണറായി

കോഴിക്കോട്: സ്വാശ്രയ പ്രശ്നം വഷളാക്കിയത് ആന്‍റണി സര്‍ക്കാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോളജുകളുമായി ഒരു കരാര്‍ ഉണ്ടാക്കിയില്ല എന്നതായിരുന്നു കാരണം. രണ്ട് സ്വാശ്രയ കോളജിന് തുല്യം ഒരു സര്‍ക്കാര്‍ കോളജ് എന്നായിരുന്നു നേരത്തെ ആന്‍റണി സര്‍ക്കാര്‍ എടുത്ത നിലപാട്. എന്നാല്‍, പല മാനേജ്മെന്‍റുകളും ഇത് അട്ടിമറിച്ച് ഇഷ്ടംപോലെ പണം വാങ്ങുകയായിരുന്നു. സി.ഐ.ടി.യു ജില്ലാ സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെറ്റായും ദുരുപദിഷ്ടമായും കാര്യങ്ങളെ സമീപിക്കുന്നവര്‍ക്കുള്ള പാഠമാണ് സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷത്തിന് സംഭവിച്ച പരാജയം. ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എം.എല്‍.എമാര്‍ നിരാഹാരസമരത്തിന് മുതിര്‍ന്നത്. നിരാഹാരസമരത്തിനുള്ള വകയൊന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ളെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ഉള്ളിലുള്ള ചിലര്‍ക്ക് പോലും ഉണ്ടായിരുന്നു. സമരം ഒരു ഇളക്കവും സമൂഹത്തില്‍ ഉണ്ടാക്കിയില്ല. സമരം ചെയ്തവര്‍ ഒറ്റപ്പെടുകയായിരുന്നു. സ്വാശ്രയ കരാറുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. തനിക്ക് ഒരു ധാര്‍ഷ്ഠ്യവുമില്ല. എന്നാല്‍, പറഞ്ഞതേ ചെയ്യൂ. വാക്ക് മാറ്റുന്ന ശീലം പണ്ടേ തനിക്കില്ല. ഉറച്ച നിലപാട് എടുത്തതിന്‍െറ പേരില്‍ ആരെയും പേടിക്കുന്നില്ല. പല തവണ ആക്രമണങ്ങള്‍ക്ക് ഇരയായ ആളാണ് താന്‍. ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ എന്തോ ഭള്ള് പറഞ്ഞു, ആരോഗ്യ സെക്രട്ടറിയോട് മോശമായി പെരുമാറി എന്നൊക്കെ പച്ചക്കള്ളം പറഞ്ഞ ചില മാധ്യമങ്ങള്‍ അതെന്തിനായിരുന്നുവെന്ന് ആലോചിക്കണം. സര്‍ക്കാര്‍ തീരുമാനിച്ച ഫീസ് മാത്രമേ വാങ്ങാവൂ എന്നതായിരുന്നു സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാറിന്‍െറ നിലപാട്. ഇക്കാര്യത്തില്‍ മാനേജ്മെന്‍റുകള്‍ സര്‍ക്കാറിനോട് വഴങ്ങുന്നത് ചരിത്രത്തില്‍ ആദ്യമാണ്. സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുന്നവരുടെയടക്കം പിന്തുണ സര്‍ക്കാറിനുണ്ട്. ആര്‍.എസ്.എസും പോപുലര്‍ ഫ്രണ്ടും പ്രചരിപ്പിക്കുന്ന വര്‍ഗീയതക്കെതിരെ അതത് മത വിഭാഗങ്ങളില്‍നിന്ന് പ്രതിരോധം വളരണമെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ് വി.പി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍, മന്ത്രി ടി.പി. രാമകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. മുകുന്ദന്‍, ട്രഷറര്‍ ടി. ദാസന്‍ എന്നിവര്‍ സംസാരിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.