മുക്കം സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി; ആറു പേര്‍ക്ക് പരിക്ക്

മുക്കം: സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കൊമ്പുകോര്‍ത്തത് സംഘര്‍ഷത്തില്‍ കലാശിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഷഫീഖ്, ഷംസുദ്ദീന്‍, ഇര്‍ഷാദ് എന്നിവരെ കെ.എം.സി.ടി മെഡിക്കല്‍ കോളജിലും സുഭാഷ്, സബിന്‍, ഗോപിഷ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഷഫീഖിന്‍െറ പരിക്ക് സാരമുള്ളതാണ്. കൈയുടെ ഞരമ്പ് മുറിഞ്ഞുപോയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ ബസ് സമയവുമായി ബന്ധപ്പെട്ടാണ് ജീവനക്കാര്‍ തമ്മില്‍ അടിപിടിയുണ്ടായത്. ബനാറസ്, ഫാന്‍റസി ബസുകള്‍ തമ്മില്‍ നാളുകളായി പ്രശ്നം നിലവിലുണ്ട്. അതിന്‍െറ തുടര്‍ച്ചയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ചെറുവാടി, മുക്കം, കോഴിക്കോട് റൂട്ടിലോടുന്ന ഫാന്‍റസി ബസ് രാവിലത്തെ ട്രിപ് റദ്ദാക്കി കുന്ദമംഗലം മുതലാണ് സര്‍വിസ് നടത്താറുള്ളതെന്ന് പരാതിയുണ്ട്. ഈ ബസിന് ഒരു മിനിറ്റ് പിറകില്‍ ഓടുന്ന ബനാറസ് ബസുമായി കുന്ദമംഗലം മുതല്‍ കോഴിക്കോട് വരെ ഫാന്‍റസി ജീവനക്കാരുടെ വാക്കുതര്‍ക്കം പതിവാണെന്നും ജീവനക്കാര്‍ പറയുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ബനാറസ് ജീവനക്കാര്‍ക്ക് കുന്ദമംഗലത്തുവെച്ച് മര്‍ദനമേറ്റിരുന്നു. വ്യാഴാഴ്ച രാവിലെ മുക്കം ബസ് സ്റ്റാന്‍ഡില്‍ വെച്ചും മര്‍ദനമേറ്റതായും തൊഴിലാളികള്‍ പറയുന്നു. മുക്കത്ത് അടിക്കടി ബസ് ജീവനക്കാര്‍ തമ്മിലുണ്ടാവുന്ന കൈയാങ്കളിക്കും അസഭ്യവര്‍ഷത്തിനുമെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഇതിന് അടിയന്തര നടപടി വേണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മുക്കം യൂനിറ്റ് ആവശ്യപ്പെട്ടു. ബസ് സ്റ്റാന്‍ഡില്‍ പൊലീസ് എയ്ഡ്പോസ്റ്റ് ഉണ്ടെങ്കിലും ഇവിടെ മിക്ക സമയത്തും പൊലീസുകാരുണ്ടാവാറില്ല. രണ്ട് മാസം മുമ്പ് സമയപ്രശ്നത്തിന്‍െറ പേരില്‍ ഒരു ബസ് മറ്റൊരു ബസില്‍ ഇടിച്ചുനിര്‍ത്തിയത് സംഘര്‍ഷത്തിന് കാരണമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.