ബാലുശ്ശേരി: വൈദ്യുതി ആവശ്യത്തില്‍ സ്വയം പര്യാപ്തമാകാന്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ ഒരുങ്ങി. വിദ്യാലയങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് ആവശ്യത്തിനുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് രൂപം കൊടുത്ത സൗരോര്‍ജ പദ്ധതിക്ക് ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. മാതൃകാ വിദ്യാലയങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ നാല് വിദ്യാലയങ്ങളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ പദ്ധതി നടപ്പാക്കുന്നത്. വൈദ്യുതി ആവശ്യങ്ങള്‍ പൂര്‍ണമായി ബദല്‍ സംവിധാനത്തിലൂടെ കണ്ടത്തെി സ്വയം പര്യാപ്തത കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി, ചോറോട് ഗവ. ഹയര്‍ സെക്കന്‍ഡറി, അത്തോളി ഗവ. ഹയര്‍ സെക്കന്‍ഡറി എന്നീ സ്കൂളുകളില്‍ 40 ലക്ഷം രൂപ ചെലവഴിച്ച് സൗരോര്‍ജ പ്ളാന്‍റ് സ്ഥാപിച്ചിട്ടുണ്ട്. സ്കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബുകളിലും മറ്റ് ആവശ്യത്തിനും തടസ്സമില്ലാതെ വൈദ്യുതി ഉറപ്പുവരുത്താനും ഭാരിച്ച വൈദ്യുതി ബില്‍ ഒഴിവാക്കാനും ഇതുമൂലം കഴിയും. രണ്ടാംഘട്ടത്തില്‍ എല്ലാ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. കെ.എസ്.ഇ.ബിയുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഇതര സ്ഥാപനങ്ങളിലും സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി വിതരണം നടത്തും. അധികം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് വില്‍ക്കാനും പദ്ധതിയുണ്ട്. കെല്‍ട്രോണ്‍ മുഖേനയാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, കെ.എസ്.ഇ.ബി എന്‍ജിനീയര്‍ അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. കെ.വി. ബാലകൃഷ്ണന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് അജിത പി. മാധവന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.