സരോവരം ബയോപാര്‍ക്ക് നവീകരണം പാളി

കോഴിക്കോട്: നഗരത്തിന്‍െറ പ്രധാന വിനോദകേന്ദ്രമായ സരോവരം ബയോ പാര്‍ക്ക് നവീകരണപദ്ധതി അനിശ്ചിതത്വത്തില്‍. കരാര്‍ നല്‍കിയതായി ടൂറിസം വകുപ്പ് പറയുന്ന കമ്പനിയുമായി കരാര്‍ ഒപ്പിടാത്തതാണ് പ്രശ്നം. ഓണത്തിനുമുമ്പ് എടുത്ത തീരുമാനം നടപ്പാവാത്തതിനാല്‍ ഫണ്ട് പാഴാവുമെന്ന ഭീഷണിയും നിലനില്‍ക്കുന്നു. 60 ലക്ഷം ചെലവിലാണ് ബയോപാര്‍ക്ക് നവീകരണത്തിന് ടൂറിസം വകുപ്പ് പദ്ധതി തയാറാക്കിയിരുന്നത്. പാര്‍ക്കിലേക്ക് കനോലി കനാലിന് കുറുകെയുള്ള പാലം, ബോട്ടുജെട്ടി എന്നിവ പുതുക്കിപ്പണിയല്‍, ഇരിപ്പിടങ്ങള്‍, നടപ്പാതകള്‍, വിശ്രമ കേന്ദ്രങ്ങള്‍, ബോട്ടുകള്‍ എന്നിവ നവീകരിക്കല്‍ തുടങ്ങിയവയായിരുന്നു പദ്ധതിയില്‍ ലക്ഷ്യമിട്ടിരുന്നത്. പാര്‍ക്കിന്‍െറ മൊത്തം നവീകരണ പ്രവൃത്തികള്‍ ഒന്നിച്ച് നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും കരാര്‍ യു.എല്‍.സി.സി കമ്പനിക്ക് നല്‍കുമെന്ന് ഓണത്തിന് മുമ്പ് തീരുമാനമെടുത്തതല്ലാതെ ഒരു നീക്കവും നടന്നില്ല. എന്നാല്‍, തങ്ങള്‍ക്ക് ഇതുസംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ളെന്നും മുമ്പ് തുഷാരഗിരി, അയ്യാര്‍ വട്ടം എന്നിവിടങ്ങളില്‍ നടത്തിയ പ്രവൃത്തിയില്‍ പകുതി തുക മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും യു.എല്‍.സി.സി അധികൃതര്‍ പറയുന്നു. തുഷാരഗിരിയില്‍ അമ്പത് ലക്ഷത്തിന്‍െറ പ്രവൃത്തിയില്‍ 25 ലക്ഷവും അയ്യാര്‍വട്ടത്ത് 30 ലക്ഷത്തിന്‍െറ പ്രവൃത്തിയില്‍ 15 ലക്ഷവും മാത്രമേ ലഭിച്ചിട്ടുള്ളൂ. ഇതു സംബന്ധിച്ച് ഒരു നടപടിയും ഇല്ലാത്തതിനാല്‍ കൂടുതല്‍ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് യു.എല്‍.സി.സി ടൂറിസം വകുപ്പ് അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും ഇല്ലത്രെ. കുടിശ്ശിക നല്‍കുകയും പുതിയ കരാര്‍ കമ്പനി അംഗീകരിക്കുകയും ചെയ്താലേ നവീകരണപ്രവൃത്തി അടുത്തെങ്ങും നടക്കാന്‍ സാധ്യതയുള്ളൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ശോച്യാവസ്ഥയിലായതിനാല്‍ പാര്‍ക്കില്‍ കുടുംബങ്ങള്‍ സന്ദര്‍ശനത്തിനത്തൊത്ത സാഹചര്യത്തിലായിരുന്നു എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ ശ്രമപ്രകാരം നവീകരണത്തിന് പദ്ധതി ഒരുങ്ങിയത്. ഇതിന്‍െറ ഭാഗമായി കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് മന്ത്രി എ.പി. അനില്‍കുമാര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ബയോപാര്‍ക്കിലേക്കുള്ള അപകടാവസ്ഥയിലായ പാലം മാറ്റി സ്ഥാപിക്കല്‍, മരം കൊണ്ടുള്ള ബോട്ടുജെട്ടിയുടെ മരത്തൂണുകള്‍ മാറ്റി കോണ്‍ക്രീറ്റ് തൂണ്‍ സ്ഥാപിക്കല്‍, പൊളിഞ്ഞ ഇരിപ്പിടങ്ങള്‍ മാറ്റി സ്ഥാപിക്കല്‍, തകര്‍ന്ന കല്‍ഭിത്തികളും വിശ്രമകേന്ദ്രങ്ങളുടെ മേല്‍ക്കൂരയും നന്നാക്കല്‍, കളിപ്പൊയ്കയിലെ കേടുവന്ന ബോട്ടുകള്‍ നന്നാക്കല്‍ എന്നിവയായിരുന്നു പദ്ധതിയില്‍ ലക്ഷ്യമിട്ടിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.