കോഴിക്കോട് സമ്പൂര്‍ണ ശുചിമുറി ജില്ല; ജലനിധിക്കും അഭിമാനം

കോഴിക്കോട്: സംസ്ഥാനത്തെ സമ്പൂര്‍ണ ശുചിമുറി പദവി നേടുന്ന മൂന്നാമത്തെ ജില്ലയായി കോഴിക്കോടിനെ പ്രഖ്യാപിച്ചപ്പോള്‍ ജലനിധിക്കും അഭിമാനം. ജില്ലയിലാകെ നിര്‍മിച്ച 12,799 വ്യക്തിഗത ശുചിമുറികളില്‍ 3890 എണ്ണവും (30.4%) ഉണ്ടാക്കിയത് ജലനിധി പഞ്ചായത്തുകളില്‍. ജലനിധി പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളിലെ ഒ.ഡി.എഫ് പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏജന്‍സിയായ കേരള റൂറല്‍ വാട്ടര്‍ സപൈ്ള ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സി (കെ.ആര്‍.ഡബ്ള്യു.എസ്.എ)ക്കാണ്. ജലനിധി മലപ്പുറം മേഖല കാര്യാലയത്തിനു കീഴില്‍ കോഴിക്കോട് ജില്ലയില്‍ 13 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. താമരശ്ശേരി, ചെറുവണ്ണൂര്‍, കട്ടിപ്പാറ, മണിയൂര്‍, കീഴരിയൂര്‍, എടച്ചേരി, വില്യാപള്ളി, ആയഞ്ചേരി, പുറമേരി, ചോറോട്, കോട്ടൂര്‍, നടുവണ്ണൂര്‍, ചക്കിട്ടപ്പാറ എന്നിവയാണിത്. സെപ്റ്റിക് ടാങ്ക്/ ഇരട്ടക്കുഴിയോടുകൂടിയ കക്കൂസ്, വെള്ളം കരുതുന്നതിനും കൈകഴുകുന്നതിനും സോപ് വെക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ എന്നിവയാണ് ഗാര്‍ഹിക കക്കൂസിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍. പണി പൂര്‍ത്തിയാക്കി ആവശ്യമായ രേഖകള്‍ കൈമാറുന്നമുറക്ക് വീടൊന്നിന് 15400 രൂപ ഗ്രാന്‍റായി നല്‍കും. അതത് പഞ്ചായത്തുകളിലെ ജലനിധി പദ്ധതിയുടെ ഗുണഭോക്തൃ സമിതികളുടെ ഫെഡറേഷന്‍ (ബി.ജി ഫെഡറേഷന്‍) വഴിയാണ് തുക ഗുണഭോക്താവിന് നല്‍കുന്നത്. പഞ്ചായത്തുകളില്‍ കെ.ആര്‍.ഡബ്ള്യു.എസ്.എ നിയമിച്ച പ്രോജക്ട് കമീഷണറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പണം കൈമാറുന്നത്. സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക് ജലനിധി പഞ്ചായത്തുകളില്‍ കക്കൂസ് ഒന്നിന് 7700 രൂപ അഡ്വാന്‍സ് തുകയായും നല്‍കിവരുന്നു. ജില്ലയില്‍ 3890 ശുചിമുറികള്‍ക്കായി 417.49 ലക്ഷം രൂപയാണ് ഗ്രാന്‍റായി കൈമാറിയത്. ലോകബാങ്കിന്‍െറ നിര്‍ദേശ പ്രകാരം ജലനിധി ജില്ലകളില്‍ 40 റിസോഴ്സ് പേഴ്സണ്‍സിനെ വീതം വിന്യസിച്ചിട്ടുണ്ട്. ഗ്രാമീണ ജനതക്ക് ജനപങ്കാളിത്തത്തോടെ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതോടൊപ്പം പഞ്ചായത്തില്‍ സമ്പൂര്‍ണ ശുചിത്വവും ഉറപ്പാക്കുകയാണ് ജലനിധി ദൗത്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.