ആരാമ്പ്രവും ചക്കാലക്കലും ലഹരി മുക്തമാക്കാന്‍ ജാഗ്രതാസമിതി

കൊടുവള്ളി: മടവൂര്‍ ഗ്രാമപഞ്ചായത്തിലെ ആരാമ്പ്രം, ചക്കാലക്കല്‍ പ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന ലഹരി വില്‍പനയും ഉപയോഗവും തടഞ്ഞ് പ്രദേശം മദ്യ-മയക്കുമരുന്ന് ലഹരി മുക്തമാക്കുന്നതിന് മയക്കുമരുന്ന് വിരുദ്ധ ജനകീയ കൂട്ടായ്മക്ക് രൂപംനല്‍കി. പ്രദേശത്ത് ലഹരി വില്‍പന, ഉപയോഗം എന്നിവ നിരീക്ഷിക്കാന്‍ അഞ്ച് മേഖലാ ജാഗ്രതാസമിതികള്‍ക്ക് രൂപംനല്‍കി. പടനിലം പാലം പരിസരം, ആരാമ്പ്രം ചക്കാലക്കല്‍, കൊട്ടക്കാവയല്‍, പുള്ളിക്കോത്ത് ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ പ്രത്യേക സ്ക്വാഡ് നിരീക്ഷണം ഏര്‍പ്പെടുത്തും. സ്കൂള്‍ പരിസരങ്ങളില്‍ പുകയില ഉല്‍പന്നങ്ങളുടെ ലഭ്യത ഒഴിവാക്കുന്നതിനും ഉപയോഗം തടയുന്നതിനും വ്യാപാരികളുടെ സഹകരണത്തോടെ നടപടി സ്വീകരിക്കും. പൊലീസ്, എക്സൈസ്, നാര്‍കോട്ടിക് സെല്‍ എന്നിവയുമായി സഹകരിച്ച് ലഹരി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളും ലഹരിവസ്തുക്കളും വില്‍ക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരുടെ സഹകരണത്തോടെ കണ്ടത്തെി തടയും. ആവശ്യമെങ്കില്‍ പ്രദേശത്തെ ചില കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. കഴിഞ്ഞദിവസം ചക്കാലക്കല്‍ മല പ്രദേശത്ത് എട്ട് വിദ്യാര്‍ഥികളെ ലഹരി ഉല്‍പന്നങ്ങളുമായി നാട്ടുകാര്‍ പിടികൂടി രക്ഷിതാക്കളെ വിളിച്ചുവരുത്തി ഏല്‍പിച്ചിരുന്നു. സര്‍വകക്ഷി ജനകീയ കൂട്ടായ്മ ഗ്രാമപഞ്ചായത്തംഗം എടത്തില്‍ റിയാസ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി വാഴയില്‍ ലത്തിഫ് അധ്യക്ഷത വഹിച്ചു. മടവൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സക്കീനാ മുഹമ്മദ്, ബ്ളോക് പഞ്ചായത്തംഗം ശശി ചക്കാലക്കല്‍, ആരാമ്പ്രം ജി.എം.യു.പി സ്കൂള്‍ പി.ടി എ പ്രസിഡന്‍റ് പുറ്റാള്‍ മുഹമ്മദ്, ഗ്രാമപഞ്ചായത്തംഗം കെ.പി. അബു, ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ് ചോലക്കര മുഹമ്മദ്, ഹംസ മടവൂര്‍, എം.എ. സിദ്ദീഖ്, അബ്ദുല്ല മൗലവി, പി.എം. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.