കോഴിക്കോട്: തെരുവുനായ്ക്കള്‍ക്കൊപ്പം വളര്‍ത്തുനായ്ക്കള്‍ക്കും വന്ധ്യംകരണവും വാക്സിനേഷനും നടപ്പാക്കുന്നു. ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന കരുണ പദ്ധതിയനുസരിച്ചാണിത്. ബ്രീഡിങ് ലൈസന്‍സ് എടുക്കാത്ത മുഴുവന്‍ വളര്‍ത്തുനായ്ക്കളെയും വന്ധ്യംകരിക്കാനാണ് ഉന്നതതല യോഗത്തില്‍ തീരുമാനമായത്. ജില്ലയില്‍ എട്ട് കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ഒരേസമയം വന്ധ്യംകരണം നടപ്പാക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ഒരു കേന്ദ്രത്തില്‍ ദിവസം 10 നായ്ക്കളെ വീതം അഞ്ചു മാസംകൊണ്ട് 10,000 നായ്ക്കളെ വന്ധ്യംകരിക്കാനാണ് ലക്ഷ്യമിടുന്നത്. മൃഗസംരക്ഷണ വകുപ്പിന് കീഴിലെ സ്ഥാപനങ്ങള്‍ പഞ്ചായത്തുകളുടെ സഹായത്തോടെ വന്ധ്യംകരണകേന്ദ്രങ്ങളായി മാറ്റും. വന്ധ്യംകരിച്ച നായ്ക്കളെ ഇവിടെ മൂന്ന് ദിവസം പാര്‍പ്പിച്ചശേഷം പിടികൂടിയ സ്ഥലത്ത് തുറന്നുവിടും. തിരിച്ചറിയാനായി പിടികൂടുന്ന സമയത്ത് കഴുത്തില്‍ ടാഗ് കെട്ടി പിടികൂടിയ സ്ഥലം രേഖപ്പെടുത്തുകയും വന്ധ്യംകരിച്ചവയെ തിരിച്ചറിയാനായി ചെവിയില്‍ അടയാളമിടുകയും ചെയ്യും. പദ്ധതി നടപ്പാക്കാന്‍ എന്‍.ജി.ഒയെ ചുമതലപ്പെടുത്തും. വന്ധ്യംകരണകേന്ദ്രത്തില്‍ സി.സി.ടി.വി സ്ഥാപിക്കും. പ്രാരംഭത്തില്‍ മൊബൈല്‍ വന്ധ്യംകരണ യൂനിറ്റാണ് തീരുമാനിച്ചിരുന്നത്. മാങ്കാവ് കേന്ദ്രത്തിന് കീഴില്‍ രാമനാട്ടുകര, കടലുണ്ടി, ഫറോക്ക്, പെരുമണ്ണ, പെരുവയല്‍, തലക്കുളത്തൂര്‍, ഒളവണ്ണ, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവ ഉള്‍പ്പെടും. പുതുപ്പാടിക്കു കീഴില്‍ കോടഞ്ചേരി, പുതുപ്പാടി, ഓമശ്ശേരി, താമരശ്ശേരി, കട്ടുപ്പാറ, കൂടരഞ്ഞി, തിരുവമ്പാടി, കിഴക്കോത്ത് എന്നിവയും കുന്ദമംഗലത്തിനു കീഴില്‍ കുന്ദമംഗലം, മാവൂര്‍, ചാത്തമംഗലം, കൊടുവള്ളി, കുരുവട്ടൂര്‍, കക്കോടി, കാരശ്ശേരി, കൊടിയത്തൂര്‍, മുക്കം എന്നിവയും ബാലുശ്ശേരിക്കു കീഴില്‍ ബാലുശ്ശേരി, ചേളന്നൂര്‍, കാക്കൂര്‍, നരിക്കുനി, മടവൂര്‍, നന്മണ്ട, പനങ്ങാട്, ഉണ്ണികുളം, ഉള്ള്യേരി, കോട്ടൂര്‍ എന്നിവയും ഉള്‍പ്പെടും. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അത്തോളി, മൂടാടി, കൊയിലാണ്ടി, അരിക്കുളം, കീഴരിയൂര്‍, തിക്കോടി, പയ്യോളി എന്നിവയാണ് കൊയിലാണ്ടിക്കു കീഴിലുള്ളത്. പേരാമ്പ്ര കേന്ദ്രത്തിനു കീഴില്‍ പേരാമ്പ്ര, നൊച്ചാട്, ചങ്ങരോത്ത്, കൂരാച്ചുണ്ട്, ചക്കിട്ടപാറ, ചെറുവണ്ണൂര്‍, മുയിപ്പോത്ത്, കായണ്ണ, കൂത്താളി, മേപ്പയൂര്‍, നടുവണ്ണൂര്‍, തുറയൂര്‍, വേളം എന്നിവയും കുന്നുമ്മലിനു കീഴില്‍ എടച്ചേരി, തൂണേരി, പുറമേരി, ചെക്യാട്, വാണിമേല്‍, വളയം, നരിപ്പറ്റ, കുന്നുമ്മല്‍, കായക്കൊടി, കുറ്റ്യാടി, കാവിലുംപാറ, മരുതോങ്കര, നാദാപുരം എന്നിവയും വടകരക്കു കീഴില്‍ അഴിയൂര്‍, ഒഞ്ചിയം, ഏറാമല, ചോറോട്, വില്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂര്‍, മണിയൂര്‍, വടകര എന്നിവയും ഉള്‍പ്പെടും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി, കലക്ടര്‍ എന്‍. പ്രശാന്ത്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ.സി. മോഹന്‍ദാസ്, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. യു.എസ്. രാമചന്ദ്രന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.