ഹര്‍ത്താല്‍ സമാധാനപരം, പൂര്‍ണം

കോഴിക്കോട്: നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. ഇരുചക്ര വാഹനങ്ങളൊഴികെ വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ജില്ലയിലെവിടെയും കാര്യമായ അനിഷ്ട സംഭവങ്ങളുണ്ടായില്ല. ഗ്രാമപ്രദേശങ്ങളില്‍ ചിലയിടത്ത് ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ സ്വകാര്യ വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞില്ല. രാവിലെ എട്ടുമണിയോടെയാണ് ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞത്. നഗരത്തില്‍ കാര്‍ ഉള്‍പ്പടെ സ്വകാര്യ വാഹനങ്ങള്‍ ഓടി. കലക്ടറേറ്റില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് ജോലിക്കത്തെിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭൂരിപക്ഷവും അടഞ്ഞുകിടന്നു. എന്നാല്‍, ഗ്രാമപ്രദേശങ്ങളില്‍ സ്കൂളുകള്‍ പ്രവര്‍ത്തിച്ചു. ഇരുചക്ര വാഹനങ്ങള്‍ യഥേഷ്ടം നിരത്തിലിറങ്ങിയതിനാല്‍ അധ്യാപകരും സ്കൂളിലത്തെി. ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ചതിനാല്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടു. എ.ടി.എമ്മുകള്‍ കാലിയായത് ഇടപാടുകാരെ ദുരിതത്തിലാക്കി. രണ്ടു ദിവസത്തെ അവധിക്കുശേഷം എ.ടി.എമ്മുകളില്‍ പണം നിറക്കുമെന്ന കണക്കുകൂട്ടലും വെറുതെയായി. ബഹുഭൂരിപക്ഷം എ.ടി.എമ്മുകളും അടഞ്ഞുകിടന്നു. പണം നിറക്കുമെന്ന പ്രതീക്ഷയില്‍ എ.ടി.എമ്മുകള്‍ക്കു മുന്നില്‍ ചിലര്‍ കാത്തിരുന്ന കാഴ്ചയുമുണ്ടായി. റെയില്‍വേ സ്റ്റേഷനിലും മറ്റും കുടുങ്ങിയവര്‍ക്കായി പൊലീസ് വാഹനം സര്‍വിസ് നടത്തി. റെയില്‍വേ സ്റ്റേഷന്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെ സര്‍വിസ് നടത്തിയത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായി. കെ.എസ്.ആര്‍.ടി.സി വയനാട്, തിരുവനന്തപുരം ഭാഗത്തേക്ക് രണ്ട് സര്‍വിസ് പൊലീസ് അകമ്പടിയോടെ രാവിലെ നടത്തിയെങ്കിലും പിന്നീട് നിര്‍ത്തിവെച്ചു. വൈകീട്ട് അഞ്ചരയോടെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് പുനരാരംഭിച്ചു. ഹര്‍ത്താലിന് പിന്തുണ നല്‍കി സിറ്റി ഏരിയ എല്‍.ഡി.എഫ് കമ്മിറ്റി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, സി.പി. മുസഫര്‍ അഹമ്മദ്, എം. മോഹനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടന്ന ജന ആക്രോശ് ദിനത്തിന്‍െറ ഭാഗമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ കിഡ്സണ്‍ കോര്‍ണറില്‍ പ്രതിഷേധ സംഗമം നടത്തി. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതിയംഗങ്ങളായ കെ.പി. ബാബു, പി.എം. നിയാസ്, ഐ. മൂസ, വി.വി. ദിനേശ് മണി, ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡന്‍റ് അഡ്വ. എം. രാജന്‍ എന്നിവര്‍ സംസാരിച്ചു. പി.എം. അബ്ദുറഹ്മാന്‍ സ്വാഗതവും ദിനേശ് പെരുമണ്ണ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.