ബാങ്കുകളില്‍ ജനം അസാധു; എ.ടി.എമ്മുകളില്‍ ഹര്‍ത്താല്‍

കോഴിക്കോട്: രണ്ടു ദിവസത്തെ ബാങ്ക് അവധിക്കുശേഷം ഹര്‍ത്താല്‍ ദിനത്തില്‍ ബാങ്കുകളില്‍ എത്തിയവര്‍ക്ക് തിരക്കേറിയ റോഡില്‍ അകപ്പെട്ട പ്രതീതി. നോട്ട് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ബാങ്കുകള്‍ സാധാരണക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഒരു ക്രമീകരണവും നടത്തിയിരുന്നില്ല. തിരക്കുണ്ടാവില്ളെന്ന് പ്രതീക്ഷിച്ച് ആളുകള്‍ എത്തിയതോടെ തിങ്കളാഴ്ച ബാങ്കുകള്‍ നിറഞ്ഞുകവിഞ്ഞു. പല ബാങ്കിലും ടോക്കന്‍ സംവിധാനത്തിലാണ് ആളുകളെ നിയന്ത്രിച്ചത്. മണിക്കൂറുകള്‍ പിന്നിട്ട് പണം കൈയില്‍ എത്തിയപ്പോള്‍ ആവശ്യപ്പെട്ടതിന്‍െറ പകുതിപോലും ലഭിച്ചുമില്ല. 24000 ആവശ്യപ്പെട്ടവര്‍ക്ക് കിട്ടിയത് ആറായിരം മുതല്‍ പതിനായിരം വരെ. സാധാരണ 24000 നല്‍കാറുള്ള എസ്.ബി.ഐ, എസ്.ബി.ടി ബ്രാഞ്ചുകളില്‍നിന്ന് ലഭിച്ചത് 20,000 രൂപ. എ.ടി.എമ്മുകള്‍ മിക്കതും മൂന്നു ദിവസമായി അടഞ്ഞ് കിടക്കുകയായിരുന്നു. ശനിയാഴ്ച മെയിന്‍ ബ്രാഞ്ചുകള്‍ക്ക് സമീപത്തെ എ.ടി.എമ്മുകളില്‍ മാത്രമാണ് പണം ഉണ്ടായത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇവയടക്കം എ.ടി.എമ്മുകള്‍ ഷട്ടര്‍ താഴ്ത്തിയിട്ടു. അടഞ്ഞുകിടന്ന എ.ടി.എമ്മുകള്‍ക്ക് മുന്നിലും കാത്തുനില്‍ക്കുന്നവരുടെ ദയനീയ കാഴ്ചയും ദൃശ്യമായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് ഏറെ വലഞ്ഞത്. ബാങ്കുകളില്‍ പണമില്ലാത്തതും പുറം കരാര്‍ ഏജന്‍സികള്‍ പണം നിക്ഷേപിക്കാത്തതുമാണ് എ.ടി.എമ്മുകള്‍ കാലിയാവാന്‍ കാരണമെന്നാണ് ബാങ്കിങ് മേഖലയിലുള്ളവര്‍ വിശദീകരിക്കുന്നത്. ചൊവ്വാഴ്ച ബാങ്കുകളില്‍ പുതുതായി പണം എത്തുന്നതും രണ്ടായിരം രൂപയുടെ നോട്ടാണ്. അഞ്ഞൂറ് രൂപയുടെ നോട്ട് ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതിന് കനത്ത ക്ഷാമം അനുഭവപ്പെടുകയാണ്. അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്ന പ്രധാന കേന്ദ്രം ബാങ്കുകള്‍ ആയി മാറിയിരിക്കെയാണ് ബാങ്കുകളിലും എ.ടി.എമ്മുകളിലും പണ പ്രതിസന്ധി രൂക്ഷമാവുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.