റോഡുകള്‍ തകര്‍ന്നു; ആയഞ്ചേരിയില്‍ യാത്രാക്ളേശം രൂക്ഷം

ആയഞ്ചേരി: റോഡുകള്‍ തകര്‍ന്നിട്ടും അറ്റകുറ്റപ്പണിക്ക് നടപടികളായില്ല. ആയഞ്ചേരി-തിരുവള്ളൂര്‍ റോഡ്, ആയഞ്ചേരി-തണ്ണീര്‍പന്തല്‍ റോഡ് എന്നിവയാണ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്നത്. ആയഞ്ചേരി ടൗണില്‍നിന്ന് തറോപ്പൊയില്‍, തിരുവള്ളൂര്‍, പള്ളിയത്ത്, കടമേരി, തണ്ണീര്‍പന്തല്‍ എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയാണിത്. റോഡുകള്‍ തകര്‍ന്നതോടെ യാത്രാക്ളേശം രൂക്ഷമായിട്ടുണ്ട്. തിരുവള്ളൂര്‍ റോഡില്‍ ആയഞ്ചേരി ബസ്സ്റ്റാന്‍ഡിനടുത്ത് വലിയ കുഴികളാണുള്ളത്. വേനലായിട്ടും റോഡില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. പരമ്പരാഗത ചാലുകള്‍ നികത്തിയതാണ് റോഡില്‍ വെള്ളം കെട്ടിക്കിടക്കാന്‍ ഇടയാക്കുന്നത്. റോഡരികില്‍ നിര്‍മിച്ച ചാലുകളില്‍ മണ്ണ് നികന്നതിനാല്‍ വെള്ളം യഥാസമയം ഒഴുകിപ്പോകുന്നില്ല. റോഡിന്‍െറ മറുഭാഗത്ത് ഇതുവരെയായി ചാലുകള്‍ നിര്‍മിച്ചിട്ടില്ല. ഇതുപോലെ ചേറ്റുകെട്ടിയിലും പൈങ്ങോട്ടായിയിലും റോഡില്‍ നിറയെ കുഴിയാണ്. കടമേരി റോഡില്‍ കെ.എസ്.ഇ.ബി ഓഫിസിനടുത്തും തെരുവിന്‍താഴയുമാണ് വലിയ കുഴികളുള്ളത്. ഓട്ടോറിക്ഷകള്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുറച്ചുമുമ്പ് റോഡിന്‍െറ ചില ഭാഗത്ത് മണ്ണിട്ട് നികത്തിയിരുന്നു. ഇപ്പോള്‍ ഇവിടെയും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കടമേരിയില്‍ സ്ഥിതിചെയ്യുന്ന പഞ്ചായത്ത് ഓഫിസ്, വിവിധ സ്കൂളുകള്‍ എന്നിവിടങ്ങളിലേക്കുള്ള റോഡാണ് തകര്‍ന്നുകിടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.