കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി തടയാന്‍ ‘ഫോര്‍ ദ പീപ്ള്‍’ എന്ന പേരില്‍ വെബ്സൈറ്റ് ആരംഭിക്കുമെന്ന് തദ്ദേശ മന്ത്രി ഡോ. കെ.ടി. ജലീല്‍. തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി പണമോ മറ്റു സൗജന്യങ്ങളോ ആവശ്യപ്പെടുന്നത് മൊബൈലില്‍ പകര്‍ത്തിയോ റെക്കോഡ് ചെയ്തോ ആര്‍ക്കും ഈ സൈറ്റില്‍ അപ്ലോഡ് ചെയ്യാം. ലഭ്യമാകുന്ന തെളിവുകള്‍ കൃത്യമാണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ആദ്യം സസ്പെന്‍ഡ് ചെയ്യുമെന്നും തുടര്‍ന്നാണ് അന്വേഷണം നടത്തുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നവകേരള മിഷന്‍ -ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ മേഖലായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ഓഫിസില്‍ ഒരുവിധ അഴിമതിയും നടക്കുന്നില്ളെന്ന് പഞ്ചായത്ത് സെക്രട്ടറിമാരും ഭരണസമിതിയും ഉറപ്പാക്കണം. സര്‍ക്കാര്‍ ഇറക്കുന്ന ഉത്തരവുകള്‍ നടപ്പാക്കാത്ത ചില ഉദ്യോഗസ്ഥരെ നിരീക്ഷിച്ചുവരുകയാണ്. ചെറിയ നിയമ പ്രശ്നങ്ങളുണ്ടെങ്കിലും 1500 ചതുരശ്ര അടി വരെയുള്ള വീടുകള്‍ക്ക് താല്‍ക്കാലിക നമ്പര്‍ നല്‍കാനാണ് നിര്‍ദേശം കൊടുത്തിട്ടുള്ളത്. എന്നാല്‍, ഇത് പലയിടത്തും പാലിക്കപ്പെട്ടില്ല. നിരവധി കുടുംബങ്ങള്‍ വൈദ്യുതിയും വെള്ളവും കിട്ടാതെ വലയുകയാണ്. ഇത്തരത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ വീഴ്ചയുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഹരിതകേരളം മിഷന്‍ കാമ്പയിനിന്‍െറ ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങുന്ന ഡിസംബര്‍ എട്ടിനകം തദ്ദേശ സ്ഥാപന ഓഫിസുകള്‍ ശുചീകരിക്കണം. ഓഫിസുകളുടെ വ്യത്തിയും വെടിപ്പും സംബന്ധിച്ച് എം.എല്‍.എമാര്‍ പരിശോധന നടത്തും. മേഖല യോഗത്തില്‍ പങ്കെടുക്കാത്ത സെക്രട്ടറിമാരെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ഹരിതകേരളം വൈസ് ചെയര്‍പേഴ്സന്‍ ഡോ. ടി.എന്‍. സീമ മുഖ്യപ്രഭാഷണം നടത്തി. ശുചിത്വമിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. കെ. വാസുകി വിഷയം അവതരിപ്പിച്ചു. അസി. കലക്ടര്‍ ഇമ്പശേഖരന്‍ സ്വാഗതവും കോഴിക്കോട് പഞ്ചായത്ത് അസി. ഡയറക്ടര്‍ സി.കെ. വിജയകുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.