അവഗണനയുടെ പര്യായമായി നരിക്കുനി ഗവ. ആശുപത്രി       

നരിക്കുനി: 1963ല്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററായി ആരംഭിച്ച നരിക്കുനി ഗവ. ആശുപത്രി ഇന്നും അവഗണനയുടെ പടുകുഴിയില്‍. 1985ല്‍ കിടത്തി ചികിത്സ ആരംഭിക്കുകയും 1991ല്‍ സാമൂഹികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുകയും ചെയ്ത ഈ ആശുപത്രി കഴിഞ്ഞ 15വര്‍ഷമായി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ജീവനക്കാരുടെ കുറവും മൂലം അവഗണനയിലാണ്.  മുമ്പ് ആഴ്ചയില്‍ നൂറുകണക്കിന് പ്രസവങ്ങള്‍ നടന്നിരുന്ന ഇവിടെയിപ്പോള്‍ പേരിന് പോലും പ്രസവം നടക്കുന്നില്ല. എട്ടു വര്‍ഷം മുമ്പ് ആധുനിക രീതിയില്‍ സജ്ജീകരിച്ച പ്രസവ വാര്‍ഡ് ഇപ്പോള്‍ മറ്റാവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിന്‍െറ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുമെന്ന് കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് അന്നത്തെ ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി ഈ ആശുപത്രിയുടെ കെട്ടിടോദ്ഘാടനത്തില്‍  പരസ്യമായി ഉറപ്പുനല്‍കിയിരുന്നെങ്കിലും അതും പ്രഖ്യാപനത്തിലൊതുങ്ങുകയായിരുന്നു.                                            പിന്നീട് യു.ഡി.എഫ് ഭരണകാലത്ത്  ആശുപത്രിയെ താലൂക്കാശുപത്രിയായി ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചിരുന്നുവെങ്കിലും ആ തീരുമാനവും നടപ്പായില്ല. നരിക്കുനിയിലെയും സമീപത്തെയും പത്ത് പഞ്ചായത്തുകളിലെയും ആരോഗ്യപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് നരിക്കുനി ഗവ. ആശുപത്രി. എന്നാല്‍,  രാവിലെ 11ന്  ഒ.പി ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തുന്നതോടെ തുടര്‍ന്നത്തെുന്നവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുകയാണ്. ഇതോടെ പ്രദേശത്തുള്ളവര്‍ ചികിത്സക്കായി മറ്റു സ്വകാര്യ ആശുപത്രികളെയും മെഡിക്കല്‍ കോളജിനെയും ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റുന്നത് നിര്‍ധനരായ രോഗികളെയാണ് ദുരിതത്തിലാക്കുന്നത്. നരിക്കുനി ഗവ. ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ പഴയ അവസ്ഥയിലേക്ക് തിരിച്ചുപോയാല്‍ പ്രസവമടക്കമുള്ളവയുടെ ചികിത്സക്ക് അത് ഏറെ സഹായകമാകും. എന്നാല്‍, മാറിമാറി വന്ന സര്‍ക്കാറുകളെല്ലാം ഈ ആശുപത്രിയെ നവീകരിക്കുമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ളെന്നതാണ് യാഥാര്‍ഥ്യം. നരിക്കുനി ഗവ. ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി സ്ഥാപിക്കുകയാണ് പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം. ഒപ്പം ഗൈനക്കോളജി തസ്തിക സൃഷ്ടിച്ച് പ്രസവ ശുശ്രൂഷയും അടിയന്തരമായി ആരംഭിക്കണം. ആശുപത്രിയിലെ ജീര്‍ണാവസ്ഥയിലായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയവ നിര്‍മിക്കണം. ഇതിനായി കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് അനുവദിച്ച ഒരു കോടി രൂപയുടെ ഫണ്ട് ഇപ്പോഴും ചെലവഴിക്കാതെ കിടക്കുകയാണ്. ഗ്രാമീണ മേഖലയിലെ ആധുനിക ചികിത്സയുടെ കേന്ദ്രമായ നരിക്കുനി ഗവ. ആശുപത്രിയുടെ നവീകരണത്തിനായി അധികൃതര്‍ അടിയന്തരമായി ഇടപെടണം.             
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.