ഇനി രണ്ടുനാള്‍ ബാങ്ക് കുരുക്ക്; മൂന്നാം നാള്‍ ഹര്‍ത്താല്‍

കോഴിക്കോട്: നോട്ടു കുരുക്ക് 18 ദിവസം പിന്നിടുമ്പോള്‍ ജനങ്ങളെ കാത്തിരിക്കുന്നത് രണ്ടുദിവസത്തെ ബാങ്ക് അവധിയും തുടര്‍ന്നുള്ള ഹര്‍ത്താലും. നാലാം ശനിയാഴ്ചയായതിനാലാണ് നവംബര്‍ 26ന് ബാങ്കുകള്‍ അടച്ചിടുന്നത്. ഞായര്‍ ഇത്തവണ പ്രവൃത്തി ദിനമല്ല. ഹര്‍ത്താലില്‍നിന്ന് ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും വാഹനങ്ങള്‍ ഓടാത്തതിനാല്‍ ഈ ‘ഒഴിവാക്കല്‍’ വാക്കില്‍ മാത്രമാവും. ഫലത്തില്‍ മൂന്ന് ദിവസം ജനങ്ങള്‍ ബാങ്ക് കുരുക്കിലാവും. അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നത് നിര്‍ത്തിയതോടെ ബാങ്കുകളില്‍ പണം ഇട്ട് പിന്‍വലിക്കാം എന്ന സാഹചര്യം മാത്രമാണ് നിലവില്‍ ഉണ്ടായിരുന്നത്. എന്നാല്‍, അവധിക്കുരുക്ക് ആയതോടെ മൂന്ന് ദിവസം ജനം വലയും. എ.ടി.എമ്മുകളില്‍ അഞ്ഞൂറ് രൂപ നോട്ട് എത്തിയതോടെ പ്രതിസന്ധിക്ക് അല്‍പം അയവ് വന്നിട്ടുണ്ട്. എസ്.ബി.ടി, കാനറ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവയില്‍ അഞ്ഞൂറ് രൂപ നോട്ട് ലഭ്യമാണ്. എസ്.ബി.ഐ എ.ടി.എമ്മില്‍ ഇപ്പോഴും അഞ്ഞൂറ് രൂപ നോട്ട് എത്തിയില്ല. മിക്ക എ.ടി.എമ്മുകളിലും ലഭിക്കുന്നത് രണ്ടായിരം തന്നെ ആയതിനാല്‍ ഇത്തരം എ.ടി.എമ്മുകള്‍ ഒഴിവാക്കി അഞ്ഞൂറ് രൂപയുളള എ.ടി.എമ്മുകളെ തേടുകയാണ് ജനങ്ങള്‍. ഇവയിലെ പണം പെട്ടെന്ന് തീര്‍ന്നുപോവുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ബാങ്ക് കൗണ്ടറുകളില്‍ അഞ്ഞൂറ് രൂപയില്ലാത്തതിനാല്‍ ഇടപാടുകാര്‍ ബുദ്ധിമുട്ടുകയാണ്. കോഴിക്കോട് നഗരത്തിലെ ഒരു ബാങ്കില്‍ 8500 രൂപക്ക് ചെക്ക് മാറാന്‍ എത്തിയയാള്‍ക്ക് അഞ്ഞൂറു രൂപ ചില്ലറയില്ലാത്തതിനാല്‍ മടങ്ങേണ്ടി വന്നു. നോട്ട് മാറ്റം അക്കൗണ്ട് വഴിയാക്കിയത് അക്കൗണ്ട് ഇല്ലാത്ത ആയിരങ്ങളെ ഇനി കുരുക്കിലാക്കും. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന സഹകരണ ബാങ്കുകള്‍ക്ക് പ്രതിദിനം അമ്പതിനായിരം രൂപ മാത്രമാണ് ജില്ലാ ബാങ്കുകള്‍ നല്‍കുന്നത്. ഇത് കാരണം ഇടപാടുകാര്‍ക്ക് പണം നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണിവര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.