കോഴിക്കോട്: നഗരത്തില്‍ തെങ്ങോലപ്പുഴു ശല്യം രൂക്ഷം. പയ്യാനക്കല്‍ ഭാഗത്താണ് തെങ്ങുകളില്‍ പുഴു ശല്യം വ്യാപകമായത്. കോതിക്കും കോയ വളപ്പിനുമിടയില്‍ അരക്കിലോമീറ്ററോളം ദൂരത്തില്‍ തെങ്ങുകള്‍ കീടബാധയേറ്റ അവസ്ഥയിലാണ്. കപ്പക്കല്‍ കടപ്പുറത്തും പുഴു ശല്യം കാരണം തെങ്ങുകള്‍ നശിക്കുന്നു. ഓല മുഴുവന്‍ പുഴുക്കള്‍ തിന്നതിനാല്‍ മൊട്ടത്തലയുമായി നില്‍ക്കുന്ന തെങ്ങുകള്‍ ധാരാളം. കടലോരത്തെ നല്ല കായ്ഫലമുള്ള തെങ്ങുകളാണ് നശിക്കുന്നത്. ഓലയുടെ മുകള്‍ഭാഗം ഉണങ്ങുന്നതും അടിഭാഗത്ത് പ്യൂപ്പകളും പുഴുക്കളും വലകെട്ടുന്നതുമാണ് പുഴുശല്യം ബാധിച്ച തെങ്ങുകളുടെ ലക്ഷണം. രണ്ടും മൂന്നും തെങ്ങുകളുള്ള വീടുകളാണ് ഈ ഭാഗത്ത് അധികവും. തെങ്ങുകളില്‍ കായഫലം ഇല്ലാതാകുന്നതോടെ വീട്ടാവശ്യങ്ങള്‍ക്ക് പൂര്‍ണമായി കമ്പോളങ്ങളെ ആശ്രയിക്കേണ്ടിവരുമോയെന്ന ആധിയിലാണ് നാട്ടുകാര്‍. നഗരസഭ, പ്രശ്നം കൃഷിവകുപ്പിന്‍െറ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. സ്ഥലം കൗണ്‍സിലര്‍ സി.കെ. സീനത്ത് ഇക്കാര്യം നഗരസഭായോഗത്തില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണിത്. തെങ്ങോലപ്പുഴുകളെ തിന്നുനശിപ്പിക്കാനുള്ള മിത്ര കീടങ്ങളെ ഈ ഭാഗത്ത് നിക്ഷേപിക്കാന്‍ നടപടി തുടങ്ങിയതായി കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. കടന്നല്‍ രൂപത്തിലുള്ള ചെറുപ്രാണികളെയാണ് നിക്ഷേപിക്കുക. മിത്ര കീടങ്ങളുടെ ദൗര്‍ലഭ്യതയാണ് മുഖ്യ പ്രശ്നം. തിക്കോടി കൃഷി ഫാമില്‍ ആവശ്യത്തിന് മിത്ര കീടങ്ങള്‍ ലഭ്യമല്ല. അയല്‍ ജില്ലകളില്‍നിന്ന് മിത്ര കീടങ്ങളെ എത്തിക്കാനാണ് ശ്രമം. തീരപ്രദേശങ്ങളിലും കായലോരത്തുമാണ് തെങ്ങോലപ്പുഴു ശല്യം കൂടുതല്‍ കണ്ടുവരുന്നത്. തെങ്ങിന്‍െറ ഹരിതകം ഭക്ഷണമാക്കുന്നതിനാല്‍ ആരോഗ്യം ക്ഷയിച്ച് ഉല്‍പാദനം കുറയുന്നു. പുഴുക്കള്‍ തെങ്ങുകളെ പൂര്‍ണമായി നശിപ്പിക്കില്ളെങ്കിലും കായ്ഫലം ഇല്ലാതാക്കുമെന്നതാണ് പ്രശ്നം. കറുത്ത തലയുള്ളയിനം പുഴുക്കള്‍ ഒരിനം ശലഭങ്ങര്‍ മുട്ടയിടുന്നത് കാരണമാണ് ഉണ്ടാകുന്നത്. കാലാവസ്ഥാ വ്യതിയാനം, തെങ്ങിനുവേണ്ട മൂലകങ്ങള്‍ കുറയുക എന്നിവയും പുഴു പെരുകാന്‍ കാരണമാണ്. ജൈവ നിയന്ത്രണം തെങ്ങോലപ്പുഴുകള്‍ക്കെതിരെ ഏറെ ഫലപ്രദമാണെന്ന് കൃഷിവകുപ്പ്് അധികൃതര്‍ പറയുന്നു. മിത്ര കീടങ്ങളെപ്പോലെ തന്നെ രണ്ട് കിലോ വേപ്പിന്‍ കുരു 200 ഗ്രാം ബാര്‍സോപ്പുമായി വെള്ളത്തില്‍ ചേര്‍ത്ത് സ്പ്രേ ചെയ്യുന്നതും ഫലപ്രദമാണ്. എന്നാല്‍, ഉയരമുള്ള തെങ്ങുകളില്‍ ഇവ പ്രായോഗികമല്ല. രോഗം ബാധിച്ച തെങ്ങോലകള്‍ വെട്ടിമാറ്റി കത്തിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിലാളികളെ കിട്ടാത്തതിനാല്‍ ഇക്കാര്യവും നടപ്പായിട്ടില്ല. സര്‍ക്കാര്‍ തല നടപടികള്‍ക്കായി ഭീമ ഹരജി നല്‍കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.