ജില്ലയില്‍ രണ്ട് കോടതികള്‍ കൂടി ഉദ്ഘാടനത്തിനൊരുങ്ങി

കോഴിക്കോട്: ജില്ലയില്‍ രണ്ട് പുതിയ കോടതികള്‍ കൂടി ഉടന്‍ ആരംഭിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമക്കേസുകള്‍ പരിഗണിക്കാനുള്ള പ്രത്യേക കോടതി കോഴിക്കോട്ട് ഡിസംബര്‍ മൂന്നിന് കോഴിക്കോടിന്‍െറ ചുമതലയുള്ള ഹൈകോടതി ജഡ്ജി ഉദ്ഘാടനം ചെയ്യും. കുറ്റ്യാടിയില്‍ ആരംഭിക്കുന്ന ജില്ലയിലെ രണ്ടാമത്തെ ഗ്രാമീണ ന്യായാലയം 26ന് ഉദ്ഘാടനം ചെയ്യും. നാലുവിധത്തിലുള്ള കേസുകള്‍ പരിഗണിക്കാനുള്ള പ്രത്യേക കോടതിയായാണ് കോഴിക്കോട്ടെ പുതിയ ന്യായാലയം പ്രവര്‍ത്തിക്കുക. 2005ലെ ബാലാവകാശ കമീഷന്‍ നിയമപ്രകാരമുള്ള കുട്ടികള്‍ക്കായുള്ള പ്രത്യേക കോടതി, കുട്ടികളെ ലൈംഗിക കുറ്റത്തില്‍നിന്ന് സംരക്ഷിക്കാനുള്ള 2012ലെ പോക്സോ നിയമപ്രകാരമുള്ള പ്രത്യേക കോടതി, ഡല്‍ഹി കൂട്ടബലാത്സംഗത്തിനെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനിച്ച സ്ത്രീകള്‍ക്കെതിരായ ആക്രമണം വിചാരണ ചെയ്യാനുള്ള പ്രത്യേക കോടതി എന്നീ നിലകളിലാണ് പുതിയ ന്യായാലയം പ്രവര്‍ത്തിക്കുക. ഡല്‍ഹി കൂട്ടബലാത്സംഗക്കേസിനെ തുടര്‍ന്ന് ക്രൂരമായ കുറ്റം ചെയ്ത 16നും 18നുമിടയില്‍ പ്രായമുള്ളവരുടെ വിചാരണ ജുവനൈല്‍ കോടതിയില്‍നിന്ന് മാറ്റി പ്രത്യേക കോടതിയിലാക്കാമെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിനായുള്ള പ്രത്യേക കോടതിയായും പുതിയ ന്യായാലയം പ്രവര്‍ത്തിക്കും. അതിക്രൂര കുറ്റം ചെയ്തതെന്ന ജുവനൈല്‍ കോടതിയുടെ ശിപാര്‍ശയിലാണ് ഇത്തരം പ്രതികളുടെ കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റുക. വാദിയും പ്രതിയും കാണാതെ കര്‍ട്ടണ്‍ വിരിച്ചുള്ള വിചാരണ, വിചാരണക്കിടെ വിശ്രമിക്കാനും കൗണ്‍സലിങ് നടത്താനുമുള്ള സൗകര്യം തുടങ്ങി പ്രത്യേകതകളേറെയുള്ളതാണ് പുതിയ കോടതി. തിരുവനന്തപുരത്തിനും കൊച്ചിക്കും ശേഷം മൂന്നാമത്തെ കോടതിയാണ് കോഴിക്കോട്ടേത്. ഇപ്പോള്‍ നാല് കോടതികള്‍ പ്രവര്‍ത്തിക്കുന്ന എരഞ്ഞിപ്പാലത്തെ ഹൗസ്ഫെഡ് വാടകകെട്ടിടത്തിലാണ് പുതിയ കോടതി തുടങ്ങുന്നത്. ബ്ളോക്ക് തലത്തില്‍ സംസ്ഥാനത്ത് തുടങ്ങുന്ന 50 ഗ്രാമീണ ന്യായാലയങ്ങളിലൊന്നാണ് കുറ്റ്യാടിയില്‍ വരുന്നത്. കുന്നുമ്മല്‍ ബ്ളോക്കിന്‍െറ കോടതി എന്ന നിലക്ക് കുറ്റ്യാടിയിലെ പുരാതനമായ രജിസേ്ട്രേഷന്‍ ഓഫിസ് കെട്ടിടത്തിലാണ് കോടതി തുടങ്ങുക. പുരാവസ്തു വകുപ്പ് സൗജന്യമായി ഒരു കൊല്ലത്തേക്കാണ് കെട്ടിടം വിട്ടുകൊടുത്തത്. അരലക്ഷം രൂപയില്‍ കൂടാത്ത മൂല്യമുള്ള സിവില്‍ കേസ്, പെട്ടെന്ന് വിചാരണ ചെയ്യാവുന്ന ക്രിമനല്‍ കേസ് എന്നിവക്കൊപ്പം ഗാര്‍ഹിക പീഡനക്കേസുകളും ഇവിടെ വിചാരണ ചെയ്യും. നീതിലഭ്യത ഉറപ്പാക്കുന്നതിന്‍െറ ഭാഗമായി ബ്ളോക്ക് പഞ്ചായത്തുകള്‍ തോറും ന്യായാലയങ്ങളുണ്ടാക്കുകയെന്നതാണ് ലക്ഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.