അഞ്ഞൂറിനെ ഒരുനോക്ക് കാണാന്‍ കൊതിച്ച് ജനം

കോഴിക്കോട്: നോട്ട് നിരോധനത്തിന്‍െറ 15ാം നാളിലും പണത്തിനായി പരക്കംപാച്ചില്‍. അഞ്ഞൂറിനായി എ.ടി.എമ്മുകള്‍ക്കു മുന്നില്‍ നീണ്ട വരിയായിരുന്നു ബുധനാഴ്ചയും. ചില്ലറക്ഷാമത്തിന് പരിഹാരമില്ലാത്തതിനാല്‍ 2000 മാറാനുള്ള ക്യൂവും പെട്രോള്‍പമ്പുകളിലടക്കം രൂപപ്പെട്ടു. ബാങ്കുകളില്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ എത്തുന്നവര്‍ കുറഞ്ഞിട്ടുണ്ടെങ്കിലും പണം അക്കൗണ്ടുകളില്‍നിന്ന് പിന്‍വലിക്കാന്‍ എത്തുന്നവരുടെ തിരക്ക് കുറഞ്ഞിട്ടില്ല. പണമില്ലാത്തതിനാല്‍ പല എ.ടി.എമ്മുകളുടെയും ഷട്ടര്‍ അടഞ്ഞ നിലയിലായിരുന്നു ബുധനാഴ്ച. ചൊവ്വാഴ്ച വൈകീട്ട് സൗത് ഇന്ത്യന്‍ ബാങ്കിന്‍െറ അടക്കം എ.ടി.എമ്മുകളില്‍ അഞ്ഞൂറിന്‍െറ നോട്ടുകള്‍ ലഭ്യമായെങ്കിലും നിമിഷങ്ങള്‍ക്കകം തീര്‍ന്നു. എസ്.ബി.ഐ, എസ്.ബി.ടി പോലുള്ള മുന്‍നിര ബാങ്കുകളില്‍ 500 കണികാണാന്‍ കിട്ടിയില്ല. എസ്.ബി.ഐ, എസ്.ബി.ടി ബാങ്കുകളില്‍ 2000 രൂപയുടെ നോട്ടുകളാണ് ലഭിച്ചത്. ഇവ മാറ്റിയെടുക്കാന്‍ കടകളിലും പെട്രോള്‍പമ്പുകളിലും പലരും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അഞ്ഞൂറിനായി എ.ടി.എമ്മുകള്‍ക്കു മുന്നില്‍ കാത്തുനിന്ന് ഇത് ഇല്ളെന്ന് അറിഞ്ഞ് തിരിച്ചുപോകുന്നവരും ഉണ്ടായിരുന്നു. പലയിടത്തും പണം പെട്ടെന്ന് തീര്‍ന്നുപോകുന്നതും ആളുകളെ വലക്കുകയാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പുവരെ 100 രൂപ നോട്ടുകള്‍ ലഭ്യമായിരുന്നെങ്കിലും ഇവ തീര്‍ന്നതോടെ ഇതര ചെസ്റ്റ് ബാങ്കുകളെ ആശ്രയിക്കുകയാണ് ബാങ്കുകള്‍. തിരുവനന്തപുരത്തെ റിസര്‍വ് ബാങ്കിനെ സമീപിച്ചെങ്കിലും പല ബാങ്കുകള്‍ക്കും ആവശ്യത്തിന് പണം ലഭിച്ചില്ല. ഒഴിവാക്കിയ പഴയ നോട്ടുകള്‍ വീണ്ടും ഉപയോഗത്തിന് എത്തിയതോടെ ബസുകളിലും കടകളിലും മറ്റും ഇത് സ്വീകരിക്കുന്നത് സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടായി. ചില്ലറ കിട്ടിയവര്‍ ഇത് ചെലവഴിക്കാന്‍ മടിക്കുന്നതും ക്ഷാമം രൂക്ഷമാകാന്‍ കാരണമാണ്. 500 രൂപ നോട്ടുകള്‍ വ്യാഴാഴ്ച ജില്ലയില്‍ ആവശ്യത്തിന് എത്തുമെന്ന പ്രതീക്ഷയിലാണ് ബാങ്ക് അധികൃതര്‍. എ.ടി.എമ്മുകളില്‍ മാത്രമേ 500 രൂപ നോട്ടുകള്‍ ലഭ്യമാകാന്‍ ഇടയുള്ളൂ. ബാങ്കില്‍നിന്ന് 2000 രൂപയുടെ നോട്ട് മാത്രം വിതരണം ചെയ്താല്‍ മതിയെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദേശം. പല കടകളിലും പെട്രോള്‍പമ്പുകളിലും വ്യാപാരികള്‍ ഉപഭോക്താക്കളെ മടക്കി അയക്കുകയാണ്. പണം കൊടുക്കാന്‍ കഴിയാത്തതുമൂലം വ്യാപാരരംഗം മാന്ദ്യത്തിന്‍െറ പിടിയില്‍ അമരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.