മണിയൂരിലെ നവോദയ വിദ്യാലയത്തിന് അവഗണന

വടകര: ഏറെ പ്രതീക്ഷയോടെ മണിയൂര്‍ പഞ്ചായത്തിലെ പാലയാട്നടയില്‍ ആരംഭിച്ച നവോദയ വിദ്യാലയം പൂര്‍ണമായും അവഗണനയില്‍. ഈ വിദ്യാലയം സ്ഥാപിച്ചതോടെ മണിയൂര്‍ പഞ്ചായത്തിന്‍െറ പൊതുവായ പുരോഗതിക്കുതന്നെ ഇടയാക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, വിദ്യാലയം 30ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വിദ്യാര്‍ഥികളും സ്കൂള്‍ അധികൃതരും അനുഭവിക്കുന്ന പ്രയാസത്തിന് കൈയുംകണക്കുമില്ല. കെട്ടിടങ്ങളുടെ ശോച്യാവസ്ഥയാണ് ഏറ്റവും വലിയ ഭീഷണിയായിട്ടുള്ളത്. ഇതിനുപുറമെ ഇലക്ട്രിക് സംവിധാനം കുത്തഴിഞ്ഞ അവസ്ഥയിലാണ്. നവോദയ വിദ്യാലയത്തിന്‍െറ അക്കാദമിക് ബ്ളോക്കും അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കും അപകടാവസ്ഥയിലാണ്. ഇത് മഴക്കാലത്ത് ചോര്‍ന്നൊലിക്കുക പതിവാണ്. ഇത്തവണ തുലാമഴ കിട്ടാത്തതിനാല്‍ അത്തരം ദുരിതം ഒഴിവായെന്നാണിവര്‍ പറയുന്നത്. നാട്ടുകാരായ വിദ്യാര്‍ഥികള്‍ കുറവായതിനാല്‍ ഇത്തരം പ്രയാസങ്ങള്‍ പുറത്തറിയാറില്ല. വിദ്യാര്‍ഥികളുടെ ഡോര്‍മെറ്ററിയും അടുക്കളയും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. അധ്യാപകര്‍ താമസിക്കുന്ന ഹോസ്റ്റലിന്‍െറ ചുമരുകളില്‍ വിള്ളലുകള്‍ രൂപപ്പെട്ടിട്ട് നാളേറെയായി. വിദ്യാലയത്തിലെ തകര്‍ന്ന ഇലക്ട്രിക് സംവിധാനം വിദ്യാര്‍ഥികളുടെ ജീവനുതന്നെ ഭീഷണിയായിരിക്കുകയാണെന്നാണ് ആക്ഷേപം. പൊട്ടിപ്പൊളിഞ്ഞ കക്കൂസ് സംവിധാനം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും പറയുന്നു. ഇത്തരം ദുരിതങ്ങള്‍ യഥാസമയം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും സമയബന്ധിതമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ വിദ്യാലത്തിന്‍െറ നിലനില്‍പിനെതന്നെ ഈ ശോച്യാവസ്ഥ ബാധിക്കുമെന്നാണ് പറയുന്നത്. 1987ലാണ് വിദ്യാലയം മണിയൂരില്‍ സ്ഥാപിച്ചത്. വിദ്യാലയത്തിന്‍െറ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ക്ക് ഭരണാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നവോദയ വിദ്യാലയ സമിതി കമീഷണര്‍ വിശ്വജിത്ത് കുമാര്‍ സിങ്ങിനു കത്ത് നല്‍കിയതായി പാര്‍ലമെന്‍റ് മാനുഷിക വിഭവശേഷി വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗംകൂടിയായ മുല്ലപ്പള്ളി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.