അനുമതി വാങ്ങാത്ത കേബ്ള്‍ ടി.വി ഓപറേറ്റര്‍മാര്‍ക്കെതിരെ നടപടി –കലക്ടര്‍

കോഴിക്കോട്: ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍നിന്ന് അനുമതി വാങ്ങാതെ പ്രവര്‍ത്തിക്കുന്ന കേബ്ള്‍ ടി.വി ഓപറേറ്റര്‍മാര്‍ അടിയന്തരമായി അനുമതി നേടണമെന്ന് ജില്ല കലക്ടര്‍. ജില്ല വൈദ്യുതി അപകട നിവാരണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃത കേബ്ള്‍ ടി.വി ലൈന്‍ മൂലം അപകടങ്ങള്‍ ഉണ്ടാവുന്നുണ്ട്. 2014-15 വര്‍ഷം രണ്ടുപേര്‍ കേബ്ള്‍ ടി.വി അപകടങ്ങള്‍മൂലം മരിച്ചിട്ടുണ്ട്. ജില്ലയില്‍ ഒരു ഓപറേറ്റര്‍ മാത്രമേ അനുമതി നേടിയിട്ടുള്ളൂവെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കി അനുമതി നേടാത്തപക്ഷം കണക്ഷന്‍ വിച്ഛേദിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വയര്‍മാന്‍ പെര്‍മിറ്റ്, ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ ലൈസന്‍സ് എന്നിവ ഇല്ലാത്തവര്‍ അനധികൃതമായി വയറിങ് ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. സര്‍ക്കാര്‍ അംഗീകൃത ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറുടെ മേല്‍നോട്ടത്തില്‍ വയര്‍മാന്‍ പെര്‍മിറ്റ്/ അപ്രന്‍റീസ് രജിസ്ട്രേഷന്‍ ഉള്ളവര്‍ മാത്രമേ വയറിങ് ചെയ്യാവൂ. അല്ലാതെയുള്ള വയറിങ് സംവിധാനത്തിന് ഇലക്ട്രിക്കല്‍ കണക്ഷന്‍ നല്‍കാന്‍ പാടില്ളെന്നും അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഫോര്‍മറുകളിലും പോസ്റ്റുകളിലും പൊതുജനങ്ങള്‍ കയറി ജോലി ചെയ്യരുത്. കെ.എസ്.ഇ.ബി സപൈ്ള ഉപയോഗിച്ച് കൃഷിസ്ഥലത്തിന് ചുറ്റുമുള്ള കമ്പിവേലികള്‍ ചാര്‍ജ് ചെയ്യുന്നതും കുറ്റകരമാണ്. വൈദ്യുതി ലൈനുകള്‍ക്ക് സമീപത്തും അടിയിലും കെട്ടിടം നിര്‍മിക്കുന്നതിനു മുമ്പ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ അനുവാദം വാങ്ങണം. പൊതുയോഗങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കമാനങ്ങള്‍, കൊടിതോരണങ്ങള്‍ എന്നിവ വൈദ്യുതി പോസ്റ്റുകളിലും ട്രാസ്ഫോര്‍മര്‍ സ്ട്രെക്ചറിലും കെട്ടരുതെന്നും നിര്‍ദേശിച്ചു. കേബ്ള്‍ ടി.വിയുടെ കണക്ടര്‍ ടി.വിയുടെ പുറകുവശത്ത് ഘടിപ്പിക്കുമ്പോള്‍ അഡാപ്റ്ററിന്‍െറ ഉള്‍വശത്ത് സ്പര്‍ശിക്കരുത്. വൈദ്യുതി പ്രവഹിക്കാത്ത അടപ്പ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. വൈദ്യുതി കമ്പി പൊട്ടിവീണാല്‍ ഉടന്‍ കെ.എസ്.ഇ.ബി അധികൃതരെ അറിയിക്കണമെന്നും അറിയിച്ചു. യോഗത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടററേറ്റ്, കെ.എസ്.ഇ.ബി, പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.