കോഴിക്കോട്: നോട്ടുകുരുക്ക് ദുരിതമായി തുടരുമ്പോള്‍ ബാങ്കുകള്‍ക്ക് മുന്നിലെ തിരക്ക് മറച്ചുപിടിക്കാന്‍ പൊടിക്കൈകളുമായി അധികൃതര്‍. ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയാണ് ബാങ്കുകള്‍ വന്‍ തിരക്ക് മറച്ചുപിടിക്കുന്നത്. എന്നാല്‍, ടോക്കണ്‍ സമ്പ്രദായം ഇടപാടുകാര്‍ പലതവണ ബാങ്ക് കയറിയിറങ്ങാന്‍ ഇടയാക്കുകയാണ്. പ്രതിദിനം മുന്നൂറോളം പേര്‍ക്കാണ് പല ബാങ്കുകളും ടോക്കണ്‍ നല്‍കുന്നത്. ഇവര്‍ക്ക് അടുത്ത ദിവസമാണ് പണം ലഭിക്കുക. ടോക്കണില്‍ അവസാനം എത്തുന്നവരോട് ഫോണ്‍നമ്പര്‍ വാങ്ങി, വിളിച്ചിട്ട് വന്നാല്‍ മതിയെന്നും നിര്‍ദേശിക്കുന്നുണ്ട്. ഇതുകാരണം ഒരു പ്രാവശ്യം പണം ലഭിക്കാന്‍ മൂന്നു തവണ ബാങ്കില്‍ പോകേണ്ട അവസ്ഥയാണ്. സഹകരണ ബാങ്കുകളില്‍ നോട്ട് മാറ്റ നിരോധം വന്നതോടെ സ്വന്തം ബാങ്കുകളില്‍നിന്നുതന്നെ ഇടപാടുകള്‍ നടത്താനാണ് ആളുകള്‍ ശ്രമിക്കുന്നത്. പ്രധാന ബാങ്കുകള്‍ ചില്ലറ നല്‍കുന്നുണ്ടെങ്കിലും മിക്കവയും ഇതിന് മടിക്കുന്നതായും ആക്ഷേപമുണ്ട്. ചില്ലറ കൊടുക്കുന്ന ബാങ്കുകളില്‍തന്നെ 4500 രൂപക്ക് പകരം ആയിരത്തിനും രണ്ടായിരത്തിനുമൊക്കെയാണ് ചില്ലറ നല്‍കുന്നത്. അടുത്ത ചില്ലറക്ക് വേണ്ടി ഇവര്‍ വീണ്ടും ബാങ്ക് കയറേണ്ടിവരും. നോട്ട് ക്ഷാമം രൂക്ഷമായതോടെ പല ബാങ്കുകളും പഴകിയ നോട്ടുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. എസ്.ബി.ഐ, എസ്.ബി.ടി, കനറാ, ഫെഡറല്‍ അടക്കമുള്ള ബാങ്കുകളില്‍ മെയിന്‍ കറന്‍സി ചെസ്റ്റിലേക്ക് അടയ്ക്കാന്‍ ഏല്‍പിച്ച നൂറിന്‍െറയും അമ്പതിന്‍െറയും തിരിച്ചുവിളിച്ച നോട്ടുകള്‍ നല്‍കുകയാണ്. എട്ടുവര്‍ഷം മുമ്പ് ബണ്ടിലാക്കിയ ഇരുപതിന്‍െറയും പത്തിന്‍െറയുമെല്ലാം നോട്ടുകള്‍ അടക്കം നല്‍കുന്നതായി പറയുന്നു. കോഴിക്കോട് പാളയത്തെ ഒരു ബാങ്കിലൂടെ ഉപഭോക്താവിന് ലഭിച്ച ഇരുപതിന്‍െറ കെട്ടുകള്‍ 2008ല്‍ എസ്.ബി.ഐയുടെ കൊടുവള്ളി ബ്രാഞ്ചില്‍ ബണ്ടിലാക്കിയതായാണെന്ന് നോട്ടിന്‍െറ കൗണ്ടര്‍ഫോയിലില്‍നിന്ന് വ്യക്തമായി. രൂക്ഷമായ പൂപ്പല്‍ മണം കാരണമാണ് കെട്ട് പരിശോധിച്ചത്. 75 ശതമാനം എ.ടി.എമ്മുകളില്‍നിന്നും ആവശ്യക്കാര്‍ക്ക് പണം ലഭ്യമല്ല. കോഴിക്കോട് വൈ.എം.സി.എക്ക് സമീപത്തെ എ.ടി.എമ്മില്‍ രാത്രി 12 വരെ നിത്യവും വരിയാണ്. എ.ടി.എമ്മുകളില്‍നിന്ന് രണ്ടായിരം രൂപ ലഭിച്ചവര്‍ ഇതുമായി വലയുകയാണ്. മെഡിക്കല്‍ കോളജിന് സമീപത്തെ കാരുണ്യ മെഡിക്കല്‍ ഷോപ്പിലടക്കം രണ്ടായിരം രൂപയുടെ നോട്ടുകള്‍ എടുക്കുന്നില്ല. ഇങ്ങനെ രണ്ടായിരം രൂപയുമായി എത്തിയ ആള്‍ക്ക് ആയിരം രൂപയുടെ പഴയ നോട്ടാണ് ബാക്കി നല്‍കിയത്. ഇത് മാറാന്‍ വീണ്ടും അലയേണ്ട അവസ്ഥയായി. അഞ്ഞൂറിന്‍െറ പുതിയ നോട്ടുകള്‍ എത്തിയാലേ ഇപ്പോഴത്തെ പ്രതിസന്ധിക്ക് നേരിയ പരിഹാരമാവൂ എന്നാണ് വിലയിരുത്തല്‍. എന്നാല്‍, അഞ്ഞൂറിന്‍െറ പുതിയ നോട്ടുകള്‍ വിപണിയിലത്തെണമെങ്കില്‍ ഇനിയും ഏറെ ദിവസങ്ങളെടുക്കുമെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.