കൊയിലോട്ടുപാറ ക്വാറിക്കെതിരെ പരിസരവാസികള്‍

നരിക്കുനി: വീര്യമ്പ്രം കൊയിലോട്ടുപാറ ജിയോ എന്‍റര്‍പ്രൈസസ് എന്ന സ്ഥാപനം നടത്തുന്ന കരിങ്കല്‍ ക്വാറി സമീപ വാസികളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നതായി പരിസര സംരക്ഷണ സമിതി. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നിര്‍ണയിച്ചു കൊടുത്ത സ്ഥലത്തു നിന്നും ഏക്കറുകള്‍മാറി കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തില്‍ മലയില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ വീടിനുമേല്‍ കരിങ്കല്ല് തെറിച്ചു വീണ് മേല്‍ക്കൂര തകര്‍ന്നിരുന്നു. ഇതിനെതിരെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഒരാഴ്ചയോളം നിര്‍ത്തി വെച്ചിരുന്നു. പിന്നീട് ബാലുശ്ശേരി പൊലീസ് ഇടപെട്ട് ക്വാറിക്ക് ലൈസന്‍സുണ്ടെന്ന കാരണത്താല്‍ ഖനനം തുടരാന്‍ അനുമതി നല്‍കുകയായിരുന്നുവെന്ന് സമിതി കുറ്റപ്പെടുത്തി. 5000ല്‍ താഴെ പാസും 3000ടണ്‍ ഖനന അനുമതിയുമുള്ള ഈ ക്വാറിയില്‍ നിന്ന് ദിവസേന 300 ലോഡുകള്‍ കടത്തുന്നതായി സമിതി പറയുന്നു. ലൈസന്‍സ് മറയാക്കി നടത്തുന്ന അത്യുഗ്ര സ്ഫോടനം മൂലം സമീപത്തെ വീടുകള്‍ക്കും കിണറുകള്‍ക്കും വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും 150 അടിയിലധികം താഴ്ചയില്‍ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ടെന്നും സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. പ്രദേശത്തിന്‍െറ സന്തുലാവസ്ഥ തകര്‍ക്കുന്ന ക്വാറിക്കെതിരെ നാട്ടുകാര്‍ പരിസര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമര പരിപാടികള്‍ക്ക് രൂപം നല്‍കി. കഴിഞ്ഞ ദിവസം നടന്ന ജനകീയ കണ്‍വെന്‍ഷനില്‍ എം. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. സത്യന്‍ (സി.പി.എം), മുഹമ്മദ് റഷീദ് (മുസ്ലിം ലീഗ്), പി.സി. സദാനന്ദന്‍ (ബി.ജെ.പി), അശ്റഫ് വാഴയില്‍ (എസ്.ഡി.പി.ഐ), ജെ.എച്.ഐ റഷീദ്, കെ.ഇ. ഷൈജു, ഷാജി, ആറങ്ങാട്ട് അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.