ജില്ലക്ക് സമഗ്ര വരള്‍ച്ച നിവാരണ പദ്ധതി

കോഴിക്കോട്: കുടിവെള്ളക്ഷാമം നേരിടാന്‍ ജില്ല ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ നടപടി തുടങ്ങി. ജില്ലക്കായി സമഗ്ര വരള്‍ച്ച നിവാരണ പദ്ധതി രൂപവത്കരിക്കാനും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കുടിവെള്ള വിതരണ കിയോസ്കുകള്‍ സ്ഥാപിക്കാനുമാണ് തീരുമാനം. കലക്ടറേറ്റില്‍ ജില്ല കലക്ടര്‍ എന്‍. പ്രശാന്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. വരാനിരിക്കുന്ന കടുത്ത വരള്‍ച്ചയെ നേരിടാന്‍ ആവശ്യമായ എല്ലാവിധ മുന്‍കരുതലുകളും റവന്യൂ, തദ്ദേശ സ്വയംഭരണ, വാട്ടര്‍ അതോറിറ്റി വിഭാഗങ്ങള്‍ സ്വീകരിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കുടിവെള്ള വിതരണത്തിന് ഉചിതമായ സ്ഥലം കണ്ടത്തെണം. ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളില്‍ 1226 വാര്‍ഡുകളും മുനിസിപ്പാലിറ്റികളില്‍ 265 വാര്‍ഡുകളും കോര്‍പറേഷനില്‍ 75 വാര്‍ഡുകളുമാണുള്ളത്. ഓരോ വാര്‍ഡിലും കുടിവെള്ള സംഭരണത്തിനും വിതരണത്തിനുമായി 5000 ലിറ്ററിന്‍െറ ടാങ്കുകള്‍ സ്ഥാപിക്കും. ആവശ്യമെന്ന് തോന്നുന്നപക്ഷം കൂടുതല്‍ കിയോസ്കുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു. ഈ മാസം 25നുള്ളില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ വഴി കലക്ടറേറ്റില്‍ സമര്‍പ്പിക്കണം. ഡിസംബര്‍ 15നകം കിയോസ്കുകള്‍ സ്ഥാപിച്ച് ജനുവരിയോടെ കുടിവെള്ള വിതരണം ആരംഭിക്കണം. കുടിവെള്ള വിതരണത്തിന് മുന്‍കാലങ്ങളിലുണ്ടായ ഭാരിച്ച ചെലവ് ലഘൂകരിക്കാനാണ് കിയോസ്കുകള്‍ സ്ഥാപിക്കുന്നത്. മുന്‍വര്‍ഷം ഈ ഇനത്തില്‍ ലിറ്ററിന് 2.71 രൂപ ചെലവായിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ ഇതിലും കൂടുതല്‍ ചെലവായി. കുടിവെള്ള സ്രോതസ്സുകള്‍ നവീകരിക്കാന്‍ സാമ്പത്തിക സഹായം ഉള്‍പ്പെടെ പരിഗണിക്കും. അരുവികളും കനാലുകളും പുഴകളും അരിക് കെട്ടി സംരക്ഷിക്കാന്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തും. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ മുന്‍വര്‍ഷങ്ങളില്‍ സ്ഥാപിച്ച മഴവെള്ള സംഭരണികളുടെ അറ്റകുറ്റപ്പണികള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. കുടിവെള്ള വിതരണത്തിന്‍െറ ഏകോപനത്തിന് താലൂക്ക് തലത്തില്‍ വിവിധ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. കോഴിക്കോട് താലൂക്കില്‍ സബ്കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, എ.ഡി.എം ടി. ജനില്‍കുമാര്‍ എന്നിവര്‍ക്കാണ് ചുമതല. കൊയിലാണ്ടിയില്‍ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.വി. രഘുരാജ് വടകരയില്‍ റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ കെ.കെ. അനില്‍കുമാര്‍, താമരശ്ശേരിയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കാണ് ചുമതല. യോഗത്തില്‍ എം.എല്‍.എമാരായ പി.ടി.എ റഹീം, കാരാട്ട് അബ്ദുറസാഖ്, ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുന്നാസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.