കിഫ്ബിയില്‍ മാനാഞ്ചിറ –വെള്ളിമാട്കുന്ന് റോഡിന് പണമില്ല

കോഴിക്കോട്: കിഫ്ബിയിലും മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് പണമില്ല. തിങ്കളാഴ്ച ചേര്‍ന്ന കിഫ്ബിയുടെ ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ നടപ്പാക്കുന്ന പദ്ധതികളില്‍ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡില്ല. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡിന്‍െറ (കിഫ്ബി) ആദ്യ പദ്ധതിയായി ഈ റോഡിന് പണം അനുവദിക്കുമെന്ന് പറഞ്ഞ ധനമന്ത്രിയുടെ ഉറപ്പാണ് ഇതോടെ ലംഘിക്കപ്പെട്ടത്. നിലവില്‍ ബജറ്റില്‍ പ്രഖ്യാപിച്ച റോഡുകള്‍ക്കാണ് കിഫ്ബിയിലൂടെ പണം അനുവദിച്ചിട്ടുള്ളതെങ്കിലും സര്‍ക്കാര്‍ ഇടപെട്ടിരുന്നെങ്കില്‍ ഈ റോഡിന് പണം അനുവദിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, റോഡ് ഫണ്ട് ബോര്‍ഡും മറ്റു ഉദ്യോഗസ്ഥരും വേണ്ട നടപടി സ്വീകരിച്ചിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുകയായിരുന്നുവെന്നതിന് തെളിവായി ആദ്യ ഡയറക്ടറേറ്റ് ബോര്‍ഡ് യോഗത്തിലെ അവഗണന. പണമില്ല എന്ന് ആക്ഷന്‍ കമ്മിറ്റിയും മറ്റു സമരക്കാരും നിരന്തരം പരാതിപ്പെട്ടിട്ടും ഈ റോഡ് വികസനത്തില്‍ മുന്‍ സര്‍ക്കാറുകള്‍ സ്വീകരിച്ചിരുന്ന അതേ അലസതയാണ് ഇപ്പോഴത്തെ സര്‍ക്കാറും തുടരുന്നതെന്ന സൂചനയും ഇത് നല്‍കുന്നു. ജില്ലയിലെ മറ്റു ഏഴോളം റോഡുകള്‍ക്ക് കിഫ്ബിയിലൂടെ പണം അനുവദിച്ചപ്പോഴും ദേശീയപാതയുടെ ഭാഗമായ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന് ഒരു രൂപപോലും നീക്കിവെച്ചില്ളെന്നതാണ് വിചിത്രം. രണ്ടു ഘട്ടങ്ങളില്‍ ലഭിച്ച 60 കോടി ഉപയോഗിച്ചാണ് പലഭാഗത്തായി സ്ഥലമേറ്റെടുത്തത്. ഏറ്റവും അപകടമേഖലയായ കിഴക്കെ നടക്കാവില്‍ അടിയന്തരമായി സ്ഥലമേറ്റെടുക്കണമെങ്കില്‍ പണം വേണം. പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡോ. എം.ജി.എസ്. നാരായണന്‍െറ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി ധനമന്ത്രി ഡോ. തോമസ് ഐസക്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥലം എം.എല്‍.എ എ. പ്രദീപ്കുമാറിന്‍െറ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയിലാണ് റോഡിന് ആവശ്യമായ മുഴുവന്‍ തുകയും നല്‍കുമെന്നും കിഫ്ബിയുടെ ആദ്യ പദ്ധതിയായി നടപ്പാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയത്. ഇനി ഇതിനായി എം.ജി.എസ്. നാരായണന്‍ സമരം ചെയ്യേണ്ടിവരില്ളെന്നും അന്ന് ധനമന്ത്രി പറഞ്ഞു. ബജറ്റില്‍ ഈ റോഡിനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ളെങ്കിലും നിലവിലുള്ള പദ്ധതിയായതിനാല്‍ ബജറ്റില്‍ ഇല്ളെങ്കിലും നടപ്പാക്കുമെന്നായിരുന്നു അന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, കിഫ്ബിയുടെ ആദ്യ യോഗത്തിനുശേഷവും പദ്ധതികളിലെവിടെയും ഈ റോഡിനെക്കുറിച്ച് പറയുന്നില്ല. സ്ഥലം ഏറ്റെടുക്കാനായി 284 കോടിയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടും നയാപൈസപോലും കിട്ടിയില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സര്‍ക്കാര്‍ വാഗ്ദാനലംഘനം നടത്തിയിരിക്കുകയാണെന്നതാണ് ഉയരുന്ന പ്രധാന ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.