പട്ടാപ്പകല്‍ 17.5 ലക്ഷം കവര്‍ന്ന സംഭവം: പൊലീസ് ഇരുട്ടില്‍ തപ്പുന്നു

കോഴിക്കോട്: പണമിടപാട് സ്ഥാപന ജീവനക്കാര്‍ സഞ്ചരിച്ച സ്കൂട്ടര്‍ തട്ടിയെടുത്ത് 17.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ അന്വേഷണം ഇഴയുന്നു. പട്ടാപ്പകല്‍ നഗരമധ്യത്തില്‍ നടന്ന വന്‍ കവര്‍ച്ച സംബന്ധിച്ച് പ്രത്യേക സംഘത്തിന്‍െറ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി പത്ത് ദിവസം കഴിഞ്ഞിട്ടും പൊലീസിന് കാര്യമായ സൂചനയൊന്നും ലഭിച്ചിട്ടില്ല. ഒക്ടോബര്‍ 27ന് വൈകുന്നേരം നാലോടെയായിരുന്നു നഗരവാസികളെ ഞെട്ടിച്ച കവര്‍ച്ച. മോഷ്ടാക്കളെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മുഖമുള്‍പ്പെടെ റോഡരികിലെ സി.സി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കവര്‍ച്ച നടത്തിയവര്‍ ഓടിച്ച ബൈക്കും കാമറയില്‍ പതിഞ്ഞിരുന്നെങ്കിലും വാഹനത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റി. എത്ര പേരാണ് കവര്‍ച്ചക്ക് പിന്നിലെന്നത് സംബന്ധിച്ച് പോലും ധാരണയുണ്ടാക്കാനായിട്ടില്ല. സ്ഥിരം മോഷ്ടാക്കളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാനാണ് കസബ സി.ഐ പ്രമോദിന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്‍െറ തീരുമാനം. കവര്‍ച്ച നടന്ന സമയത്ത് സമീപത്തുള്ള മൊബൈല്‍ ടവറുകളില്‍ കിട്ടിയ ഫോണ്‍കാളുകളുടെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. എല്ലാ മൊബൈല്‍ ദാതാക്കളില്‍നിന്നും കാള്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലും പുറത്തും സമാന രീതിയില്‍ കവര്‍ച്ച നടത്തിയ സംഘത്തെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. കൂടാതെ സമീപകാലത്ത് ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞും പരോളിലും പുറത്തിറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. നാല് ബൈക്കുകളാണ് കവര്‍ച്ചക്ക് ഉപയോഗിച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മൊയ്തീന്‍ പള്ളി റോഡിലെ ഒയാസിസ് കോംപ്ളക്സില്‍ പ്രവര്‍ത്തിക്കുന്ന സമൃദ്ധി എന്ന പണമിടപാട് കേന്ദ്രത്തിലേക്ക് കൊണ്ടുപോയ 17.5 ലക്ഷം രൂപയാണ് കവര്‍ന്നത്. കെ.എല്‍. 11 എ.ജി. 4476 വെള്ള ആക്ടിവ സ്കൂട്ടറിന്‍െറ സീറ്റിനടിയില്‍ കവറില്‍ സൂക്ഷിച്ച പണവുമായി സ്ഥാപനത്തിലെ ജീവനക്കാരായ പ്രതാപനും കരീമും പോകുമ്പോഴാണ് മാവൂര്‍ റോഡ് കണ്ണങ്കണ്ടി ഷോറൂമിന് സമീപമുള്ള ഇടവഴിയില്‍ മൂന്നുപേര്‍ ആക്രമിച്ചത്. പള്‍സര്‍ ബൈക്കിലത്തെിയ മൂന്നു പേര്‍ സ്കൂട്ടറിന് കുറുകെ നിര്‍ത്തുകയും മര്‍ദിക്കുകയുമായിരുന്നു. ഇതിനിടെ ഒരാള്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് രാജാജി റോഡ് ഭാഗത്തേക്ക് ഓടിച്ചു പോയി. മറ്റു രണ്ടു പേര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. യൂനിറ്റി സെന്‍റര്‍ റോഡ് വഴി രാജാജി റോഡിലത്തെിയ ഇവര്‍ പുതിയറ ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതിന്‍െറ ദൃശ്യങ്ങള്‍ പ്രദേശത്തെ സി.സി ടി.വി കാമറയില്‍നിന്നും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്കൂട്ടറിനു പിന്നാലെ പ്രതികള്‍ പള്‍സറില്‍ പിന്തുടര്‍ന്നിരുന്നു. പള്‍സറില്‍ മൂന്ന് പേര്‍ യാത്ര ചെയ്യുന്നതിന്‍െറ ദൃശ്യവും പൊലീസിനു ലഭിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ പുതിയറ എ.എം മോട്ടോഴ്സിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ കണ്ടത്തെിയിരുന്നു. എന്നാല്‍, പണം നഷ്ടപ്പെട്ടിരുന്നു. വിദേശ കറന്‍സി ഇടപാട് നടത്തുന്ന സ്ഥാപനമായ സമൃദ്ധിയില്‍നിന്ന് കഴിഞ്ഞ വര്‍ഷവും 55 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പട്ടിട്ടുണ്ട്. ഈ സംഭവത്തില്‍ സ്ഥാപനത്തിലെ ഒരു ജീവനക്കാരനെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ജീവനക്കാര്‍ പണവുമായി പോകുന്ന വിവരം ഇതേ സ്ഥാപനത്തിലെ തന്നെ ചിലര്‍ ചോര്‍ത്തിയതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.