അരുണിമക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി: നിയന്ത്രിക്കാനാളില്ലാതെ താമരശ്ശേരി ബസ്സ്റ്റാന്‍റ്; പൊലീസ് എയിഡ്പോസ്റ്റ് നോക്കുകുത്തി

താമരശ്ശേരി: ബസുകള്‍ക്കിടയില്‍പ്പെട്ട് ദാരുണമായി മരിച്ച അരുണിമക്ക് ഗ്രാമത്തിന്‍െറ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. താമരശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി അണ്ടോണ ചക്കിക്കാവ് പാലാട്ട് സുരേഷിന്‍െറ മകള്‍ അരുണിമ സുരേഷാണ് ബസുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ താമരശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡിലായിരുന്നു അപകടം. ഷാമില്‍ എന്ന സ്വകാര്യ ബസില്‍നിന്നിറങ്ങി സഹപാഠികള്‍ക്കൊപ്പം നടന്നുപോകവെ അമിതവേഗതയില്‍ വന്ന കെ.എസ്.ആര്‍.ടി.സി ബസ് അതിവേഗം വളച്ചപ്പോള്‍ പിന്‍ഭാഗം സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. ഇരുബസുകള്‍ക്കുമിടയില്‍ അരുണിമ അകപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് വീട്ടിലത്തെുന്നതിന് മുമ്പ് തന്നെ സഹപാഠികളടക്കമുള്ള വന്‍ജനാവലി അരുണിമയെ ഒരുനോക്കു കാണാന്‍ കാത്തുനിന്നിരുന്നു. മൃതദേഹം വീട്ടിലത്തെിച്ചപ്പോഴേക്കും കുടുംബാഗങ്ങളുടെയും സഹപാഠികളുടെയും കൂട്ടനിലവിളി കണ്ടുനില്‍ക്കാനാകാതെ എല്ലാവരും തേങ്ങി. നാലരയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. നൂറുകണക്കിനാളുകളാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. പുതിയ ബസ്റ്റാന്‍റില്‍ ബസുകള്‍ക്ക് നിയന്ത്രണമില്ലാത്തത് അപകടങ്ങള്‍ക്ക് പ്രധാന കാരണമാണ്. പല ബസുകളും ട്രാക്കില്‍ കയറ്റാതെ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും പതിവാണ്. ഇതുമൂലം യാത്രക്കാര്‍ തലങ്ങുവിലങ്ങും ഓടേണ്ട ഗതികേടിലാണ്. ബസുകളുടെ അമിത വേഗതയില്‍ സ്റ്റാന്‍ഡിലേക്കുള്ള വരവും പോക്കും പലപ്പോഴും അപകടത്തിന് കാരണമാകാറുണ്ട്. അരുണിമ സുരേഷിന്‍െറ ദാരുണ അന്ത്യത്തിന്‍െറ കാരണങ്ങളിലൊന്ന് ബസ് ട്രാക്കില്‍ കയറ്റാതെ പുറത്ത് യാത്രക്കാരെയിറക്കിയതാണ്. ബസ്സ്റ്റാന്‍ഡിനുള്ളില്‍ പൊലീസ് എയ്ഡ്പോസ്റ്റുണ്ടെങ്കിലും ഡ്യൂട്ടിക്ക് പൊലീസില്ലാത്തതിനാല്‍ നോക്കുകുത്തിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.