പുതിയാപ്പിലെ കുടിവെള്ള ടാങ്ക് നോക്കുകുത്തി

വടകര: ജലഅതോറിറ്റിയുടെ പുതിയാപ്പിലെ രണ്ടാമത്തെ ടാങ്കും പരിസരവും ഉപയോഗിക്കാതെ കാടുമൂടി കിടക്കുന്നു. ടാങ്കിന്‍െറ ഉയരക്കുറവുകാരണം പമ്പിങ്ങില്‍ പ്രയാസം നേരിട്ടതോടെയാണ് ഈ സ്ഥലം അനാഥമായത്. ഇതോടെ, നാട്ടുകാര്‍ക്കിത് മാലിന്യനിക്ഷേപ കേന്ദ്രമായി മാറുകയാണ്. പുതിയാപ്പ്-ട്രെയിനിങ് സ്കൂള്‍ റോഡിലാണ് 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് ഉപയോഗശൂന്യമായി കിടക്കുന്നത്. കെട്ടിടത്തിലേക്കുവരെ കാട് വളര്‍ന്നുകഴിഞ്ഞു. ടാങ്കിന്‍െറ പരിസരമാകെ കാടുമൂടി കിടക്കുകയാണിപ്പോള്‍. ഇതോടെയാണ് ഇഴജന്തുക്കളുടെയും മറ്റും വിഹാരകേന്ദ്രമായി മാറിയത്. ഇവിടെ കൂട്ടിയിട്ട പൈപ്പുകളും നശിക്കുകയാണ്. പഴയകാലത്തെ പ്രിമോ പൈപ്പുകളാണിവിടെ കൂട്ടിയിട്ടത്. മുമ്പ് ഗുളികപ്പുഴയില്‍ നിന്ന് വടകരയിലേക്ക് വെള്ളം എത്തിച്ചിരുന്നത് പ്രിമോ പൈപ്പ് വഴിയായിരുന്നു. ഇത്തരം പൈപ്പുകള്‍ എളുപ്പം പൊട്ടിപ്പോകുന്ന സാഹചര്യത്തിലാണിവ മാറ്റിയത്. ഇപ്പോള്‍ ഡി. അയേണ്‍ പൈപ്പുകളാണ് സ്ഥാപിക്കുന്നത്. പഴയ പ്രിമോ പൈപ്പുകള്‍ പൂര്‍ണമായും ഉപയോഗശൂന്യമായി. ലക്ഷങ്ങള്‍ വിലപിടിപ്പുള്ള പൈപ്പുകളാണ് നശിക്കുന്നത്. ഇത്തരം പൈപ്പുകള്‍ നിലവില്‍ ഓവുചാലുകള്‍ക്കും മറ്റുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍, മറ്റാവശ്യങ്ങള്‍ക്ക് നല്‍കാന്‍ ജലഅതോറിറ്റിക്ക് കഴിയില്ല. ഗുളികപ്പുഴയില്‍ നിന്ന് വടകരയിലേക്ക് എത്തിക്കുന്ന വെള്ളം നേരത്തെ നാല് ടാങ്കുകള്‍ വഴിയാണ് വിതരണം ചെയ്തിരുന്നത്. പുതിയാപ്പിലെ രണ്ടു ടാങ്കുകള്‍, ജനത റോഡ്, ആവങ്കോട്ടുമല എന്നിവിടങ്ങളിലാണ് ടാങ്കുകളുള്ളത്. ഇതില്‍ പുതിയാപ്പ് ട്രെയിനിങ് സ്കൂള്‍ റോഡിലെ ടാങ്കില്‍ വെള്ളം സംഭരിക്കുന്നത് നിര്‍ത്തിയത് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ഈ ടാങ്കില്‍ നിന്ന് വെള്ളം വിതരണം ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ്. പുതിയാപ്പിലെ പഴയ ടാങ്കിനെ അപേക്ഷിച്ച് 13 മീറ്ററോളം ഉയരക്കുറവാണിതിന്. ഇതോടെ, ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ഈ ടാങ്കില്‍ നിന്ന് വെള്ളം വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല. ഇതുവഴിയുള്ള ജലവിതരണം നിര്‍ത്തിയത് നഗരസഭയിലെ ജലവിതരണത്തെ ബാധിച്ചിട്ടില്ല. ഈ ടാങ്കും കൂടി ഉപയോഗപ്പെടുത്താനായാല്‍ ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനാകുമെന്നാണ് വിലയിരുത്തല്‍. താഴ്ന്ന പ്രദേശങ്ങളിലേക്കുമാത്രം ഈ ടാങ്കില്‍ നിന്ന് വെള്ളം വിതരണം ചെയ്യുന്ന സംവിധാനം ഏര്‍പ്പെടുത്തിയാല്‍ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് ജലഅതോറിറ്റിയുടെ നിലപാട്. ഇതിനായി നേരത്തെ അതോറിറ്റി പദ്ധതി ആസൂത്രണം ചെയ്തെങ്കിലും നടപ്പായില്ല. വടകരയിലെ ഭൂമിയുടെ ഘടന ഇതിന് യോജിച്ചതല്ളെന്നും അഭിപ്രായമുണ്ട്. താഴ്ന്നതും ഉയര്‍ന്നതുമായ പ്രദേശങ്ങള്‍ അടുത്തടുത്താണ് കിടക്കുന്നത്. ടാങ്കിന് കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍, നിര്‍മിക്കുന്ന വേളയില്‍ കൃത്യമായ പഠനം നടത്താത്തതിനാലാണ് ഈ കെട്ടിടവും ടാങ്കും സ്ഥലം മുടക്കിയായി മാറാനിടയാക്കിയതെന്ന് ആക്ഷേപമുണ്ട്. ഗുളികപ്പുഴ പദ്ധതി ആരംഭിച്ച 1990കളിലാണ് ഈ ടാങ്ക് നിര്‍മിച്ചത്. പുതിയാപ്പിലെ പഴയ ടാങ്ക് 1975ല്‍ നിര്‍മിച്ചതാണ്. ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി ആവിഷ്കരിച്ച് ലക്ഷങ്ങള്‍ തുലക്കുന്ന അധികൃതരുടെ പതിവ് പിഴവിന്‍െറ ദൃഷ്ടാന്തമായാണ് ഈ ടാങ്കും കെട്ടിടവും നിലകൊള്ളുന്നത്. പുതിയ സാഹചര്യത്തില്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.