ബാലുശ്ശേരി: വൈദ്യുതി-വനം വകുപ്പുകള്‍ തമ്മിലെ അധികാരതര്‍ക്കത്തില്‍ കക്കയം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് സന്ദര്‍ശകള്‍ക്ക് പ്രവേശനം നിര്‍ത്തിവെച്ചു. കക്കയം ഡാം പ്രദേശത്തേക്ക് സന്ദര്‍ശകരില്‍നിന്ന് വനംവകുപ്പും കെ.എസ്.ഇ.ബിയും പ്രത്യേകം പ്രവേശനഫീസ് ഈടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ ഇടയായത്. ടൂറിസ്റ്റ് കേന്ദ്രം കഴിഞ്ഞ രണ്ടുദിവസമായി അടച്ചിട്ടിരിക്കുകയാണ്. കക്കയം ഡാം സൈറ്റ് പ്രദേശത്തേക്കുള്ള സന്ദര്‍ശകരില്‍നിന്ന് വനസംരക്ഷണസമിതി നേരത്തേ 40 രൂപ ഫീസ് ഈടാക്കിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ പ്രത്യേക കൗണ്ടര്‍ തുറന്ന് സന്ദര്‍ശകരില്‍നിന്ന് 20 രൂപ ഫീസ് ഈടാക്കാന്‍ തുടങ്ങിയതോടെയാണ് ഇരു വകുപ്പുകളും തമ്മില്‍ തര്‍ക്കമുണ്ടായത്. തര്‍ക്കം കാരണം കക്കയത്തത്തെുന്ന സന്ദര്‍ശകള്‍ക്ക് ഡാം സൈറ്റിലേക്ക് എത്താന്‍ നിലവില്‍ 60 രൂപ പ്രവേശനഫീസ് കൊടുക്കേണ്ട അവസ്ഥയുമുണ്ടായി. ഇരു വകുപ്പ് അധികൃതരുടെയും പേരാമ്പ്ര സര്‍ക്ക്ള്‍ ഇന്‍സ്പെക്ടറുടെയും സാന്നിധ്യത്തില്‍ ബുധനാഴ്ച ചര്‍ച്ച നടന്നെങ്കിലും വനം-വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കടുംപിടിത്തം കാരണം ചര്‍ച്ച അലസുകയായിരുന്നു. ഹൈഡല്‍ ടൂറിസവുമായി ബന്ധപ്പെട്ട് ബോട്ടിങ്ങിനായി വ്യാഴാഴ്ചയും നിരവധി സന്ദര്‍ശകര്‍ എത്തിയിരുന്നു. ഇവരെ ബോട്ടിങ്ങിനായി കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍, പൊലീസ് ഇടപെട്ട് അതും നിര്‍ത്തിവെപ്പിച്ചു. കെ.എസ്.ഇ.ബി കക്കയം ഡാംസൈറ്റില്‍ ഹൈഡല്‍ ടൂറിസം പദ്ധതി ആരംഭിച്ചതോടെയാണ് ഇരുവകുപ്പുകളും തമ്മില്‍ അധികാരതര്‍ക്കം ഉടലെടുത്തത്. വന്യജീവി സങ്കേതമായതിനാല്‍ ഡാം പ്രദേശമുള്‍പ്പെടുന്ന സ്ഥലമടക്കം വനംവകുപ്പിന്‍െറ അധികാരപരിധിയിലുള്ളതാണെന്നാണ് വനംവകുപ്പ് അവകാശപ്പെടുന്നത്. ഡാം പ്രദേശം കെ.എസ്.ഇ.ബിയുടെ അധീനതയിലാണെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. കക്കയം ടൂറിസം മേഖല മലബാറിന്‍െറ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി വികസിച്ചുവരുമ്പോഴാണ് ഇരു സര്‍ക്കാര്‍ വകുപ്പുകളും ടൂറിസം സാധ്യതകള്‍ക്ക് മങ്ങലേല്‍പിക്കുംവിധം പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രശ്നത്തിന് എത്രയുംവേഗം പരിഹാരം കാണണമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടിയെടുക്കണമെന്ന് സി.പി.എം കൂരാച്ചുണ്ട് ലോക്കല്‍ കമ്മിറ്റിയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.