നാഷനല്‍ ഹോസ്പിറ്റലിനും മര്‍കസ് കോംപ്ളക്സിനും നോട്ടീസ്

കോഴിക്കോട്: അഗ്നി സുരക്ഷാ നിയമം പാലിക്കാത്തതിന് നഗരത്തിലെ കെട്ടിടങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു. സുരക്ഷാമാനദണ്ഡം പാലിക്കണമെന്ന് ആവശ്യപ്പെട്ട് മാവൂര്‍ റോഡിലെ മര്‍കസ് കോംപ്ളക്സിനും നാഷനല്‍ ഹോസ്പിറ്റലിനും നഗരസഭ നോട്ടീസ് നല്‍കി. കലക്ടറുടെ നിര്‍ദേശപ്രകാരമാണ് നഗരസഭ അന്ത്യശാസനം നല്‍കിയത്. നിശ്ചിത പരിധിക്കകം ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ നടപ്പാക്കിയില്ളെങ്കില്‍ നടപടിയെടുക്കുമെന്നാണ് നോട്ടീസിലുള്ളത്. മാവൂര്‍ റോഡ്, മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ്, പാളയം എന്നിവിടങ്ങളിലെ പത്തോളം കെട്ടിടങ്ങള്‍ക്കെതിരെയും നഗരസഭ നടപടികള്‍ ആരംഭിച്ചു. ബഹുനില കെട്ടിടങ്ങളിലെ സുരക്ഷക്ക് ഒട്ടേറെ നിര്‍ദേശങ്ങളാണ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗം മുന്നോട്ടുവെക്കുന്നത്. കെട്ടിടത്തിന് സമര്‍പ്പിക്കുന്ന പ്ളാനില്‍ ഇതെല്ലാം കാണിക്കുമെങ്കിലും ഒന്നുമുണ്ടാവാറില്ളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിബന്ധനകളെല്ലാം പാലിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗമാണ് കെട്ടിടങ്ങള്‍ക്ക് സാക്ഷ്യപത്രം നല്‍കേണ്ടത്. ഇടക്ക് പുതുക്കുന്നതരത്തിലാണ് സാക്ഷ്യപത്രം അനുവദിക്കുന്നത്. നഗരത്തില്‍ അടുത്തിടെയുണ്ടായ തീപിടിത്തത്തിന്‍െറ പശ്ചാത്തലത്തിലാണ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗം പരിശോധന കര്‍ശനമാക്കിയത്. കെട്ടിടങ്ങള്‍ക്ക് മതിയായ സുരക്ഷയില്ളെന്നും എന്തെങ്കിലും ദുരന്തം സംഭവിച്ചാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ളെന്നും ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനും കലക്ടര്‍ക്കുമാണ് ഇവര്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കുക മാത്രമാണ് കലക്ടറുടെ ഉത്തരവാദിത്തം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.