സമീപവാസികള്‍ ഒന്നിച്ചു; സ്കൂള്‍ ‘ആദായകരമായി’

കക്കോടി: അനാദായകരമായതിന്‍െറ പേരില്‍ താഴുവീഴുമെന്ന് പ്രതീക്ഷിച്ച കക്കോടി ജി.യു.പി സ്കൂളിന് ജീവന്‍ പകര്‍ന്ന് പഠിക്കാന്‍ കുട്ടികളത്തെി. ഒരു കൂട്ടം സ്കൂള്‍സ്നേഹികളുടെ ഊണും ഉറക്കവുമൊഴിച്ചുള്ള പ്രയത്നമാണ് ആദായകരമായ അക്കത്തിലേക്ക് സ്കൂളിനെ എത്തിച്ചത്. പറയാന്‍ പ്രതാപം ഏറെയുണ്ടെങ്കിലും കുറെ വര്‍ഷങ്ങളായി ഭൗതിക സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ അഭാവംമൂലം സ്കൂളിന് തൊട്ടടുത്ത് താമസിക്കുന്ന കുട്ടികള്‍പോലും ഇംഗ്ളീഷ് മീഡിയം ഉള്‍പ്പെടെയുള്ള സ്കൂള്‍ തേടി പോവുകയായിരുന്നു. 1920ല്‍ ആരംഭിച്ച സ്കൂള്‍ ശതാബ്ദിയാഘോഷത്തിനുപകരം അടച്ചുപൂട്ടല്‍ അവസ്ഥയില്‍ എത്തിയതോടെയാണ് സ്കൂളുമായി ബന്ധം പുലര്‍ത്തുന്ന ഒരു കൂട്ടം ആളുകള്‍ സ്കൂളിനെ ശക്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങി വിജയം നേടിയത്. പല പ്രസിദ്ധരും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സ്കൂളിന് ചരമഗീതം കുറിക്കേണ്ട അവസ്ഥയുണ്ടാകാന്‍ അനുവദിക്കരുതെന്നാണ് ഇവര്‍ നാട്ടുകാരെ ബോധ്യപ്പെടുത്തിയത്. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ കിണഞ്ഞുശ്രമിക്കുമ്പോഴാണ് എല്ലാ വികസനത്തിനും സാധ്യതയുള്ള ഒരു സ്കൂള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഊര്‍ധ്വന്‍ വലിക്കുന്നത്. ഈ വര്‍ഷം നാലാം ക്ളാസില്‍നിന്ന് 15 കുട്ടികള്‍ ക്ളാസ് കയറ്റംമൂലം പിരിഞ്ഞുപോയപ്പോള്‍ മൊത്തം കുട്ടികളുടെ എണ്ണം 44ലേക്ക് ചുരുങ്ങിയിരുന്നുവെന്ന് പ്രധാനാധ്യാപിക സെലീന റീന പറയുന്നു. എന്നാല്‍, ഇത്തവണ 65 കുട്ടികളെയാണ് പി.ടി.എ, മദര്‍ പി.ടി.എ, സപ്പോര്‍ട്ടിങ് ഗ്രൂപ്പിന് എത്തിക്കാന്‍ കഴിഞ്ഞത്. പി.ടിഎ പ്രസിഡന്‍റ് കെ. ശൈലേന്ദ്രന്‍, രാമദാസ്, പി.കെ. രാമചന്ദ്രന്‍, കെ.പി. നാസര്‍, സുപ്രിയ, കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനാധ്യാപികക്കും മറ്റ് അധ്യാപകര്‍ക്കും പിന്തുണയുമായി എത്തിയതോടെ സ്കൂള്‍ ഉയര്‍ച്ചയുടെ വഴികള്‍ തേടുകയാണ്. സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് സഹകരണമുണ്ടായാല്‍ സ്കൂളിനെ മികച്ചതാക്കി മാറ്റുന്നതിന് നാട്ടുകാര്‍ ഒന്നടങ്കമുണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.