സ്കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പൊലീസിന്‍െറ ഓപറേഷന്‍ റെയിന്‍ബോ

കോഴിക്കോട്: പൊതുജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ സ്വകാര്യ ബസുകളുടെയും സ്കൂള്‍വാഹനങ്ങളുടെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസിന്‍െറ മൂക്കുകയര്‍. സിറ്റി പൊലീസിന്‍െറ ഓപറേഷന്‍ റെയിന്‍ബോ പദ്ധതിയിലാണ് ബസുകളുടെ സുരക്ഷാമാനദണ്ഡങ്ങളും മറ്റും പരിശോധിക്കുന്നത്. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനും വാഹനാപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമാണ് സിറ്റി പൊലീസിന്‍െറ പദ്ധതി. സ്വകാര്യ ബസുകളിലെ സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പുവരുത്താന്‍ പൊലീസിന്‍െറ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തും. ബസുകളിലെ ടയര്‍, വൈപ്പര്‍, മേല്‍ക്കൂര, പ്ളാറ്റ്ഫോം, ജനലുകള്‍, സീറ്റുകള്‍ എന്നിവയാണ് പരിശോധിക്കുക. പോരായ്മയുള്ള വാഹനങ്ങള്‍ക്ക് നിശ്ചിത ദിവസത്തിനുള്ളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. സ്കൂള്‍കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ഈ ആഴ്ച വാഹനങ്ങള്‍ പരിശോധിച്ച് ആവശ്യമായവക്ക് നോട്ടീസ് നല്‍കും. പോരായ്മ പരിഹരിക്കാത്തവക്കെതിരെ അടുത്ത ആഴ്ചമുതല്‍ നടപടി തുടങ്ങുമെന്നും സിറ്റി ട്രാഫിക് സി.ഐ അറിയിച്ചു. മോട്ടോര്‍ വാഹനവകുപ്പിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സ്കൂള്‍ വാഹനങ്ങളുടെ പരിശോധന നടന്നിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന മഴക്കാലപൂര്‍വ പരിശോധനയില്‍ 12 സ്കൂള്‍ ബസുകള്‍ പ്രവര്‍ത്തനക്ഷമമല്ളെന്ന് കണ്ടത്തെിയിരുന്നു. ചേവായൂര്‍ ടെസ്റ്റിങ് ഗ്രൗണ്ടില്‍ നടന്ന പരിശോധനയില്‍ അനുയോജ്യമായവക്ക് പ്രത്യേക സ്റ്റിക്കര്‍ പതിച്ചു. ടൗണ്‍, ഫറോക്ക്, നല്ലളം, പന്നിയങ്കര, ചെമ്മങ്ങാട്, ബേപ്പൂര്‍, കസബ, നടക്കാവ്, വെള്ളയില്‍, ചേവായൂര്‍, മെഡിക്കല്‍ കോളജ്, എലത്തൂര്‍, മാവൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള വാഹനങ്ങളാണ് പരിശോധിച്ചത്. സ്കൂള്‍ വാഹനങ്ങളില്‍ ഫിറ്റ്നസ് ടെസ്റ്റിനുശേഷം അഗ്നിശമന ഉപകരണം, സ്പീഡ് ഗവേണര്‍, എമര്‍ജന്‍സി എക്സിറ്റ് എന്നിവ നിര്‍ബന്ധമാണ്. എന്നാല്‍, പലതിലും ഇവയൊന്നും ഉണ്ടാകാറില്ല. ഓട്ടോറിക്ഷകളിലുള്‍പ്പെടെ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതും പതിവാണ്. സാമ്പത്തികലാഭത്തിനായി പല മാനേജ്മെന്‍റുകളും വാഹനങ്ങളില്‍ ഡോര്‍ അറ്റന്‍ഡറെ നിയമിക്കാത്തതും കുട്ടികളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കാത്തതും അപകടത്തിന് ഇടയാക്കാറുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനം ഓടിക്കുന്നതിന് 10 വര്‍ഷം പരിചയമുള്ള ഡ്രൈവര്‍മാരെ നിയോഗിക്കണമെന്ന നിര്‍ദേശവും പലയിടത്തും പാലിക്കാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.