തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിലെ പരാജയം : സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും ചര്‍ച്ച

താമരശ്ശേരി: ജില്ലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് വികസന പ്രവര്‍ത്തനങ്ങളില്‍ വന്‍നേട്ടങ്ങള്‍ കൈവരിച്ച തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങള്‍ നഷ്ടപ്പെടുത്തിയതില്‍ ലീഗ് ജില്ലാ-സംസാഥാന നേതൃത്വം പ്രതിക്കൂട്ടില്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേതൃത്വം കൈക്കൊണ്ട ഏകപക്ഷീയമായ നിലപാടും ലീഗ് അണികളെപ്പോലും വിശ്വാസത്തിലെടുക്കാന്‍ കഴിയാതെപോയതുമാണ് പരാജയ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തോട് അഭിപ്രായമാരായാതെ സ്ഥാനാര്‍ഥിയെ അടിച്ചേല്‍പിച്ചതാണ് കൊടുവള്ളി നഷ്ടപ്പെടാനിടയായതെന്ന് കണക്കാക്കുന്നു. പൊതുസമ്മതനായ നിലവിലെ എം.എല്‍.എ വി.എം. ഉമ്മറിനെ പ്രത്യേകിച്ച് കാരണമില്ലാതെ തിരുവമ്പാടിയിലേക്ക് നാടുകടത്തിയെന്ന ആക്ഷേപം കൊടുവള്ളിയിലെ സാധാരണക്കാര്‍ക്കിടയില്‍ വ്യാപകമായിരുന്നു. ദീര്‍ഘകാലം ലീഗിന്‍െറ നിയോജകമണ്ഡലം നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച കാരാട്ട് റസാഖ് പാര്‍ട്ടി അണികളുമായി നിലനിര്‍ത്തിയിരുന്ന വ്യക്തിബന്ധം എല്‍.ഡി.എഫിലേക്ക് ചുവടുമാറിയപ്പോഴും പിടിവിടാത്തത് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയ കാരണമായി എടുത്തുപറയുന്നു ചിലര്‍. ലീഗില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങളും കുടിപ്പകയും ഇടതുപക്ഷം ബുദ്ധിപൂര്‍വം ഉപയോഗപ്പെടുത്തുകയും ചെയ്തു. വി.എം. ഉമ്മറിന് 16,000ത്തിലധികം വോട്ടിന്‍േറയും എം.കെ. രാഘവന്‍ എം.പിക്ക് 19,000ത്തിലധികം വോട്ടിന്‍േറയും ഭൂരിപക്ഷം നല്‍കിയ കൊടുവള്ളി മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ഥിയുടെ പരാജയം വിലയിരുത്തപ്പെടുമ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കെടുകാര്യസ്ഥത വഹിച്ച പങ്ക് ചെറുതല്ളെന്ന് കൂടുതല്‍ വ്യക്തമാകും. സി. മോയിന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുമ്പെങ്ങുമുണ്ടാകാത്ത വികസന നേട്ടമാണ് മലയോര പ്രദേശമായ തിരുവമ്പാടി കൈവരിച്ചത്. വികസന നേട്ടങ്ങള്‍ വോട്ടാക്കി മാറ്റുന്നതില്‍ യു.ഡി.എഫ് നേതൃത്വം പരാജയപ്പെട്ടതാണ് മറ്റൊന്ന്. താമരശ്ശേരിരി രൂപതയുടെ നിലപാടും പരാജയകാരണമായെന്ന് വിലയിരുത്തലുണ്ട്. എന്നാല്‍ പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളില്‍ യു.ഡി.എഫിന്‍െറ ഭൂരിപക്ഷത്തില്‍ കാര്യമായ ഇടിവ് വരുത്താന്‍ കഴിഞ്ഞില്ളെന്നുംചൂണ്ടിക്കാണിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.