ഹരിത തെരഞ്ഞെടുപ്പ് വിജയകരമാക്കി ജില്ലാ ഭരണകൂടവും ശുചിത്വമിഷനും

കോഴിക്കോട്: ജില്ലയില്‍ പ്രഖ്യാപിച്ച ഹരിത തെരഞ്ഞെടുപ്പ് പരിപൂര്‍ണ വിജയമാക്കി ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വമിഷനും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഴുവന്‍ വേദികളും സമ്പൂര്‍ണ മാലിന്യ മുക്തമാക്കാന്‍ ജില്ലാ ഭരണകൂടത്തിന് സാധിച്ചു. പൊതുതെരഞ്ഞെടുപ്പ് മാലിന്യമുക്തമാക്കുന്നതിന് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്. ഇതിന്‍െറ ഭാഗമായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കിയിരുന്നു. പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രങ്ങള്‍, വിതരണ സ്വീകരണ കേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രം എന്നിവിടങ്ങളില്‍ പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇതിലൂടെ സാധിച്ചു. മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. ഫ്ളക്സിനു പകരമായി തുണിയില്‍ എഴുതിയ ബാനറുകള്‍, ഡിസ്പോസിബ്ള്‍ കപ്പ്, പ്ളേറ്റ് എന്നിവക്ക് പകരമായി പ്രകൃതി സൗഹൃദ കൊട്ടകള്‍, പായകള്‍ എന്നിവയായിരുന്നു ഉപയോഗിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രത്തിലത്തെിയവര്‍ക്ക് പാള പ്ളേറ്റുകളില്‍ ഭക്ഷണ വിതരണം നടത്തിയത് വേറിട്ട കാഴ്ചയായി. ബൂത്തുതല പ്രവര്‍ത്തനങ്ങളില്‍ എം.പി.കെ.വൈ ഏജന്‍റുമാരുടെയും അങ്കണവാടി പ്രവര്‍ത്തകരുടെയും സേവനം ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കിയിരുന്നു. സ്കൗട്ട് ആന്‍ഡ് ഗൈഡുമാരെ ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്നെങ്കിലും സംസ്ഥാന ബാലാവകാശ കമീഷന്‍െറ നിര്‍ദേശംകാരണം അവസാന നിമിഷം പിന്‍വലിക്കുകയാണുണ്ടായത്. ബൂത്തുകളില്‍ എത്തിച്ചേരുന്ന വോട്ടര്‍മാരെ ഗ്രീന്‍ പ്രോട്ടോകോള്‍ പരിചയപ്പെടുത്തുന്നതിനായി പോസ്റ്ററുകള്‍, ബാനറുകള്‍, പോളിങ് ഓഫിസര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്നിവ ശുചിത്വമിഷന്‍ തയാറാക്കി നല്‍കിയിരുന്നു. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന് വരണാധികാരികള്‍ തമ്മില്‍ മത്സരവുമുണ്ടായിരുന്നു. വരണാധികാരികള്‍ തങ്ങളുടെ പരിധിയില്‍ ശ്രദ്ധേയമായ രീതിയിലാണ് പദ്ധതി നടപ്പാക്കിയത്. ഏറ്റവും നല്ല രീതിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കിയവര്‍ക്ക് ശുചിത്വമിഷന്‍ നല്‍കുന്ന അവാര്‍ഡ് ഉടന്‍ പ്രഖ്യാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.