ജില്ലയില്‍നിന്ന് ഇത്തവണ എത്ര മന്ത്രിമാര്‍?

കോഴിക്കോട്: ഇടതുമുന്നണി വന്‍ മുന്നേറ്റം നടത്തിയ ജില്ലയില്‍നിന്ന് ഇത്തവണ എത്ര മന്ത്രിമാര്‍ ഉണ്ടാവും? രണ്ടു മുതല്‍ മൂന്നുപേര്‍ വരെ ജില്ലയില്‍നിന്നുണ്ടാവുമെന്നുതന്നെയാണ് പ്രതീക്ഷ. മുന്നണി പ്രതിപക്ഷത്തിരുന്നപ്പോഴും ഒപ്പംനിന്ന ജില്ലയെന്ന നിലക്ക് കാര്യമായ പരിഗണന ലഭിക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. യു.ഡി.എഫ് സര്‍ക്കാറില്‍ എം.കെ. മുനീര്‍ മാത്രമായിരുന്നു ജില്ലയില്‍നിന്നുള്ള മന്ത്രി. ഇദ്ദേഹം ഉള്‍പ്പെടെ ജില്ലയില്‍നിന്ന് മൂന്ന് എം.എല്‍.എമാരാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത്. ഇതില്‍നിന്ന് വ്യത്യസ്തമായി 11 പേരാണ് ഇടതുമുന്നണിക്ക് ജില്ലയില്‍നിന്ന് ഇത്തവണയുള്ളത്. അതിനാല്‍, മന്ത്രിസഭയില്‍ കാര്യമായ പ്രാതിനിധ്യം ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.പേരാമ്പ്രയില്‍നിന്ന് ജയിച്ച ടി.പി. രാമകൃഷ്ണന്‍, ബേപ്പൂരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട വി.കെ.സി. മമ്മദ് കോയ എന്നിവരുടെ പേരുകളാണ് സി.പി.എമ്മില്‍നിന്ന് മന്ത്രിസഭയിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന പേരുകള്‍. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.പി. രാമകൃഷ്ണന്‍െറ പേര് സജീവമായി പരിഗണിക്കുന്നുണ്ട്. കോഴിക്കോട് മേയറായിരിക്കെ മാസങ്ങള്‍ക്കകം അതൊഴിവാക്കി ബേപ്പൂരില്‍ മത്സരിക്കേണ്ടി വന്നതിനാല്‍ വി.കെ.സിയെ അവഗണിക്കാനാവില്ല. ഇദ്ദേഹം മേയറായതിനാല്‍ എളമരം കരീമിന്‍െറ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ് ബേപ്പൂരിലേക്ക് ആദ്യം നിര്‍ദേശിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് കരീമിന്‍െറ പേര് വെട്ടിയതോടെ എം. മെഹബൂബിന്‍െറ പേര് പാര്‍ട്ടി നിര്‍ദേശിച്ചു. ഇദ്ദേഹത്തെ മത്സരിപ്പിക്കുന്നതില്‍ വിയോജിപ്പ് അറിയിച്ച് ഫറോക്ക് ഏരിയ കമ്മിറ്റി രംഗത്തുവന്നു. മണ്ഡലം നഷ്ടപ്പെടുമെന്ന സ്ഥിതി വന്നതോടെയാണ് വി.കെ.സിയെ ഇറക്കിയത്. ഘടകകക്ഷിയായ എന്‍.സി.പിയുടെ മന്ത്രിയായി, എലത്തൂരില്‍നിന്ന് ജയിച്ച എ.കെ. ശശീന്ദ്രനും വരാന്‍ സാധ്യതയേറെയാണ്. ജില്ലയില്‍നിന്ന് ഏറ്റവും കൂടുതല്‍ (29,057) ഭൂരിപക്ഷം ലഭിച്ചയാള്‍ കൂടിയാണ് ഇദ്ദേഹം. കോഴിക്കോട് നോര്‍ത്തില്‍നിന്ന് മൂന്നാം തവണയും വിജയിച്ച എ. പ്രദീപ് കുമാര്‍, കുന്ദമംഗലത്തുനിന്ന് ജയിച്ച എം.എല്‍.എയായ പി.ടി.എ. റഹീം എന്നിവരുടെ പേരുകളും മന്ത്രിസ്ഥാനത്തേക്ക് കേള്‍ക്കുന്നുണ്ട്. തിങ്കളാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മന്ത്രിമാര്‍ ആരൊക്കെയെന്ന് തീരുമാനിക്കും. ജില്ലയില്‍നിന്ന് ആര് മന്ത്രിയാവുമെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും ഒന്നും പ്രവചിക്കാന്‍ കഴിയില്ളെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.