നഗരഹൃദയം തണുത്തുതന്നെ; ആവേശം പട്ടണപ്രാന്തങ്ങളില്‍

കോഴിക്കോട്: തലേന്ന് പെയ്ത വേനല്‍മഴയുടെ കുളിരണിഞ്ഞ നഗരത്തില്‍ തെരഞ്ഞെടുപ്പ് തുടങ്ങിയത് പതിവിന്‍പടി തണുപ്പോടെ. വൈകീട്ട് ചില മേഖലയിലെങ്കിലും ആവേശമത്തെുമെന്ന് പ്രതീക്ഷിച്ചെങ്കിലും രാവിലത്തെ അവസ്ഥതന്നെ ഏറക്കുറെ തുടര്‍ന്നു. വലിയ ക്യൂവില്ലാതെ ഒരേ രീതിയില്‍ വോട്ടര്‍മാരത്തെി വോട്ട് ചെയ്ത് പോവുകയായിരുന്നു മിക്കയിടത്തും. എന്നാല്‍, നഗരത്തോട് ചേര്‍ന്ന ഭാഗങ്ങളില്‍ വോട്ടിങ് തുടങ്ങുന്നതിന് ഏറെ മുമ്പുതന്നെ സ്ത്രീകളടക്കമുള്ളവരുടെ നീണ്ട വരി നിരന്നു. വോട്ടെടുപ്പിന്‍െറ മുഴുവന്‍ ആവേശവും ഈ ഭാഗങ്ങളില്‍ കാണാമായിരുന്നു. നഗരത്തിലും പരിസരത്തുമുള്ള പോളിങ് ബൂത്തുകളിലൂടെ ഓട്ടപ്രദക്ഷിണം: രാവിലെ 9.00: കോഴിക്കോട് നോര്‍ത് മണ്ഡലത്തില്‍പെട്ട സെന്‍റ് വിന്‍സെന്‍റ് കോളനി സ്കൂളില്‍ വലിയ തിരക്കില്ലാത്തതിനാല്‍ വോട്ടര്‍മാരത്തെി പെട്ടെന്ന് വോട്ട് ചെയ്ത് മടങ്ങുന്നു. എം.ടി. വാസുദേവന്‍ നായര്‍ വോട്ടുചെയ്യാന്‍ വരുന്നതും കാത്ത് 130ാം നമ്പര്‍ ബൂത്തിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍. 1102 വോട്ടര്‍മാരുള്ള ബൂത്തില്‍ ഇതുവരെ വോട്ട് ചെയ്തത് 170 പേര്‍. 131ാം ബൂത്തില്‍ 1212ല്‍ 162 പേരും 129ാം ബൂത്തില്‍1029ല്‍ 165 പേരും വോട്ട് ചെയ്തു. വോട്ടിങ് ശതമാനം 16ല്‍ താഴെ. 9.30: പ്രദീപ്കുമാര്‍ എം.എല്‍.എയുടെ ഇടപെടലിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുയര്‍ന്ന നടക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മനോഹരമായ പുല്‍ത്തകിടികളിലും വള്ളിക്കുടിലുകളുടെ ഓരത്തും വോട്ട് ചെയ്യാന്‍ ചാറ്റല്‍മഴക്കിടയിലും ക്യൂ. വോട്ട് ചെയ്തെന്ന തെളിവ് വാട്സ്ആപ്പിലിടാന്‍ സെല്‍ഫിയെടുക്കുന്ന നവദമ്പതികള്‍. ഇവിടെയൊരുക്കിയ 48ാം ബൂത്തില്‍ 1226ല്‍ 186 പേര്‍ വോട്ട് ചെയ്തു. 46ാം ബൂത്തില്‍ 636ല്‍ 86ഉം 45ല്‍ 1527ല്‍ 296 പേരും വോട്ട് ചെയ്തു. 10.00: വെസ്റ്റ്ഹില്‍ സെന്‍റ് മൈക്കിള്‍സ് സ്കൂളിനു മുന്നില്‍ മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍െറ നേതൃത്വത്തില്‍ കാര്യങ്ങള്‍ നോക്കിക്കണ്ട് ഇടതുമുന്നണി പ്രവര്‍ത്തകര്‍. വോട്ടര്‍മാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി ജില്ലയിലെ മാതൃകാ പോളിങ് സ്റ്റേഷനുകളിലൊന്നായി പ്രഖ്യാപിച്ച 27ാം ബൂത്തില്‍ വോട്ടര്‍മാര്‍ക്കായി നിരത്തിയ കസേരകള്‍ കാലി. എങ്കിലും എത്താനുള്ള 851 വോട്ടര്‍മാരില്‍ 220 പേരും വോട്ട് ചെയ്തു. പോളിങ് ശതമാനം 25. 10.30: മുഖ്യ വരണാധികാരി ജില്ലാ കലക്ടറുടെ ഓഫിസുകള്‍ക്ക് മുന്നിലുള്ള സിവില്‍ സ്റ്റേഷന്‍ ഗവ. യു.പി സ്കൂളിന് മുന്നിലും എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ച് പണിത നീന്തല്‍ക്കുളമുള്ള ഈസ്റ്റ് നടക്കാവ് ഗവ. യു.പി സ്കൂളിന് മുന്നിലും വോട്ടര്‍മാരുടെ നിര പ്രത്യക്ഷമായി. 11.00: മന്ത്രി മുനീര്‍ മത്സരിക്കുന്ന കോഴിക്കോട് സൗത് മണ്ഡലത്തില്‍പെട്ട നെല്ലിക്കോട് കാച്ചിലാട്ട് കാനങ്ങോട്ട് ചാത്തു മെമ്മോറിയല്‍ സ്കൂളില്‍ സ്ത്രീകളുടെ വന്‍ തിരക്ക്. തുടക്കത്തില്‍ അരമണിക്കൂര്‍ വോട്ടുയന്ത്രം പണിമുടക്കുകയും ചെയ്തു. ഇവിടെയൊരുക്കിയ 63ാം ബൂത്തില്‍ 1160ല്‍ 300 പേരും 58ാം ബൂത്തില്‍ 1551ല്‍ 275 പേരും വോട്ട് ചെയതു. 11.15: കുന്ദമംഗലം മണ്ഡലത്തില്‍പെട്ട ഇരിങ്ങല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആവേശത്തോടെ വോട്ട് ചെയ്യാന്‍ ഊഴം കാത്തുനില്‍ക്കുന്ന വോട്ടര്‍മാര്‍. ഇവിടത്തെ 123ാം ബൂത്തില്‍ 952ല്‍ 353 പേരും 127ാം ബൂത്തില്‍ 1299ല്‍ 453ഉം 124ാം ബൂത്തില്‍ 1351ല്‍ 463 പേരും വോട്ട് ചെയ്തുകഴിഞ്ഞു. 11.20: പയ്യടിമീത്തല്‍ പുത്തൂര്‍ ദേശസേവിനി വായനശാലയിലൊരുക്കിയ ബൂത്തില്‍നിന്ന് റോഡിന് പുറത്തേക്ക് ഒഴുകുന്ന നീണ്ട വരി. വോട്ടെടുപ്പ് നടപടികള്‍ക്ക് വേഗം കുറവെന്ന പരാതിയുമായി നാട്ടുകാര്‍. 11.30: പയ്യടിമീത്തല്‍ ഗവ. ലോവര്‍ പ്രൈമറി സ്കൂളിനുമുന്നില്‍ വോട്ടര്‍മാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വന്‍ തിരക്ക്. 11.45: കുന്ദമംഗലം മണ്ഡലത്തില്‍പെട്ട പുത്തൂര്‍മഠം എയ്ഡഡ് എം.എല്‍.പി ആന്‍ഡ് യു.പി സ്കൂളില്‍ ബൂത്ത് 113ല്‍ പോളിങ് 26.16 ശതമാനമായി. രാവിലെ ഏഴിന് തുടങ്ങിയ വന്‍ തിരക്ക് തുടരുന്നു. ഒരു മണിക്കൂറോളം ക്യൂവില്‍ നില്‍ക്കേണ്ടിവന്നതായി വോട്ടര്‍മാരുടെ പരാതി. ഇവിടെ 114ാം ബൂത്തില്‍ 35.42 ശതമാനമായി പോളിങ് ഉയര്‍ന്നു. 12.00: അറത്തില്‍പറമ്പ് എയ്ഡഡ് എം.എല്‍.പി സ്കൂളിനു മുന്നില്‍ നല്ല തിരക്ക്. 12.45: മേയര്‍ വി.കെ.സി. മമ്മദ്കോയ മത്സരിക്കുന്ന ബേപ്പൂര്‍ മണ്ഡലത്തില്‍പെട്ട കല്ലായി ഗവ. ഗണപത് വി.എച്ച്.എസ്.എസില്‍ ഒരുക്കിയ, ജില്ലയിലെ പൂര്‍ണമായി വനിതകള്‍ നിയന്ത്രിക്കുന്ന ബൂത്തുകളിലൊന്നായ 104ല്‍ 42 ശതമാനം വോട്ടിങ്. 825ല്‍ 352 പേരും വോട്ട് ചെയ്തു. 1.00: ചെറുവണ്ണൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയിലൊരുക്കിയ വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന 52ാം ബൂത്തില്‍ നല്ല തിരക്ക്. നടപടിക്രമങ്ങള്‍ വളരെ വൈകുന്നുവെന്ന് നാട്ടുകാരുടെ പരാതി. 1593ല്‍ 588 പേര്‍ക്കേ ഇതുവരെ വോട്ട് ചെയ്യാനായുള്ളൂ. 1.15: ബേപ്പൂര്‍ ഗവ. എല്‍.പി സ്കൂളില്‍ രാവിലെ മുതല്‍ തുടങ്ങിയ ക്യൂ തുടരുന്നു. വൈകീട്ട് മഴ തകര്‍ക്കുമെന്ന ഭയത്താലാണ് വനിതകളടക്കം നേരത്തേ വോട്ട് ചെയ്യാന്‍ വന്നതെന്ന് നാട്ടുകാര്‍. 1.30: ഏറെക്കാലമായി പൊലീസ് കാവലിലായിരുന്ന മാറാട് ഫിഷറീസ് എല്‍.പി സ്കൂളിന്‍െറ മുറ്റം നിറഞ്ഞ് വോട്ടര്‍മാര്‍. എല്ലാ വിഭാഗം വോട്ടര്‍മാരുടെയും നിറസാന്നിധ്യം. ചുവപ്പ്, കാവി, പച്ച മുണ്ടുടുത്ത വിവിധ കക്ഷികളുടെ പ്രവര്‍ത്തകര്‍ പരിസരങ്ങളില്‍ പലയിടത്തായി ഉച്ചഭക്ഷണം കഴിക്കുന്നു. വെബ്കാസ്റ്റിങ്ങും തോക്കേന്തിയ കേന്ദ്രസേനയുടെ സാന്നിധ്യവും നാട്ടുകാരെ അകറ്റുന്നില്ല. 1176ല്‍ 498 പേരും വോട്ട് ചെയ്തു. 2.00: മാറാട് ജിന രാജദാസ് യു.പി സ്കൂളില്‍ പുലര്‍ച്ചെ തുടങ്ങിയ തിരക്ക് തുടരുന്നു. കടലില്‍ പോയ തൊഴിലാളികള്‍ ഇനിയും എത്താനുണ്ടെന്ന് നാട്ടുകാരിലൊരാള്‍. 2.15: മീഞ്ചന്ത ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തിരക്കൊഴിഞ്ഞ ബൂത്തുകള്‍. വൈകീട്ട് വീണ്ടും വോട്ടര്‍മാര്‍ കൂടുമെന്ന് പ്രതീക്ഷിച്ച് ഉദ്യോഗസ്ഥര്‍. 3.30: കോഴിക്കോട് സൗത് മണ്ഡലത്തില്‍ ചാലപ്പുറം ഗവ. അച്യുതന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയിലൊരുക്കിയ, വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന 12ാം ബൂത്തില്‍ 53 ശതമാനം പേരും വോട്ട് ചെയ്തു. 4.00: കുറ്റിച്ചിറ ഗവ. എച്ച്.എസ്.എസില്‍ 20ാം ബൂത്തില്‍ 60.5ഉം 17ല്‍ 57ഉം 18ല്‍ 61ഉം ശതമാനം വോട്ട് ചെയ്തു. എങ്കിലും പതിവുള്ള തിരക്കുണ്ടായില്ല. 4.30: പരപ്പില്‍ എം.എം.എച്ച്.എസ്.എസില്‍ പതിവുള്ള വോട്ടെടുപ്പ് ആവേശം കുറവ്. എങ്കിലും വോട്ടര്‍മാര്‍ ക്രമമായി എത്തിക്കൊണ്ടിരിക്കുന്നു. ആറ് ബൂത്തുകളൊരുക്കിയ ഇവിടെ 63 മുതല്‍ 71 ശതമാനം വരെ പേര്‍ വോട്ട് ചെയ്തു. വൈകീട്ട് സ്ത്രീകള്‍ കൂട്ടമായി വോട്ട് ചെയ്യാനത്തെുമെന്ന പ്രതീക്ഷയില്‍ ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും. 5.00: എലത്തൂര്‍ മണ്ഡലത്തില്‍പെട്ട പുതിയാപ്പ ഗവ. ഫിഷറീസ് എച്ച്.എസില്‍ വന്‍ ക്യൂ. ഇവിടെയൊരുക്കിയ 92ാം ബൂത്തില്‍ 1518ല്‍ 1019 പേര്‍ വോട്ട് ചെയ്തു. വെബ്കാസ്റ്റിങ്ങിനൊപ്പം കേന്ദ്രസേനയുടെ സാന്നിധ്യവും ബൂത്തിലുണ്ട്. വോട്ടര്‍മാരെ ഹിന്ദിയില്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസേനക്കാരെ കൗതുകത്തോടെ കണ്ടിരിക്കുന്ന നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.