അഞ്ചംഗ അന്തര്‍ജില്ലാ കവര്‍ച്ചാസംഘം പിടിയില്‍

കോഴിക്കോട്: ബിവറേജസ് ഒൗട്ട്ലെറ്റ്കളും മലഞ്ചരക്ക് കടകളിലും മോഷണം നടത്തുന്ന അഞ്ചംഗ കവര്‍ച്ചാസംഘം പിടിയില്‍. അത്യാധുനിക ഉപകരണങ്ങളുമായി ജില്ലയിലും ഇതരജില്ലകളിലുമായി നിരവധി കവര്‍ച്ച നടത്തിയ സംഘമാണ് ശനിയാഴ്ച പുലര്‍ച്ചെ പിടിയിലായത്. ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാറോപ്പടി-കണ്ണാടിക്കല്‍ റോഡില്‍ പുലര്‍ച്ചെ 12.40നാണ് ചേവായൂര്‍ എസ്.ഐ യു.കെ. ഷാജഹാനും നോര്‍ത് ഷാഡോ പൊലീസ് ടീമും ചേര്‍ന്ന് പിടികൂടിയത്. കോഴിക്കോട് അത്തോളി സ്വദേശികളായ പുനത്തില്‍ ചാലില്‍ ജാബിര്‍ എന്ന ജാഫര്‍ (34) സേഫുന്നിസ മന്‍സിലില്‍ മുഹമ്മദ് റാസിക്ക് (27) മിത്തല്‍ വീട്ടില്‍ ജറീഷ് (30), കോഴിക്കോട് പെരിങ്ങളം സ്വദേശി അറപ്പൊയല്‍ മുജീബ് (27) കൊല്ലം കൊട്ടാരക്കര സ്വദേശി ജോസ് തോമസ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാറില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് കട്ടര്‍, ബോള്‍ട്ട് കട്ടര്‍, ഗ്യാസ് സിലിണ്ടര്‍, കമ്പിപ്പാര തുടങ്ങി കവര്‍ച്ചക്കുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രതികളുടെ പേരില്‍ ജില്ലക്കകത്തും പുറത്തും നിരവധി കേസുകളുണ്ട്. ഒരാഴ്ച മുമ്പ് എരഞ്ഞിപ്പാലം, കരിക്കാംകുളം ബിവറേജ് ഷോപ്പുകളില്‍നിന്ന് വിലകൂടിയ മദ്യം കവര്‍ന്നത് ഇവരാണ്. രണ്ട് ബിവറേജുകളില്‍ നിന്നായി 2,60,000 രൂപയുടെ മദ്യം കവര്‍ന്നിരുന്നു. കുന്ദമംഗലം ബിവറേജിലെ മോഷണം പരാജയപ്പെട്ടതായും ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ജില്ലയിലെ 20 ഓളം മലഞ്ചരക്ക് കടകളില്‍ കവര്‍ച്ച നടത്തി 15 ലക്ഷത്തോളം രൂപയുടെ കുരുമുളക്, അടക്ക, കശുവണ്ടി എന്നിവ മോഷ്ടിച്ചതായും ഇവര്‍ സമ്മതിച്ചു. പൊലീസും മറ്റും തെരഞ്ഞെടുപ്പ് തിരക്കില്‍ മുഴുകിയിരിക്കുമ്പോള്‍ ബാങ്കോ വന്‍കിട ജ്വല്ലറികളോ കവര്‍ച്ചചെയ്യാനായിരുന്നു സംഘം ഉദ്ദേശിച്ചിരുന്നതെന്ന് സിറ്റി പൊലീസ് കമീഷണര്‍ ഉമാ ബെഹ്റ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുജീബാണ് കവര്‍ച്ച ആസൂത്രണംചെയ്തത്. ഇയാള്‍ മുമ്പ് 16ഓളം പിടിച്ചുപറി കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഫറോക്ക്, നല്ലളം, പേരാമ്പ്ര, എന്നിവടങ്ങളിലും വയനാട് ജില്ലയിലെ പല പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ഏഴ് വാഹനമോഷണ കേസില്‍ ഉള്‍പ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് ജാബിര്‍. മുഹമദ് റാസിക്ക് മോഷണക്കേസില്‍പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വെല്‍ഡിങ് ജോലിയില്‍ വിദഗ്ധനായ ജോസ് തോമസ് എക്സ്റേ വെല്‍ഡിങ് കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇയാള്‍ സ്ത്രീ പീഡനക്കേസില്‍ ഉള്‍പ്പെടെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജറീഷ് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലയിലെ ബിവറേജ് പരിസരത്ത് പൊലീസ് ചമഞ്ഞ് മദ്യംവാങ്ങിക്കുന്നവരുടെ കൈയില്‍നിന്ന് ഭീക്ഷണിപ്പെടുത്തി പണവും മദ്യവും തട്ടിയെടുക്കുകയും സ്ത്രീകള്‍ മാത്രം ജോലിചെയ്യുന്ന കടകളിലത്തെി മുതലാളിയുടെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്യുന്ന ആളാണ്. കുന്ദമംഗലം, കാരന്തൂര്‍, കറ്റിച്ചിറ തുടങ്ങിയ 40ഓളം സ്ഥലങ്ങളില്‍നിന്ന് ഇയാള്‍ ഇത്തരത്തില്‍ പണം തട്ടിയെടുത്തതായി പൊലീസ് കണ്ടത്തെിയിട്ടുണ്ട്. അന്വേഷണസംഘത്തില്‍ നോര്‍ത് ഷാഡോ പൊലീസ് ടീം അംഗങ്ങളായ ഇ. മനോജ്, മുഹമ്മദ് ഷാഫി, എം.സജി, അബ്ദുറഹ്മാന്‍, രണ്‍ധീര്‍, മുഹമ്മദ്, അഖിലേഷ്, എം. സുജേഷ്, സുനില്‍കുമാര്‍, പ്രമോദ്, ആഷിക്ക്, സുജിത്ത് എന്നിവരാണുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.