കോഴിക്കോട്: അത്യാധുനിക ഉപകരണങ്ങളുടെ സഹായത്താല്‍ വന്‍ കവര്‍ച്ചകള്‍ നടത്തുന്ന അഞ്ചംഗസംഘത്തിന്‍െറ അറസ്റ്റോടെ കോഴിക്കോട് നോര്‍ത് ക്രൈം സ്ക്വാഡിന്‍െറ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. തെരഞ്ഞെടുപ്പ് തിരക്കിനിടെ വന്‍ കവര്‍ച്ച ലക്ഷ്യമിട്ട് കാറില്‍ സഞ്ചരിക്കുകയായിരുന്ന അത്തോളി സ്വദേശികളായ പുനത്തില്‍ ചാലില്‍ ജാബിര്‍ എന്ന ജാഫര്‍, സേഫുന്നിസ മന്‍സിലില്‍ മുഹമ്മദ് റാസിക്ക്, മിത്തല്‍വീട്ടില്‍ ജറീഷ്, പെരിങ്ങളം സ്വദേശി അറപ്പൊയില്‍ മുജീബ്, കൊട്ടാരക്കര സ്വദേശി ജോസ് തോമസ് എന്നിവരെയാണ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ രണ്ടു ബിവറേജുകളിലെ മോഷണത്തിനാണ് രണ്ടാഴ്ചക്കകം തുമ്പായത്. മാത്രവുമല്ല ഒരു വര്‍ഷത്തിനകം വിവിധ കേസുകളിലായി 150ല്‍പരം പ്രതികളെയാണ് സ്ക്വാഡ് പിടകൂടിയത്. സിറ്റിയിലും പരിസരപ്രദേശങ്ങളിലെയും കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി മുന്‍ കമീഷണര്‍ വത്സനാണ് ഷാഡോ നോര്‍ത് ടീം രൂപവത്കരിച്ചത്. ആഴ്ചകള്‍ക്കുമുമ്പ് പേരാമ്പ്രയിലെ ഒരു ഷോപ്പില്‍നിന്ന് ഗ്യാസും മറ്റ് ഉപകരണങ്ങളും കളവുചെയ്താണ് അഞ്ചംഗസംഘം നഗരത്തിലെ വിവിധ കവര്‍ച്ചകള്‍ ആസൂത്രണം ചെയ്തത്. ഇതില്‍ സിറ്റിയിലെ രണ്ടു പ്രധാന ബിവറേജുകളില്‍ നടന്ന ആസൂത്രിതകവര്‍ച്ച പൊലീസിന് തലവേദനയായിരുന്നു. ഷാഡോ പൊലീസിന്‍െറ തന്ത്രപരമായ ഇടപെടലിലൂടെ രണ്ടാഴ്ചക്കകം കവര്‍ച്ച ഉപകരണങ്ങളുമായി മുഴുവന്‍ സംഘത്തെയും പിടികൂടിയത് സിറ്റി പൊലീസിനും അഭിമാനമായി. ബിവറേജ് കവര്‍ച്ച അന്വേഷണത്തിന്‍െറ ഭാഗമായി പ്രത്യേക അന്വേഷണസംഘത്തിന്‍െറ മേല്‍നോട്ടത്തില്‍ രാത്രികാലങ്ങളിലുള്‍പ്പെടെ പരിശോധന കര്‍ശനമാക്കിയിരുന്നു. മുമ്പ് സമാനരീതിയില്‍ കവര്‍ച്ച നടത്തിയവരെയും ഇതരസംസ്ഥാനക്കാരായ കുറ്റവാളികളെയും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഏപ്രില്‍ 28നാണ് കരിക്കാംകുളം, എരഞ്ഞിപ്പാലം ബിവറേജുകളില്‍നിന്നായി 2,60,000 രൂപ വില വരുന്ന 280 മദ്യക്കുപ്പി മദ്യം കവര്‍ന്നത്. പേരാമ്പ്രയില്‍നിന്ന് കവര്‍ന്ന ഓക്സിജന്‍ സിലിണ്ടര്‍, ഇലക്ട്രിക് കട്ടര്‍, പൂട്ട് പൊളിക്കാനുള്ള ആധുനികരീതിയിലുള്ള ബോള്‍ട്ട് കട്ടര്‍, ഗ്യാസ് സിലിണ്ടര്‍ കട്ടിങ് ടോര്‍ച്ച് എന്നിവയുമായി വാടകക്കാറില്‍ ഏതോ ബങ്കിന്‍െറ ലോക്കര്‍ പൊട്ടിച്ച് കവര്‍ച്ച നടത്താനുള്ള പദ്ധതിയുമായി സഞ്ചരിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവര്‍ പിടിയിലായതോടെ ജില്ലയിലും ഇതരജില്ലകളിലുമായി നടന്ന നിരവധി മോഷണങ്ങള്‍ക്ക് തുമ്പായി. കൊലപാതകം, ബൈക്ക് മോഷണം, കവര്‍ച്ച, മയക്കുമരുന്ന്, മാലപിടിച്ചുപറി, പീഡനം തുടങ്ങി നിരവധി കേസുകളാണ് ഇതിനകം നോര്‍ത് ഷാഡോ ടീം തെളിയിച്ചത്. നിരവധി പ്രതികളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കഴിഞ്ഞ ഫെബ്രുവരിയില്‍ 40ഓളം കളവുകേസിലെ പ്രതിയായ ബഷീറിനെ അറസ്റ്റ് ചെയ്തിരുന്നു. മുന്‍ അസി. കമീഷണര്‍ ജോ സി ചെറിയാനായിരുന്നു ആദ്യം ഷാഡോ ടീമിന്‍െറ ചുമതല. അതിനുശേഷം ഡി.സി.ആര്‍.ബി എ.സി. സുദര്‍ശനന്‍, ഇപ്പോള്‍ കോസ്റ്റല്‍ സി.ഐ അഷ്റഫിനുമാണ് ചുമതല. നടക്കാവ് എസ്.ഐ ഗോപകുമാര്‍, മുന്‍ മെഡിക്കല്‍ കോളജ് എസ്.ഐ ഷിജു, ചേവായൂര്‍ എസ്.ഐ ഷാജഹാന്‍ എന്നിവര്‍ ടീമിന്‍െറ അസിസ്റ്റന്‍റുമാരായി ചുമതല വഹിക്കുന്നു. സീനിയള്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മനോജ്, മുഹമ്മദ് ഷാഫി, സജി, അബ്ദുറഹ്മാന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രണ്‍ദീര്‍, മുഹമ്മദ്, പ്രമോദ്, സുജേഷ്, സുനില്‍കുമാര്‍, ആഷിഖ് റഹ്മാന്‍, സുജിത്ത് എന്നിവരും ഷാഡോ ടീമില്‍ അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.