കോഴിക്കോട്: പുതിയ സ്റ്റാന്‍ഡില്‍ വീണ്ടും ബസ് ജീവനക്കാരുടെ ഗുണ്ടാ വിളയാട്ടം. ഗതാഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്ത പൊലീസുകാരനെ കൈയേറ്റം ചെയ്ത രണ്ട് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂട്ടിലോടുന്ന അമ്പാടി ബസിലെ ഡ്രൈവര്‍ മാളിക്കടവ് കരുവിശേരി അനൂപ് (36), കണ്ടക്ടര്‍ തിരൂരങ്ങാടി സ്വദേശി എം. പ്രസാദ് (40) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ ബസ്സ്റ്റാന്‍ഡിന് കിഴക്കു വശത്ത് തൃശൂര്‍ ഭാഗത്തേക്കുള്ള ബസ് നിര്‍ത്തുന്ന ട്രാക്കിന് സമീപത്താണ് സംഘര്‍ഷം. ഗതാഗതക്കുരുക്കുണ്ടാക്കും വിധം അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ട ബസ് മാറ്റാന്‍ ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ജീവനക്കാരും പൊലീസും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കസബ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജയരാജിനും ഹോം ഗാര്‍ഡ് സുരേന്ദ്രനുമാണ് പരിക്കേറ്റത്. ഇവര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. സ്റ്റാന്‍ഡില്‍ ബസുകള്‍ അനധികൃതമായി നിര്‍ത്തിയിട്ട് അറ്റകുറ്റപ്പണി നടത്തുന്നതും ഗതാഗതക്കുരുക്കുണ്ടാവുന്നതും പതിവാണ്. ഇതുസംബന്ധിച്ച് നിരവധി പരാതികളും നിലവിലുണ്ട്. തൃശൂര്‍ റൂട്ടിലോടുന്ന ബസുകള്‍ നിര്‍ത്തിയിടുന്ന ട്രാക്കിന് പിറകില്‍ അമ്പാടി ബസിന്‍െറ ടയറുകള്‍ അഴിച്ച് നിര്‍ത്തിയിരുന്നു. മറ്റ് ബസുകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത വിധം നിര്‍ത്തിയിട്ട ബസ് നീക്കണമെന്ന് ഇതേ റൂട്ടിലോടുന്ന മറ്റ് ചില ബസ് ജീവനക്കാര്‍ പൊലീസിനോട് പരാതിപ്പെട്ടു. ട്രാക്കില്‍ നിന്ന് ഇറക്കാന്‍ വൈകിയാല്‍ കലക്ഷനില്‍ നഷ്ടം വരുന്നതും സമയക്രമം പാലിക്കാനാവാത്തതിന്‍െറ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബസ് നീക്കണമെന്ന് ആവശ്യപ്പെട്ട പൊലീസുകാരോട് ബസ് ജീവനക്കാര്‍ തട്ടിക്കയറുകയായിരുന്നു. ഇതോടെ ജീവനക്കാരും പൊലീസുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. അര മണിക്കൂറോളം നീണ്ട സംഘര്‍ഷാവസ്ഥക്കിടെ ബസ് ജീവനക്കാര്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതോടെ കസബ സി.ഐ പ്രമോദിന്‍െറ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസത്തെിയാണ് സ്ഥിതി ശാന്തമാക്കിയത്. കേരള പൊലീസ് ആക്ട് പ്രകാരം കൃത്യനിര്‍വഹണത്തിന് തടസ്സം വരുത്തിയതും ഗതാഗതം തടസ്സപ്പെടുത്തിയ കുറ്റവും ചുമത്തിയാണ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്. ജീവനക്കാരെ ജാമ്യത്തില്‍ വിട്ടയച്ചു. പൊലീസ് കോളറില്‍ പിടിച്ച് തൂക്കി യാത്രക്കാരുടെ മുമ്പില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ജീവനക്കാര്‍ ആരോപിച്ചു. സ്റ്റാന്‍ഡില്‍ അറ്റകുറ്റപ്പണി നടത്തരുതെന്ന് ആവശ്യപ്പെട്ട പൊലീസുകാരെ ജീവനക്കാര്‍ അസഭ്യം പറയുകയായിരുന്നെന്ന് പരിക്കേറ്റ പൊലീസുകാര്‍ പറഞ്ഞു. സംഭവത്തില്‍ ബസ് ജീവനക്കാര്‍ പ്രതിഷേധിച്ചു. പുതിയ സ്റ്റാന്‍ഡില്‍ പലപ്പോഴും കടുത്ത ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട്. ബസുകാര്‍ തമ്മിലുള്ള അടിപിടിക്ക് പുറമെ യാത്രക്കാരെയും മറ്റും ബുദ്ധിമുട്ടിലാക്കുന്ന ബസ് ജീവനക്കാരുടെ പെരുമാറ്റത്തിനെതിരെ കസബ സ്റ്റേഷനില്‍ നിരവധി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉന്നത സ്വാധീനമുള്ള ബസ് ഉടമകളുടെ താല്‍പര്യപ്രകാരമാണ് ജീവനക്കാരുടെ നേതൃത്വത്തില്‍ ബസ്സ്റ്റാന്‍ഡിലെ ഗുണ്ടാ വിളയാട്ടം. തൃശൂര്‍, കണ്ണൂര്‍ തുടങ്ങിയ ദീര്‍ഘദൂര ബസുകള്‍ തമ്മിലാണ് വാക്കേറ്റവും കൈയാങ്കളിയും പതിവ്. എന്നാല്‍, ഇത് നിയന്ത്രിക്കാന്‍ പൊലീസിന് പോലും ആവാത്തത് യാത്രക്കാരില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ബസ്സ്റ്റാന്‍ഡിലെ ക്രമസമാധാന പ്രശ്നങ്ങളും അനധികൃത പാര്‍ക്കിങ്ങും നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കസബ എസ്.ഐ സജീവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.