കുന്ദമംഗലത്തെ സ്ഥാനാര്‍ഥികള്‍ കുടിവെള്ളത്തില്‍ ‘ഏറ്റുമുട്ടി’

കോഴിക്കോട്: കുടിവെള്ള ക്ഷാമത്തെചൊല്ലി പരസ്പരം പഴിപറഞ്ഞും അവകാശവാദങ്ങളുന്നയിച്ചും കുന്ദമംഗലത്തെ സ്ഥാനാര്‍ഥികള്‍. കാലിക്കറ്റ് പ്രസ്ക്ളബ് നടത്തിയ മുഖാമുഖത്തിലാണ് കുന്ദമംഗലം എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. പി.ടി.എ. റഹീം, യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ടി.സിദ്ദീഖ്, എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കെ. പത്മനാഭന്‍ തുടങ്ങിയവര്‍ മണ്ഡലത്തിലെ വികസന കാര്യങ്ങളെക്കുറിച്ച് മനസ്സുതുറന്നത്. ജപ്പാന്‍ കുടിവെള്ള പദ്ധതി നാലു പഞ്ചായത്തുകളില്‍ ആരംഭിച്ചാല്‍ മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്ന് നിലവിലെ എം.എല്‍.എകൂടിയായ അഡ്വ. പി.ടി.എ. റഹീം പറഞ്ഞു. ഒമ്പതുമാസം മുമ്പ് വലിയ ആഘോഷത്തോടെയാണ് ജൈക്ക പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. എന്നാല്‍, ഇതുവരെയും പദ്ധതി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിനു കാരണം. കവണക്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ ഷട്ടര്‍ കേടുവന്നതിനാല്‍ കുറച്ചു ഭാഗങ്ങളില്‍ ക്ഷാമം നേരിടുന്നുണ്ട് -അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതില്‍ ഏറെ പാളിച്ചകള്‍ സംഭവിച്ചതായി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുടിവെള്ള പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം വോട്ട് ചോദിച്ചത്. ഇപ്പോഴും അതേ വിഷയംതന്നെയാണ് അവര്‍ ഉന്നയിക്കുന്നത്. സര്‍ക്കാറിനെ മാത്രം ആശ്രയിക്കാതെ മറ്റു ഏജന്‍സികളെ യോജിപ്പിച്ച് പദ്ധതികള്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കവണക്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ ഷട്ടര്‍ നന്നാക്കാന്‍ പറ്റാത്തത് എം.എല്‍.എയുടെ പിടിപ്പുകേടാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി പുഴകളും കുടിവെള്ള സ്രോതസ്സുകളുമുള്ള കുന്ദമംഗലത്ത് അവയൊന്നും സംരക്ഷിക്കപ്പെടാത്തതാണ് കുടിവെള്ള ക്ഷാമത്തിന് കാരണമെന്ന് സി.കെ. പത്മനാഭന്‍ പറഞ്ഞു. നിരവധി കോളനികളില്‍ ഇപ്പോഴും കുടിവെള്ളമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കണമെന്നും സി.കെ. പത്മനാഭന്‍ അഭിപ്രായപ്പെട്ടു. ഇത്തവണ യു.ഡി.എഫിന് അനുകൂലമായ നിരവധി വോട്ടുകളുണ്ടാകുമെന്നും വ്യക്തിഹത്യ രാഷ്ട്രീയത്തിന് തിരിച്ചടിയുണ്ടാകുമെന്നും സിദ്ദീഖ് പറഞ്ഞു. വോട്ട് കച്ചവടത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ളെന്നും ബി.ജെ.പിയുടെ മുന്നേറ്റത്തെ തടയാനുള്ള ശ്രമങ്ങള്‍ കുന്ദമംഗലത്തും സംഭവിക്കാമെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു. എല്ലാ മത സാമൂഹിക വിഭാഗങ്ങളുടെയും പിന്തുണ ഇടതുപക്ഷത്തിനുണ്ടാകുമെന്ന് പി.ടി.എ. റഹീം പറഞ്ഞു. വിജയിക്കുകയാണെങ്കില്‍ മാവൂരില്‍ പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായം കൊണ്ടുവരുമെന്ന് സ്ഥാനാര്‍ഥികള്‍ പറഞ്ഞു. പരിപാടിയില്‍ പ്രസ്ക്ളബ് പ്രസിഡന്‍റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.