സിഗ്നലുകള്‍ മിഴിയടച്ചു; ട്രാഫിക് പൊലീസുകാര്‍  പൊരിവെയിലില്‍ 

കോഴിക്കോട്: കണ്ണടച്ച സിഗ്നലുകള്‍ക്കു മുന്നില്‍ ചുട്ടുപൊള്ളുന്ന ചൂടില്‍ ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസുകാരുടെ സാഹസികതക്ക് നൂറ് മാര്‍ക്ക് നല്‍കേണ്ടിവരും. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം അറ്റകുറ്റപ്പണിയായതിനാല്‍ ഗതാഗതക്കുരുക്ക് ഇരട്ടിയാണ്. പണ്ടൊക്കെ വകുപ്പുതല നടപടിയുടെ ഭാഗമായി ട്രാഫിക്കിലേക്ക് സ്ഥലം മാറ്റുന്ന നടപടി വ്യാപകമായിരുന്നു. ഈ കടുത്ത ചൂടില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് നഗരത്തിലെ ജങ്ഷനുകളിലെ ഗതാഗത നിയന്ത്രണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കും. ചൂടില്‍ എരിപൊരി കൊള്ളുന്ന ഉദ്യോഗസ്ഥര്‍ക്ക് ദിവസം നാലുതവണ ഉപ്പിട്ട നാരങ്ങവെള്ളം നല്‍കിയില്ളെങ്കില്‍ കടുത്ത ആരോഗ്യ പ്രശ്നമുണ്ടെന്ന് ഡി.ജി.പിയുടെ മുന്നറിയിപ്പുണ്ട്. ഇതൊന്നും കാര്യക്ഷമമായി നടപ്പാക്കാനാവുന്നില്ല. മറിച്ച്, ഏതെങ്കിലും സന്നദ്ധ സംഘടനകളുടെ ദാഹജല വിതരണം ഉണ്ടെങ്കില്‍ രക്ഷപ്പെട്ടു എന്ന അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍.  നഗരത്തിലെ പ്രധാന ജങ്ഷനുകളിലെ ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തിക്കാത്തതാണ് പൊലീസുകാരെ കഷ്ടപ്പെടുത്തുന്നത്. നഗരത്തില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന രാജാജി റോഡ്, സ്റ്റേഡിയം ജങ്ഷന്‍, പുതിയറ റോഡ്, പുഷ്പ ജങ്ഷന്‍, സി.എച്ച് ഓവര്‍ ബ്രിഡ്ജ്, മാവൂര്‍ റോഡ് ജങ്ഷന്‍, പാളയം തുടങ്ങിയ സ്ഥലങ്ങളില്‍ ചിലയിടത്തും സിഗ്നല്‍ ഇല്ല. നഗരമധ്യത്തിലുള്ള നാല് പ്രധാന ജങ്ഷനുകളായ രാജാജി റോഡ്, സി.എച്ച് ഓവര്‍ ബ്രിഡ്ജ്, സ്റ്റേഡിയം, പുതിയറ എന്നിവിടങ്ങളിലൊന്നും സിഗ്നല്‍ ലൈറ്റുകളുടെ സഹായമില്ലാതെയാണ് വാഹന നിയന്ത്രണം. സി.എച്ച് ഓവര്‍ബ്രിഡ്ജിലെ ജങ്ഷനില്‍ ഈയടുത്ത് സ്ഥാപിച്ച സിഗ്നല്‍ ലൈറ്റും കണ്ണടച്ചതോടെ ഉദ്യോഗസ്ഥര്‍ റോഡില്‍ നില്‍ക്കേണ്ട അവസ്ഥയിലാണ്. സിഗ്നല്‍ ലൈറ്റുകള്‍ വന്നതോടെ പണ്ടുണ്ടായിരുന്ന ട്രാഫിക് ഐലന്‍ഡുകള്‍ നീക്കിയതോടെ ചൂടും പൊടിയും സഹിച്ച് ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ഇവര്‍. ആറു മണിക്കൂറാണ് പൊതുവെ ട്രാഫിക്കില്‍ ഒരാളുടെ ജോലിസമയം. എന്നാല്‍, രാജാജി റോഡ് പോലെ രാവിലെ എട്ടു മുതല്‍ രാത്രി ഒമ്പതു വരെ പൊലീസുകാരുടെ സേവനമുള്ള ജങ്ഷനുകളില്‍ ആറര മണിക്കൂര്‍ വരും ജോലിസമയം. രാവിലെ എട്ടിന് തുടങ്ങിയാല്‍ തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ റോഡില്‍ നില്‍ക്കണം. റോഡ് വികസനത്തിന്‍െറ പേരില്‍ പലയിടത്തും ഉണ്ടായിരുന്ന തണല്‍മരങ്ങള്‍ മുറിച്ചുനീക്കിയതിനാല്‍ പൊരിവെയിലത്ത് നില്‍ക്കേണ്ടിവരുന്നത് ട്രാഫിക് പൊലീസാണ്. സി.എച്ച് മേല്‍പാലത്തിന് സമീപം മാത്രമാണ് അല്‍പം മരത്തണലുള്ളത്. മൂന്നു മണിക്കൂറിനിടെ വെള്ളം കുടിക്കാന്‍ മാത്രമാണ് ഇടവേള. മൂന്നു മണിക്കൂറിനു ശേഷം മറ്റൊരാള്‍ ജോലിക്ക് കയറും. വിശ്രമത്തിനു ശേഷം ആദ്യത്തെയാള്‍ വീണ്ടും റോഡിലേക്ക് ഇറങ്ങണം. നഗരത്തില്‍ ഒരേസമയം നൂറിലേറെ പൊലീസുകാര്‍ ഗതാഗത നിയന്ത്രണത്തിനായുണ്ട്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.