തിരുവമ്പാടിയില്‍ നയം വ്യക്തമാക്കാതെ മലയോര വികസന സമിതി

തിരുവമ്പാടി: തിരുവമ്പാടി ഉള്‍പ്പെടെ എട്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന മലയോര വികസന സമിതി വ്യക്തമായ രാഷ്ട്രീയ അഭിപ്രായം പോലുമില്ലാതെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍നിന്ന് പിന്‍വാങ്ങുന്നു. തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ തിരുവമ്പാടി മണ്ഡലത്തിലെ തിരുവമ്പാടി, കോടഞ്ചേരി, തോട്ടുമുക്കം എന്നീ സ്ഥലങ്ങളില്‍ സമിതി നടത്തിയ വിശദീകരണ പൊതുയോഗങ്ങളില്‍ ഇടത്, വലത് മുന്നണികള്‍ക്കെതിരെ വിമര്‍ശമൊന്നുമുണ്ടായില്ല. തിരുവമ്പാടി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ളെന്ന് പൊതുയോഗത്തില്‍ മലയോര വികസന സമിതി വ്യക്തമാക്കി. കര്‍ഷകരുടെ ദുരിത പരിഹാരമാണ് സമിതിയുടെ ലക്ഷ്യമെന്നും വിശദീകരിക്കപ്പെട്ടു. അതേസമയം, തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന പ്രഖ്യാപനവുമുണ്ടായില്ല. മുസ്ലിം ലീഗ് വി.എം. ഉമ്മറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെയാണ് തിരുവമ്പാടിയില്‍ കര്‍ഷകനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യമുന്നയിച്ച് മലയോര വികസന സമിതി രംഗത്തുവന്നിരുന്നത്. ഈ ആവശ്യവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെ സമിതി നേതാക്കള്‍ കണ്ടിരുന്നു. തിരുവമ്പാടി സീറ്റ് ലീഗ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കണമെന്ന ആവശ്യവും സമിതി ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് സീറ്റ് ആവശ്യപ്പെട്ടിട്ടില്ളെന്ന നിലപാടായിരുന്നു ലീഗിന്. ഇതിനിടെ, 2011ല്‍ കുഞ്ഞാലിക്കുട്ടി ഉമ്മന്‍ ചാണ്ടിക്കെഴുതിയ ഒരു കത്തും പുറത്തായി. അടുത്ത തെരഞ്ഞെടുപ്പില്‍ തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കാമെന്ന വാഗ്ദാനമായിരുന്നു കത്തിലുണ്ടായിരുന്നത്. വിവാദത്തിനിടെ, പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റിയ ചരിത്രമില്ളെന്ന് ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന്, ഇടതു മുന്നണിയുമായി മലയോര വികസന സമിതി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും തങ്ങളുടെ സ്ഥാനാര്‍ഥിയെ സമിതി പിന്തുണക്കണമെന്നുമായിരുന്നു ഇടതു നിലപാട്. ഇതോടെ, ഇരുമുന്നണികള്‍ക്കുമെതിരെ തിരുവമ്പാടി ഉള്‍പ്പെടെ എട്ട് മലയോര മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് മലയോര വികസന സമിതി നിലപാട് കടുപ്പിച്ചു. എന്നാല്‍, യു.ഡി.എഫ് സ്ഥാനാര്‍ഥി വി.എം. ഉമ്മറും ഇടതുമുന്നണി സ്ഥാനാര്‍ഥി ജോര്‍ജ് എം. തോമസും നാമനിര്‍ദേശ പത്രിക നല്‍കിയതോടെ സമിതി നിശ്ശബ്ദമാകുന്നതാണ് കണ്ടത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന്‍െറ 10 ദിവസം മുമ്പാണ് മലയോര വികസന സമിതി രൂപവത്കരിച്ചത്. കോഴിക്കോട്ട് നടന്ന സമിതി കണ്‍വെന്‍ഷനില്‍ താമരശ്ശേരി രൂപത വക്താവ് ഫാ. അബ്രഹാം കാവില്‍പുരയിടം പങ്കെടുത്തിരുന്നു. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായ ചാക്കോ കാളംപറമ്പിലാണ് മലയോര വികസന സമിതി ചെയര്‍മാന്‍. ഇരു മുന്നണികളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതാണ് മലയോര വികസന സമിതി അണിയറക്ക് പിന്നിലേക്ക് നീങ്ങാന്‍ കാരണമെന്നാണ് സൂചന. മണ്ഡലത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന ക്രൈസ്തവ സഭയുടെ വിലയിരുത്തലും പ്രഖ്യാപിത നിലപാടില്‍നിന്ന് പിറകോട്ട് പോകാന്‍ മലയോര വികസന സമിതിയെ പ്രേരിപ്പിച്ചതായാണ് അറിയുന്നത്. അതേസമയം, കര്‍ഷകരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് തിരുവമ്പാടി മണ്ഡലത്തില്‍ സൈമണ്‍ തോണക്കര, സിബി വയലില്‍ എന്നീ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. താമരശ്ശേരി രൂപതയുടെ സഹകരണമുണ്ടെന്നാണ് ഇരു സ്ഥാനാര്‍ഥികളുടെയും അവകാശ വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.