ഈസ്റ്റ് വെള്ളിമാടുകുന്നില്‍ കുടിവെള്ളം വറ്റി

കോഴിക്കോട്: രണ്ടു വര്‍ഷമായി ഈസ്റ്റ് വെള്ളിമാടുകുന്ന് ഭാഗത്ത് കനാലില്‍ വെള്ളമത്തെിയിട്ട്. പ്രദേശത്തെ ജലാശയങ്ങളില്‍ വെള്ളം വറ്റാതിരിക്കാന്‍ സഹായിക്കുന്ന കനാല്‍ നോക്കുകുത്തിയായതോടെ കിണറുകളെല്ലാം വറ്റി. കുടിവെള്ളക്ഷാമം രൂക്ഷമായ ഇവിടെ ജനങ്ങള്‍ക്ക് ടാങ്കര്‍ വെള്ളവും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുവെള്ളവുമാണ് ആശ്രയം. പ്രദേശത്തേക്ക് കനാല്‍വെള്ളം തുറന്നുവിടാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ എടുക്കാത്തതാണ് പ്രദേശത്തെ ദുരിതത്തിലാക്കുന്നത്. വെള്ളം വരുമെന്നു പറഞ്ഞ് പലതവണ കനാലിലെ കാടുവെട്ടി വൃത്തിയാക്കിയതല്ലാതെ വെള്ളം തുറന്നുവിടാന്‍ ഒരു നടപടിയുമെടുത്തിട്ടില്ല. പൂളക്കടവ് വരെ കനാലിലേക്ക് വെള്ളം വരുമ്പോഴാണ് 300ലധികം കുടുംബങ്ങള്‍ കഴിയുന്ന ഈസ്റ്റ് വെള്ളിമാടുകുന്നിലെ മഠത്തില്‍ കനാലിലേക്ക് വെള്ളം ഒഴുകാത്തത്. കിലോമീറ്ററുകളോളം നടന്നാണ് പല വീട്ടുകാരും വെള്ളം കൊണ്ടുവരുന്നത്. കഴിഞ്ഞവര്‍ഷവും കനാല്‍ വെള്ളം ഇല്ലാത്തത് കുടിവെള്ളക്ഷാമത്തിനിടയാക്കിയിരുന്നെങ്കിലും കിണറുകളും മറ്റും വറ്റിവരണ്ട് ക്ഷാമം അതീവരൂക്ഷമായത് ഇത്തവണയാണ്. ഈസ്റ്റ് വെള്ളിമാടുകുന്നിലെ 11, 15, 16 വാര്‍ഡുകളിലുള്ളവരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള കനാലാണ് ഈ വാര്‍ഡുകളെ ബന്ധിപ്പിച്ച് കടന്നുപോകുന്നത്. പെരുവണ്ണാമൂഴി ഡാമിന്‍െറ കനാലാണിത്. കനാല്‍ മണ്ണുകൊണ്ട് അടഞ്ഞുവെന്നും ശരിയായ രീതിയില്‍ നവീകരിക്കാതെ വെള്ളം തുറന്നുവിടാനാകില്ളെന്നുമുള്ള ന്യായമാണ് അധികൃതര്‍ പറയുന്നത്. വെള്ളം എത്താതായതോടെ കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രദേശത്തെ വയലെല്ലാം വരണ്ടു. കൃഷിയിറക്കാനാകാതെ കര്‍ഷകര്‍ ബുദ്ധിമുട്ടി. കനാല്‍ വെള്ളം ഉണ്ടായിരുന്നപ്പോള്‍ വീടുകളിലെയും മറ്റു ജലാശയങ്ങളിലെയും വെള്ളം വറ്റിയിരുന്നില്ല. ഈ വര്‍ഷം കൃഷിയിറക്കാന്‍ കഴിയാത്തതിനു പുറമെ കുടിവെള്ളക്ഷാമവും നേരിടുകയാണ്. അമോത്ത്, പൂക്കാട്ട്, പാലപറമ്പ്, ഇല്ലത്ത്, താഴെ അറപ്പൊയില്‍, മുതരകാലപറമ്പ്, വളപ്പില്‍ തുടങ്ങിയ ഭാഗങ്ങളിലാണ് രൂക്ഷമായ കുടിവെള്ള പ്രശ്നമുള്ളത്. വിലകൊടുത്ത് വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളാണ് കനാലിന്‍െറ അരികില്‍ സ്ഥാനംപിടിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.