കൊയിലാണ്ടി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും വലച്ച് കൊയിലാണ്ടി ടൗണിലെ ഗതാഗതക്കുരുക്ക്. ശനിയാഴ്ച കി.മീറ്ററുകളോളം നീണ്ട അതിരൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു ദേശീയപാതയില്‍. വടകരയില്‍നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കഴിഞ്ഞ് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന നിതീഷ് കുമാര്‍ സഞ്ചരിച്ച വാഹനം കൊല്ലം ടൗണിലാണ് രാവിലെ 11 മണിയോടെ കുരുക്കില്‍ കുടുങ്ങിയത്. പൊതുവെ ഗതാഗത പ്രശ്നം രൂക്ഷമായ പട്ടണമാണിത്. ഒരു തുണിക്കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജനങ്ങളും വാഹനങ്ങളുമത്തെിയതോടെ കുരുക്കുകാരണം പട്ടണം വീര്‍പ്പുമുട്ടുകയായിരുന്നു. ഒരു കെ.എസ്.ആര്‍.ടി.സി ബസ് വരിതെറ്റിച്ച് മുന്നോട്ടുകയറിയതോടെയാണ് ബിഹാര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നോട്ടുപോകാന്‍ കഴിയാതെവന്നത്. സെക്യൂരിറ്റി സ്റ്റാഫും കൊയിലാണ്ടി പൊലീസും അരമണിക്കൂര്‍ പ്രയത്നിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിട്ടത്. രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രിയിലും തുടര്‍ന്നു. ചുട്ടുപൊള്ളുന്ന വെയിലില്‍ വാഹനക്കുരുക്കില്‍ കുടുങ്ങി യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി. കുരുക്കില്‍ കുടുങ്ങി സമയക്രമം തെറ്റിയതിനാല്‍ വടകര-കൊയിലാണ്ടി റൂട്ടിലോടുന്ന പല ബസുകള്‍ക്കും സര്‍വിസ് നിര്‍ത്തിവെക്കേണ്ടിവന്നു. ഇതും യാത്രക്കാര്‍ക്ക് വിനയായി. കൊയിലാണ്ടി ആര്‍.ടി ഓഫിസ് മുതല്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ വരെ സ്ഥിരം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മേഖലയാണ്. അതുപോലെ കൊല്ലം, ആനക്കുളം ഭാഗവും. ചെറിയ പ്രകടനമോ, ആള്‍ക്കൂട്ടമോ ഉണ്ടായാല്‍ പിന്നെ തീരാത്ത കുരുക്കായിരിക്കും ടൗണില്‍. ഓരോ ദിവസവും ഇത് വര്‍ധിക്കുകയാണ്. ദേശീയപാത വികസനം, ബൈപാസ്, എലിവേറ്റര്‍ റോഡ് എന്നിവ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഒന്നും പ്രാവര്‍ത്തികമായിട്ടില്ല. ഡ്രൈവര്‍മാര്‍ റോഡ് മര്യാദ പാലിച്ചാല്‍തന്നെ ഗതാഗതക്കുരുക്കിന്‍െറ രൂക്ഷത കുറക്കാന്‍ കഴിയും. ഇപ്പോള്‍ പലപ്പോഴും ഓരോ ഭാഗത്തുനിന്നും മൂന്നുനിരയായാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇങ്ങനെ വരുമ്പോള്‍ വാഹനങ്ങള്‍ക്ക് സ്വതന്ത്രമായി കടന്നുപോകാന്‍ കഴിയില്ല. നഗരസഭാ ബസ്സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്ന ബസുകള്‍ പട്ടണത്തില്‍ പല ഭാഗങ്ങളിലും നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും പ്രശ്നമാണ്. പട്ടണത്തില്‍ ബസ് ബേ ഇല്ല. എവിടെവെച്ചും റോഡ് മുറിച്ചുകടക്കുക എന്നത് കാല്‍നടക്കാരുടെ ശീലവുമാണ്. ഇങ്ങനെ കടക്കുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്തിനിര്‍ത്തി പോകേണ്ടിവരും. ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് കൊയിലാണ്ടി പട്ടണം അഭിമുഖീകരിക്കുന്നത്. ട്രാഫിക് അവലോകന കമ്മിറ്റി ഉണ്ടെങ്കിലും അവിടെ ഉയരുന്ന നിര്‍ദേശങ്ങളൊന്നും നടപ്പാക്കാറില്ല. അത്യാവശ്യ കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുന്നവര്‍ മണിക്കൂറുകളോളം പെരുവഴിയില്‍ കുടുങ്ങി ദുരിതമനുഭവിക്കേണ്ട സ്ഥിതിയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.