വാട്ടര്‍ അതോറിറ്റി ഓഫിസില്‍ പഞ്ചായത്ത് അംഗത്തിന്‍െറ കിടപ്പുസമരം

കൊടുവള്ളി: കുടിവെള്ളക്ഷാമം രൂക്ഷമായ മടവൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് ജല അതോറിറ്റിയുടെ കുടിവെള്ളം മുടങ്ങിയിട്ട് മൂന്നാഴ്ച പിന്നിട്ടു. ജല അതോറിറ്റിയുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം എ.പി. നസ്തറാണ് വ്യാഴാഴ്ച കൊടുവള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അസി. എന്‍ജിനീയര്‍ രാജു സെബാസ്റ്റ്യന്‍െറ ഓഫിസ് ചേംബറിന് മുന്നില്‍ കിടപ്പുസമരം ആരംഭിച്ചത്. കുടിവെള്ളം രൂക്ഷമായ സമയത്തും പഞ്ചായത്തിലെ വിവിധഭാഗങ്ങളില്‍ പൈപ്പ് ലൈനുകള്‍ പൊട്ടി വെള്ളം പാഴായിപ്പോവുകയാണെന്നും ഇവ നന്നാക്കാനോ വെള്ളം ലഭ്യമാക്കാനോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാവുന്നില്ളെന്നും നസ്തര്‍ കുറ്റപ്പെടുത്തി. കൊട്ടക്കാവയലിലെ പൂനൂര്‍പുഴയില്‍ നിര്‍മിച്ച കിണറ്റില്‍നിന്നുമാണ് മടവൂര്‍ പഞ്ചായത്തിലേക്കാവശ്യമായ വെള്ളം പമ്പ് ചെയ്യുന്നത്. പാലോറമലയിലാണ് ടാങ്ക് സ്ഥാപിച്ചിട്ടുള്ളത്. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശത്തേക്കുള്‍പ്പെടെയുള്ളവര്‍ക്ക് വെള്ളം ലഭിക്കുന്നില്ളെന്നാണ് പരാതി. വെള്ളം ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുള്‍പ്പെടെയുള്ളവര്‍ ജല അതോറിറ്റി അസി. എന്‍ജിനീയറുള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. എന്നാല്‍, പുഴയിലെ നീരൊഴുക്ക് നിലച്ചതോടെ കിണറ്റില്‍ പമ്പിങ് നടത്താനാവശ്യമായ വെള്ളം ലഭ്യമല്ലാത്തതിനാലാണ് കുടിവെള്ളം മുടങ്ങുന്നതെന്ന് അസി. എന്‍ജിനീയര്‍ രാജു സെബാസ്റ്റ്യന്‍ പറഞ്ഞു. കഴിഞ്ഞദിവസം പുഴയില്‍ മണ്ണ് നീക്കി ചാല്‍ ഒരുക്കി താല്‍ക്കാലിക തടയണ നിര്‍മിച്ചു. വെള്ളം ഫില്‍ട്ടര്‍ ചെയ്ത് പമ്പിങ് നടത്തുന്നതിനിടെ വെള്ളം കുറവായതിനാല്‍ മോട്ടോര്‍ കത്തിപ്പോയി. പകരം മോട്ടോര്‍ ഘടിപ്പിച്ച് പമ്പിങ് നടത്തുന്നുണ്ടെങ്കിലും കിണറ്റില്‍ ആവശ്യത്തിന് വെള്ളം ഇല്ലാത്തതാണ് മടവൂരിലേക്കുള്ള ജലവിതരണം തടസ്സപ്പെടുന്നതെന്നുമാണ് എന്‍ജിനീയര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.