കോഴിക്കോട്: ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍ ഏതൊക്കെയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. സി.പി.എം, മുസ്ലിം ലീഗ്, സി.പി.ഐ, ഐ.എന്‍.എല്‍ തുടങ്ങിയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിനിറങ്ങിയിട്ടും മണ്ഡലം ഏതെന്നുപോലും തീര്‍ത്തുപറയാന്‍ പ്രയാസപ്പെടുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ബാലുശ്ശേരി, ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്, കൊയിലാണ്ടി, നാദാപുരം എന്നീ സീറ്റുകളിലാണ് കഴിഞ്ഞതവണ കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ ബാലുശ്ശേരിയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ നെഞ്ചിടിപ്പ് കൂടിയത്. ബാലുശ്ശേരിക്കു പകരം ലീഗിന്‍െറ കൈവശമുള്ള കുന്ദമംഗലം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍, ലീഗ് മത്സരിക്കുന്ന കൊല്ലത്തെ ഇരവിപുരം സീറ്റ് നല്‍കിയില്ളെങ്കില്‍ കുന്ദമംഗലം വിട്ടുകൊടുക്കേണ്ടന്ന നിലപാട് പാര്‍ട്ടിയില്‍ ശക്തമാണ്. കുന്ദമംഗലത്തെക്കുറിച്ച് ലീഗ് നേതാക്കളും ഒൗദ്യോഗികമായി ഒന്നും പറയുന്നില്ല. ജില്ലയിലെ കോണ്‍ഗ്രസ് ബന്ധം വഷളാക്കരുതെന്നും കുന്ദമംഗലം വിട്ടുകൊടുക്കണമെന്ന അഭിപ്രായവും നേതാക്കള്‍ക്കുണ്ട്. രണ്ടുദിവസത്തിനകം ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കുമെന്നും നേതാക്കള്‍ സൂചന നല്‍കുന്നു. കോണ്‍ഗ്രസിന്‍െറ അഞ്ചു മണ്ഡലങ്ങളില്‍ ബേപ്പൂരില്‍ എം.പി. ആദം മുല്‍സി സ്ഥാനാര്‍ഥിയാവുമെന്ന കാര്യത്തില്‍മാത്രമാണ് ഏറക്കുറെ ഉറപ്പായത്. മറ്റു സീറ്റുകളിലേക്കെല്ലാം നാലും അഞ്ചും പേരുടെ പട്ടിക ഇപ്പോഴും നിലനില്‍ക്കുകയാണ്. പട്ടികയില്‍ തീര്‍പ്പുണ്ടാക്കാന്‍ നേതാക്കള്‍ എല്ലാവരും ഡല്‍ഹിയിലാണ്. ഘടകകക്ഷികള്‍ മത്സരിക്കുന്ന എലത്തൂര്‍, പേരാമ്പ്ര സീറ്റിന്‍െറ കാര്യത്തിലും അന്തിമതീരുമാനമായില്ല. എലത്തൂര്‍ വേണ്ടെന്ന് ജെ.ഡി.യുവും പേരാമ്പ്ര വേണ്ടെന്ന് കേരള കോണ്‍ഗ്രസ് മാണിവിഭാഗവും യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വെച്ചുമാറാന്‍ സീറ്റില്ലാത്തതിനാല്‍ ഒരുറപ്പും കോണ്‍ഗ്രസ് നേതാക്കള്‍ ഇരു ഘടകകക്ഷികള്‍ക്കും നല്‍കിയിട്ടില്ല. കോണ്‍ഗ്രസും ലീഗും അഞ്ചുവീതവും ജെ.ഡി.യു-രണ്ട്, കേരള കോണ്‍ഗ്രസ്-ഒന്ന് എന്നിങ്ങനെയാണ് ജില്ലയില്‍ യു.ഡി.എഫിന്‍െറ നിലവിലെ സീറ്റ് വിഭജനം. മുന്നണി സമവാക്യം നിലനിര്‍ത്തിയുള്ള ധാരണക്കാണ് യു.ഡി.എഫിലെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. മണ്ഡലവും സ്ഥാനാര്‍ഥിയുമെല്ലാം രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.