പ്രവാചകവൈദ്യത്തിന്‍െറ മറവില്‍ തട്ടിപ്പ്: ഷാഫി സുഹൂരിക്കെതിരായ കുറ്റപത്രം ഏപ്രിലില്‍

കോഴിക്കോട്: പ്രവാചകവൈദ്യത്തിന്‍െറ മറവില്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഷാഫി സുഹൂരി എന്ന കാരന്തൂര്‍ പൂളക്കണ്ടി പി.കെ. മുഹമ്മദ് ഷാഫിക്കെതിരെ (43) നേരത്തേ വെള്ളയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏപ്രിലില്‍ കുറ്റപത്രം സമര്‍പ്പിക്കും. ബീച്ച് ആശുപത്രിക്കു സമീപം അബ്ദുല്ല ഫൗണ്ടേഷന്‍ എന്ന പേരില്‍ വ്യാജചികിത്സാലയവും മെഡിക്കല്‍ കോഴ്സും നടത്തിയതിനും പ്രവാചകവൈദ്യമെന്ന പേരില്‍ വ്യാജചികിത്സ നടത്തിയതിനുമാണ് 2014 ഡിസംബറില്‍ ഇയാള്‍ക്കെതിരെ കേസെടുത്തത്. അടുത്തിടെ ലൈംഗികപീഡനത്തിന് പൊലീസ് പിടിയിലായ ഇയാള്‍ക്കെതിരെ പഴയ കേസിന്‍െറ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ അബ്ദുല്ല ഫൗണ്ടേഷന്‍ എന്ന വ്യാജ ചികിത്സാകേന്ദ്രം തന്നെ അടച്ചുപൂട്ടേണ്ടിവരുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. പഠനത്തില്‍ പിന്നാക്കംനില്‍ക്കുന്നതിനുള്ള ചികിത്സയെന്ന പേരില്‍ മലപ്പുറം സ്വദേശിനിയായ യുവതിയെ ശാരീരികമായി ചൂഷണംചെയ്യുകയും കുറ്റിക്കാട്ടൂരില്‍ ഇയാളുടെ കീഴിലുള്ള സ്ഥാപനത്തില്‍ ജോലി നല്‍കുകയും ചെയ്തിരുന്നു. ഇവരുടെ പരാതിയിലാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനം സഹിക്കവയ്യാതെ യുവതി ജോലി ഉപേക്ഷിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു. 2014 മുതല്‍ പലതവണകളായി തന്നെ പീഡിപ്പിച്ചതായി ഇവര്‍ മജിസ്ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. സാമ്പത്തിക, ലൈംഗിക ചൂഷണത്തിന്‍െറ മറയായിരുന്നു സുഹൂരിക്ക് ചികിത്സയെങ്കിലും ഇത്തരത്തില്‍ കേസ് ചുമത്താതെയാണ് കുറ്റപത്രം തയാറാക്കിയതെന്നാണ് സൂചന. 10 വര്‍ഷത്തോളമായി കാന്‍സര്‍, കിഡ്നി രോഗങ്ങള്‍ക്ക് ഇയാള്‍ അനധികൃത ചികിത്സ നടത്തുന്നു. ചികിത്സക്കിടെ രോഗി മരിച്ച സംഭവംവരെ ഉണ്ടായിട്ടും ഇയാള്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തനം തുടര്‍ന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.