വയല്‍നികത്തല്‍, അനധികൃത ക്വാറി ഖനനം: ജില്ലാ ഭരണകൂടം കര്‍ശന നടപടിക്ക്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് മുതലെടുത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വയല്‍നികത്തലിനും അനധികൃത ക്വാറിയിങ്, മണലൂറ്റല്‍, മണല്‍കടത്ത് എന്നിവക്കുമെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. റവന്യൂ, ജിയോളജി, മറ്റു വകുപ്പുകള്‍ എന്നിവയിലെ ഉദ്യോഗസ്ഥര്‍ തിരക്കുകളിലാവുമെന്നതിനാല്‍ നടപടിയുണ്ടാവില്ല എന്ന ധൈര്യത്തിലാണ് വയല്‍, ക്വാറി മാഫിയ രംഗത്തിറങ്ങിയിരിക്കുന്നത്. രാപ്പകല്‍ ഭേദമന്യേ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിയമലംഘനം ഉണ്ടായിട്ടും നടപടിയുണ്ടാവുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നേതൃത്വത്തില്‍ നടപടിക്കൊരുങ്ങുന്നത്. നോട്ടീസയക്കുക തുടങ്ങിയ നാമമാത്ര നടപടികള്‍ക്കുപകരം പ്രകടമായ ശിക്ഷാനടപടികള്‍ നിയമംലംഘകര്‍ക്കെതിരെ കൈക്കൊള്ളാനാണ് നിര്‍ദേശം. ഇതിന്‍െറ ഭാഗമായി, ബുധനാഴ്ചതന്നെ ഇതിന് വേണ്ട ആക്ഷന്‍ പ്ളാന്‍ തയാറാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ പരാതി ലഭിക്കുന്ന സ്ഥലങ്ങളില്‍ റെയ്ഡുകള്‍ ഉണ്ടാകും. തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന മുഴുവന്‍ ക്വാറികളിലും പരിശോധന നടത്തി, നിയമപ്രകാരമല്ലാതെ പ്രവര്‍ത്തിക്കുന്നവ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളാനാണ് നിര്‍ദേശം. ഇക്കാര്യം കൃത്യമായി നടക്കുന്നുവെന്ന് സബ്കലക്ടര്‍ ഉറപ്പുവരുത്തണം. പരിശോധന നടത്തിയ ക്വാറികളുടെ ചിത്രങ്ങള്‍, ക്വാറി ഉടമകളുടെ പക്കലുള്ള നിയമപരമായ രേഖകള്‍, അനധികൃത ക്വാറികള്‍ക്കെതിരെ കൈക്കൊണ്ട നടപടികള്‍ തുടങ്ങിയ വിശദാംശങ്ങളടങ്ങിയ വാരാന്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നു. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് അന്വേഷണം നടത്തി കടുത്ത ശിക്ഷാനടപടികള്‍ കൈക്കൊള്ളാന്‍ സബ്കലക്ടര്‍ നോഡല്‍ ഓഫിസറും താലൂക്ക് തഹസില്‍ദാര്‍മാര്‍, വില്ളേജ് ഓഫിസര്‍മാര്‍ എന്നിവര്‍ അംഗങ്ങളുമായി പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു. ഇതിനുപുറമെ, ജില്ലയില്‍ അധികരിച്ചുവരുന്ന അനധികൃത മണലൂറ്റല്‍, മണല്‍കടത്ത് എന്നിവയും കണ്ടത്തെി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഇതിനാവശ്യമായ പൊലീസ് സുരക്ഷ ലഭ്യമാക്കുമെന്നും കലക്ടര്‍ അറിയിച്ചു. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്‍െറ 13ാം വകുപ്പ് പ്രകാരം, അനധികൃതമായി നികത്തിയ വയലുകളും നീര്‍ത്തടങ്ങളും പൂര്‍വസ്ഥിതിയിലേക്ക് മാറ്റണമെന്ന കലക്ടറുടെ ഉത്തരവ് നടപ്പാക്കാത്ത കേസുകളും സ്ക്വാഡിന്‍െറ പരിശോധനാപരിധിയില്‍ വരും. ഇവയെക്കുറിച്ചുള്ള വിവരങ്ങളും പ്രതിവാര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.