കൊടുവള്ളിയില്‍ ചിത്രം പൂര്‍ണമാകുന്നു

കൊടുവള്ളി: കൊടുവള്ളിയില്‍ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളെല്ലാം സ്ഥാനാര്‍ഥികളെ നിര്‍ണയിച്ച് പ്രചാരണ പരിപാടികളിലേക്ക് പ്രവേശിച്ചതോടെ തെരഞ്ഞെടുപ്പുചിത്രം പൂര്‍ണമാകുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയായിരുന്ന എം.എ. റസാഖും, ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മണ്ഡലം മുസ്ലിം ലീഗ് ജന. സെക്രട്ടറിയായിരുന്ന കാരാട്ട് അബ്ദുല്‍ റസാഖും പ്രചാരണത്തില്‍ സജീവമായിട്ടുണ്ട്. ഇവര്‍ തമ്മിലാവും പ്രധാന മത്സരം. ബി.ജെ.പി സിനിമാ സംവിധായകനായ അലി അക്ബറിനെയാണ് രംഗത്തിറക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലത്തില്‍ ജില്ലാ കമ്മിറ്റി അംഗംകൂടിയായ അഡ്വ. പി.കെ. സകരിയ്യയെയാണ് സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയത്. എസ്.ഡി.പി.ഐയും സ്ഥാനാര്‍ഥിയെ രംഗത്തിറക്കുന്നുണ്ട്. എം.എ. റസാഖും, കാരാട്ട് റസാഖും സകരിയ്യയും പ്രചാരണപരിപാടികള്‍ക്ക് നേരത്തേതന്നെ തുടക്കംകുറിച്ചിട്ടുണ്ട്. ബി.ജെ.പിയും കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചുവരുന്നു. യു.ഡി.എഫ് മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചതിനുശേഷം പഞ്ചായത്ത് ബൂത്തുതല കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമിട്ടു. എല്‍.ഡി.എഫ് മണ്ഡലം കണ്‍വെന്‍ഷന്‍ ഏപ്രില്‍ ഒമ്പതിനാവും നടത്തുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊടുവള്ളി മണ്ഡലത്തിലെ രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം 28ന് ഇലക്ഷന്‍ കമീഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. കാരാട്ട് റസാഖിന്‍െറ സ്ഥാനാര്‍ഥിത്വത്തിനെതിരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രാദേശികഘടകങ്ങള്‍ സംസ്ഥാനനേതൃത്വത്തിന് പരാതിനല്‍കിയതായുള്ള വാര്‍ത്തകള്‍ക്കെതിരെ സി.പി.എം ഏരിയാ നേതൃത്വം നിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. വാസ്തവവിരുദ്ധമായ പ്രചാരണമാണ് നടക്കുന്നതെന്നും യു.ഡി.എഫ് നേതൃത്വം പടച്ചുണ്ടാക്കി പത്രമാധ്യമങ്ങള്‍ക്ക് നല്‍കിയതാണെന്നും പറയുന്നു. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതിനല്‍കാനുള്ള തയാറെടുപ്പിലാണത്രെ. കാരാട്ട് റസാഖിന്‍െറ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചതോടെ സി.പി.എം പ്രവര്‍ത്തകരും പ്രചാരണരംഗത്ത് സജീവമായിട്ടുണ്ട്. അതേസമയം, കൊടുവള്ളിയിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പുതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി നേതൃത്വം ഇടപെട്ട് സംയുക്ത കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാന്‍ കഴിഞ്ഞദിവസം നടത്തിയ ശ്രമങ്ങള്‍ നടക്കാതെപോവുകയുണ്ടായി. ഉടന്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് നേതൃത്വം പറയുന്നത്. മുസ്ലിം ലീഗില്‍ ചില പ്രാദേശിക ഘടകങ്ങളില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. കൊടുവള്ളിയില്‍ പ്രധാന രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ഥിചിത്രം വ്യക്തമായതോടെ വരുംദിവസങ്ങളില്‍ പ്രചാരണരംഗം കൂടുതല്‍ സജീവമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.