നരിക്കാട്ടേരി, കുമ്മങ്കോട് സ്ഫോടനം: പൊലീസ് ഇരുട്ടില്‍ തപ്പുന്നു

നാദാപുരം: നരിക്കാട്ടേരി, കുമ്മങ്കോട് സ്ഫോടന സംഭവങ്ങളിലെ പ്രതികളെ പിടികൂടാന്‍ കഴിയാതെ പൊലീസ് അന്വേഷണം ഇഴയുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ മൂന്നിടങ്ങളിലാണ് ബോംബാക്രമണങ്ങള്‍ നടന്നത്. നരിക്കാട്ടേരി കുളങ്ങരത്ത് പാലത്തിനു സമീപം നാലു യുവാക്കള്‍ക്ക് ബോംബേറില്‍ പരിക്കേറ്റത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഇതിന്‍െറ തുടര്‍ച്ചയായി ബുധനാഴ്ച കല്ലാച്ചി വാണിയൂര്‍ റോഡില്‍ മറ്റൊരു യുവാവിന് ബോംബേറില്‍ പരിക്കേറ്റു. ഇതിനുശേഷം കുമ്മങ്കോട് വീടിനും ഓട്ടോറിക്ഷക്കും നേരെ ബോംബേറ് നടന്നു. ഈ സംഭവങ്ങളിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടും പൊലീസ് പിടികൂടുന്നില്ളെന്നാണ് സി.പി.എം-ലീഗ് കക്ഷികള്‍ ആരോപിക്കുന്നത്. പരിക്കേറ്റവരില്‍ ഒരാളൊഴികെ എല്ലാവരും സി.പി.എം, ലീഗ് പ്രവര്‍ത്തകരാണ്. ഒരാള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനും. പ്രതികളെ പിടിക്കാത്ത പൊലീസ് നിലപാടില്‍ പ്രതിഷേധിച്ച് നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് തിങ്കളാഴ്ച നാദാപുരം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമസമാധാനവും സംഘര്‍ഷാവസ്ഥയും നിയന്ത്രണവിധേയമാക്കി എന്നതു മാത്രമാണ് പൊലീസ് ഇതിനകം ചെയ്തത്. കണ്ണൂരില്‍നിന്നടക്കം എത്തിയ ബോംബ് തിരച്ചില്‍സംഘം വെറുംകൈയോടെ മടങ്ങി. ബോംബുകള്‍ സൂക്ഷിച്ചുവെക്കുന്ന രീതി മാറ്റി ബോംബുകള്‍ ആവശ്യത്തിന് തല്‍സമയം ഉണ്ടാക്കുകയാണ് അക്രമികള്‍ ചെയ്യുന്നതെന്നാണ് തിരച്ചിലില്‍ ബോംബുകള്‍ ലഭിക്കാത്തതിനെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നത്. വിപണിയില്‍ ലഭ്യമായ പടക്കങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ ബോംബുകള്‍ നിര്‍മിക്കുന്നതെന്ന് നാദാപുരം സി.ഐ കെ.എം. ഷാജി പറഞ്ഞു. യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ നാട്ടുകാരുടെ സഹായം ലഭിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. കേസന്വേഷണത്തിന് സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയില്ല. രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ നല്‍കുന്ന പ്രതിലിസ്റ്റ് നോക്കി ആളെ അറസ്റ്റ് ചെയ്യുന്ന പതിവുരീതിയാണ് ഇപ്പോള്‍ പൊലീസ് തെറ്റിച്ചിരിക്കുന്നത്. തങ്ങള്‍ നല്‍കുന്ന പ്രതിലിസ്റ്റ് യഥാര്‍ഥമല്ളെങ്കില്‍, യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ എന്തുകൊണ്ടാണ് പൊലീസിന് കഴിയാത്തതെന്നാണ് പ്രാദേശിക നേതൃത്വത്തിന്‍െറ ചോദ്യം. ഫലത്തില്‍ സ്ഫോടനസംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും സാമൂഹിക വിരുദ്ധ സംഘങ്ങള്‍ക്ക് സഹായകരമായ നിലപാടാണ് ദൗര്‍ഭാഗ്യവശാല്‍ മേഖലയില്‍ എല്ലാവരും സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. പ്രതികളെ കണ്ടത്തൊന്‍ സഹായകരമാകുംവിധം അന്വേഷണം ശാസ്ത്രീയമാക്കാന്‍ കഴിയാത്ത പൊലീസ് പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനടക്കം ഒരാഴ്ചയിലധികമായി നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. രാത്രി ഒമ്പതിനുശേഷം ബൈക്ക് ഉപയോഗത്തിനും കട തുറക്കുന്നതിനുമാണ് വിലക്കേര്‍പ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.