അനുമതി ലഭിച്ചാല്‍ വിഷുക്കൈനീട്ടമായി വൈദ്യുതി ട്രെയിന്‍ ഓടും

കോഴിക്കോട്: സുരക്ഷാ കമീ ഷണറുടെ പരിശോധനയും വിജയകരമായി പൂര്‍ത്തിയായതോടെ മലബാറിന്‍െറ തീവണ്ടിയാത്രകള്‍ ഇനി വൈദ്യുതിയിലാകും. ദക്ഷിണ മേഖല റെയില്‍വെ സുരക്ഷാ വിഭാഗം കമീഷണര്‍ എസ്.കെ. മിത്തല്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ റെയില്‍വേ അധികൃതര്‍ വേഗത്തില്‍ നടപടികളെടുത്താല്‍ ഏപ്രില്‍ ആദ്യം തന്നെ വൈദ്യുതി എന്‍ജിനില്‍ സര്‍വിസ് നടത്താനാകും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍െറ പരിധിയില്‍ വരുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി തേടിയ ശേഷമായിരിക്കും വൈദ്യുതി വണ്ടികള്‍ ഓടിക്കുന്നതിനുള്ള തീരുമാനമുണ്ടാകുക. ഇനിയുള്ള നടപടിക്രമങ്ങള്‍ക്കായി ചുരുങ്ങിയത് ഒരാഴ്ചത്തെ സമയമെങ്കിലും വേണമെന്നാണ് സുരക്ഷാ കമീഷണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അനുമതി ലഭിച്ചാല്‍ പാസഞ്ചര്‍, ഗുഡ്സ് തീവണ്ടികള്‍ക്ക് പുറമെ മലബാറിലെ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റി, കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ്, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി തുടങ്ങിയ ട്രെയിനുകള്‍ വൈദ്യുതിയില്‍ ഓടിക്കാനാകും. ഏപ്രില്‍ ആദ്യവാരമോ മധ്യത്തോടെയോ ആയിരിക്കും വൈദ്യുതിയില്‍ സര്‍വിസ് ആരംഭിക്കുക. ചെറുവത്തൂര്‍വരെ പാത വൈദ്യുതീകരണം പൂര്‍ത്തിയായെങ്കിലും സ്റ്റേഷനിലെ സൗകര്യം കണക്കിലെടുത്ത് കണ്ണൂര്‍വരെയായിരിക്കും വൈദ്യുതി എന്‍ജിന്‍ ഘടിപ്പിച്ച തീവണ്ടികള്‍ സര്‍വിസ് നടത്തുക. നിലവില്‍ ഷൊറണൂര്‍ മുതല്‍ ഫറോക്കുവരെയുള്ള പാതയിലേക്ക് ഷൊര്‍ണൂര്‍ സബ് സ്റ്റേഷനില്‍നിന്നും ഫറോക്ക് മുതല്‍ ചെറുവത്തൂര്‍വരെയുള്ള ഭാഗത്തേക്ക് കണ്ണൂര്‍ സൗത് സബ് സ്റ്റേഷനില്‍നിന്നുമാണ് വൈദ്യുതി ലഭ്യമാക്കുന്നത്. അതിനാല്‍ കണ്ണൂരില്‍നിന്നും കോഴിക്കോടുനിന്നും ആരംഭിക്കുന്ന തീവണ്ടി സര്‍വിസുകള്‍ ആദ്യഘട്ടത്തില്‍ മറ്റു തടസ്സങ്ങളില്ലാതെ വൈദ്യുതിയിലേക്ക് മാറ്റാം. കാര്യങ്ങള്‍ വേഗത്തിലാക്കി റെയില്‍വേ അധികൃതര്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി തേടിയാല്‍ അത് ഈ അവധിക്കാലത്ത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകും. ഇതോടെ ഷൊര്‍ണൂരില്‍ എന്‍ജിന്‍ മാറ്റാനായി നിര്‍ത്തിയിടുന്ന സമയവും ലാഭിക്കാം. പലപ്പോഴും എന്‍ജിന്‍മാറ്റത്തിനായി 20 മിനിട്ടിലധികം ഷൊര്‍ണൂര്‍ ജങ്ഷനില്‍ വണ്ടികള്‍ പിടിച്ചിടാറുണ്ട്. ഇതിനുപുറമെ തീവണ്ടിയുടെ വേഗം കൂടുന്നതിനാല്‍ യാത്രാസമയവും ലാഭിക്കാം. എലത്തൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെ സബ്സ്റ്റേഷന്‍ നിര്‍മാണവും ചെറുവത്തൂര്‍-മംഗളൂരു പാത വൈദ്യുതീകരണവും പൂര്‍ത്തിയായിട്ടില്ല. എലത്തൂരിലെ സബ് സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാകാന്‍ ചുരുങ്ങിയത് ആറുമാസമെങ്കിലും എടുക്കും. ഈ രണ്ടു സബ് സ്റ്റേഷനുകളുടെ നിര്‍മാണം കൂടി പൂര്‍ത്തിയായാല്‍ മലബാറിലേക്കുള്ള ട്രെയിന്‍യാത്ര കൂടുതല്‍ സുഗമമാകും. ഒപ്പം ഭാവിയില്‍ കൂടുതല്‍ സര്‍വിസുകള്‍ തുടങ്ങാനും കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.